
വൈദ്യുതി ബില്ല് കൂടുതലാണോ? വീട്ടുപകരണങ്ങൾ ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ ഒഴിവാക്കാം
ഇന്നത്തെ കാലത്ത് വീടുകളിൽ ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ എണ്ണം രണ്ടക്കത്തിൽ എത്തിനിൽക്കുകയാണ്. ഫ്രിഡ്ജ്, ഓവൻ, മൈക്രോവേവ്, വാഷർ തുടങ്ങി ഓരോ വീടുകളിലും ചെറുതും വലുതുമായ പല തരത്തിലുള്ള ഉപകരണങ്ങളുണ്ട്.
നിരവധി ഉപകരണങ്ങൾ ഉള്ളതുകൊണ്ട് തന്നെ അത് ഉപയോഗിക്കുന്നതിൽ പല അബദ്ധങ്ങളും ഉണ്ടാവാനുള്ള സാധ്യതയും വളരെ കൂടുതലാണ്. അശ്രദ്ധയോടെ ഇലക്ട്രിക്ക് ഉപകരണങ്ങൾ ഉപയോഗിച്ചാൽ നിങ്ങളുടെ വൈദ്യുതി ബില്ലും കൂടാൻ കാരണമാകുന്നു. ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ.
ഉപയോഗ ശേഷം ഉപകരണങ്ങൾ അൺപ്ലഗ് ചെയ്യാൻ മറക്കുന്നു
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉപയോഗിച്ചതിന് ശേഷം ഉപകരണങ്ങൾ പ്ലഗ് ഓഫ് ചെയ്യാൻ മറക്കുന്നവരാണ് നമ്മളിൽ പലരും. വൈദ്യുതി ബില്ല് കുറക്കാൻ ആദ്യമായി ചെയ്യേണ്ട കാര്യം ഇതാണ്. വീടിന്റെ ഓരോ ഭാഗത്തും നിങ്ങൾ നടന്നു നോക്കിയാൽ അറിയാം, ഓരോ ഇടങ്ങളിലും ലാപ്ടോപ്പ്, പ്രിന്റർ, കോഫി മേക്കർ, ഫോൺ ചാർജറുകൾ, മറ്റ് ഉപകരണങ്ങൾ എന്നിവ ഉപയോഗമില്ലെങ്കിലും പ്ലഗ് ഓൺ ചെയ്ത വെച്ചിരിക്കുന്നത് കാണാൻ സാധിക്കും. ടിവിയും വീഡിയോ ഗെയിം കൺസോളുകളും ഉപയോഗിക്കാതിരുന്നാലും പ്ലഗ് ഇൻ ചെയ്തിരുന്നാൽ അവയിൽ ഊർജ്ജമുണ്ടാകുന്നു. ഉപകരണങ്ങളുടെ വലിപ്പം നോക്കിയല്ല എത്ര ഊർജ്ജം ഉപയോഗിക്കുമെന്ന് മനസിലാക്കേണ്ടത് മറിച്ച് അവ ഉപയോഗിക്കുന്ന രീതിയാണ് ശ്രദ്ധിക്കേണ്ടത്.
‘പീക്ക്’ സമയങ്ങളിൽ വീട്ടുപകരണങ്ങൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കാം
വൈദ്യുതി ബില്ല് ശ്രദ്ധിച്ചാൽ മനസിലാകും വൈദ്യുതി നിരക്ക് അമിതമായി ഈടാക്കുന്നത് പീക്ക് സമയങ്ങളിൽ വീട്ടുപകരണങ്ങൾ ഉപയോഗിക്കുമ്പോൾ ആണ്. ഉച്ചസമയങ്ങളിലാണ് അധികവും വീട്ടുപകരണങ്ങൾ പ്രവർത്തിക്കുന്നത്.
ഡിഷ് വാഷർ, വാഷർ, ഡ്രയർ ഒക്കെ ഉപയോഗിക്കുമ്പോൾ രാത്രി വൈകിയോ അല്ലെങ്കിൽ അതിരാവിലെയോ ഉപയോഗിക്കാൻ ശ്രദ്ധിക്കാം. ഈ സമയങ്ങളിൽ നിരക്ക് കുറവായതുകൊണ്ട് തന്നെ വൈദ്യുതി നിരക്കും കുറവായിരിക്കും.
കാലഹരണപ്പെട്ടതോ പരിപാലിക്കാത്തതോ ആയ എച്ച്.വി.എ.സി സിസ്റ്റം
അടച്ചിട്ട സ്ഥലത്തിനുള്ളിൽ താപനില, ഈർപ്പം, വായുവിന്റെ ഗുണനിലവാരം എന്നിവ നിയന്ത്രിക്കുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഒരു സംവിധാനമാണ് എച്ച്.വി.എ.സി സംവിധാനം. ചൂടാക്കുവാനും തണുപ്പിക്കുവാനും ഉപയോഗിക്കുന്ന ഉപകരണങ്ങൾക്കാണ് കൂടുതൽ ഊർജ്ജം വേണ്ടിവരുന്നത്. അതുകൊണ്ട് തന്നെ നിങ്ങളുടെ എച്ച്.വി.എ.സി സിസ്റ്റം മികച്ചതാണെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. പഴയതോ, ഉപയോഗിക്കാത്തതോ ആയ എച്ച്.വി.എ.സി സംവിധാനം അമിത വൈദ്യുതി നിരക്കുണ്ടാവാൻ കാരണമാകുന്നു. നിങ്ങൾ ഉപയോഗിക്കുന്ന ഉപകരണങ്ങൾക്ക് 10 വർഷത്തെ ഉറപ്പുണ്ടെങ്കിലും പലതവണ അറ്റകുറ്റപണികൾ ചെയ്യേണ്ടതായി വരുന്നു. ചിലപ്പോൾ ഉപകരണങ്ങൾ മാറ്റിവാങ്ങേണ്ടതായും വരും.
എച്ച്.വി.എ.സി സിസ്റ്റം മൊത്തമായി മാറ്റുന്നത് ചിലവേറിയ കാര്യമാണെങ്കിലും പുതിയത് കൂടുതൽ ഊർജ്ജക്ഷമതയുള്ളതും ദീർഘകാലത്തേക്ക് ഉപയോഗിക്കാൻ കഴിയുന്നതുമാണ്. നിരന്തരമായി പരിശോധിച്ച് ഫിൽറ്ററുകൾ മാറ്റുകയും കൃത്യമായ ഇടവേളകളിൽ തകരാറുകൾ പരിശോധിക്കുകയും ചെയ്യുന്നത് നിങ്ങളുടെ ഉപകരണങ്ങൾ കൂടുതൽ ഈടുനിൽക്കാൻ സഹായിക്കുന്നു.
വീട്ടുപകരണങ്ങളുടെ കാര്യക്ഷമതയില്ലായ്മ
എല്ലാ വീട്ടുപകരണങ്ങളിലും ഒന്നിലധികം ഊർജ്ജ സംരക്ഷണ ക്രമീകരണങ്ങൾ ഉണ്ടായിരിക്കും. അതിനാൽ തന്നെ ഓരോ ഉപകരണങ്ങളും കൃത്യമായ രീതിയിൽ ഉപയോഗിക്കാൻ ശ്രദ്ധിക്കണം. വാഷിംഗ് മെഷീൻ, ഡിഷ് വാഷർ എന്നിവ ഉപയോഗിക്കുമ്പോൾ ഫിൽറ്ററുകൾ വൃത്തിയാക്കുകയും, ഇടക്ക് സർവീസുകൾ ചെയ്യുകയും വേണം. ഫ്രിഡ്ജ് ഉപയോഗിക്കുമ്പോൾ ടെമ്പറേച്ചർ സെറ്റിങ് മനസിലാക്കി തണുപ്പ് തുല്യമായി ലഭിക്കുന്ന രീതിയിൽ സെറ്റ് ചെയ്യണം. ഇത്തരം ചെറിയ കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ നിങ്ങളുടെ വൈദ്യുതി നിരക്ക് കുറക്കാൻ സാധിക്കുന്നതാണ്.