
കൊച്ചി: പുതുവർഷത്തിൽ ബാറ്ററിയില്‍ വൈദ്യുതി സംഭരിക്കുന്ന പദ്ധതിയിലേക്ക് സംസ്ഥാനം ചുവടുവെക്കുകയാണ്. കേരളത്തിനായി 125 മെഗാവാട്ട് ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റത്തിന് (ബി.ഇ.എസ്.എസ്.) സോളാർ എനർജി കോർപ്പറേഷൻ ടെൻഡർ ക്ഷണിച്ചു.സംസ്ഥാനത്ത് ഘട്ടംഘട്ടമായി 3,300 മെഗാവാട്ട് ബാറ്ററി സ്റ്റോറേജ് സംവിധാനത്തിനാണ് ലക്ഷ്യമിടുന്നത്. നേരത്തേ വൈദ്യുതി ബോർഡ് 10 മെഗാവാട്ടിന്റെ ബെസ്സിനായി ടെൻഡർ ക്ഷണിച്ചിരുന്നു. അതിന് പ്രതികരണമുണ്ടായില്ല.
ഇതേത്തുടർന്നാണ് സോളാർ എനർജി കോർപ്പറേഷനെ (സെക്കി) സമീപിച്ചത്. സെക്കി വിളിക്കുന്ന ടെൻഡറില്‍ വൻകിട ഗ്രൂപ്പുകള്‍ പങ്കെടുക്കുമെന്നത് ഉറപ്പാണ്. വൈദ്യുതിബോർഡ് നല്‍കുന്ന സ്ഥലത്തായിരിക്കും സ്വകാര്യകമ്പനി ‘ബെസ്സ്’ സ്ഥാപിക്കുക. ഇതില്‍ സംഭരിക്കാനുള്ള വൈദ്യുതിയും ബോർഡ് നല്‍കണം. പകല്‍ സറണ്ടർ ചെയ്യുന്ന വൈദ്യുതി ബെസ്സിലേക്ക് നല്‍കും.
വൈദ്യുതിബോർഡ് നിർദേശിക്കുന്ന സ്ഥലത്തായിരിക്കും ഇത് സ്ഥാപിക്കുക. പകല്‍ ‘ബെസ്സി’ല്‍ കയറ്റുന്ന വൈദ്യുതി രാത്രിയില്‍ ഉപയോഗിക്കാനാകുന്ന വലിയ വിപ്ലവമാണ് വരാൻ പോകുന്നത്. ടാറ്റയും അദാനിയും മറ്റുമാണ് ബെസ്സ് രംഗത്തെ അതികായർ.സംസ്ഥാനത്ത് പകല്‍ വൈദ്യുതിലഭ്യത അധികമാണ്. അതേസമയം, രാത്രിയില്‍ ക്ഷാമവും. പകല്‍ ലഭിക്കുന്ന വൈദ്യുതിയില്‍ ശരാശരി 150 കോടി യൂണിറ്റ് ഒരുവർഷം ഉപയോഗിക്കാതെ തിരിച്ചുനല്‍കുന്നുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സറണ്ടർചെയ്യുന്ന വൈദ്യുതിക്ക് ഫിക്സഡ് ചാർജ് ഇനത്തില്‍ യൂണിറ്റിന് നാലു രൂപയോളം നല്‍കണം. വൈദ്യുതി നഷ്ടത്തിനുപുറമേ 600 കോടി രൂപയോളം ഫിക്സഡ് ചാർജായും നഷ്ടം വരുന്നു.സറണ്ടർ ചെയ്യുന്ന വൈദ്യുതി ‘ബെസ്സി’ല്‍ കയറ്റാനായാല്‍ ഇത് ഒഴിവാക്കാനാകും.
125 മെഗാവാട്ട് ശേഷിയുള്ള ബെസ്സില്‍നിന്ന് നാലുമണിക്കൂർ നേരത്തേക്ക് പ്രതിദിനം അഞ്ച് ലക്ഷം യൂണിറ്റ് രാത്രി ഏടുക്കാനാകും.ഉപയോഗിക്കുന്ന മണിക്കൂറിനനുസരിച്ചാണ് കമ്പനിക്ക് പണം നല്‍കേണ്ടി വരുക. ഗുജറാത്ത് ടെൻഡർ ക്ഷണിച്ചതില്‍ ഒരുമെഗാവാട്ട് രണ്ട് മണിക്കൂറിന് ഉപയോഗിക്കുന്നതിനാണ് ഒരുമാസത്തേക്ക് 3.41 ലക്ഷം രൂപ വന്നത്.