
തിരുവനന്തപുരം: ഇലക്‌ട്രിക് ബസുകളെച്ചൊല്ലി തിരുവനന്തപുരം കോര്‍പ്പറേഷനും കെഎസ്‌ആര്‍ടിസിയും തമ്മില്‍ പോരു മുറുകുന്നു. സ്മാര്‍ട്ട് സിറ്റിയുടെ ഭാഗമായി കോര്‍പ്പറേഷന്‍ കെഎസ്‌ആര്‍ടിസിക്കു നല്‍കിയ ഇലക്‌ട്രിക് ബസുകള്‍ നഗരത്തിനുള്ളില്‍ തന്നെ ഓടിയാല്‍ മതിയെന്നാണ് മേയര്‍ വി വി രാജേഷ് നിര്‍ദേശം നല്‍കിയത്.
കോര്‍പ്പറേഷന് കൃത്യമായ ലാഭവിഹിതം ലഭിക്കണമെന്നും മേയര്‍ ആവശ്യപ്പെട്ടു.നഗരസഭാ പരിധിയില്‍ സര്‍വീസ് നടത്തേണ്ട ബസുകള്‍ നഗരത്തിനു പുറത്ത് സര്‍വീസ് നടത്തുകയാണ്. കോര്‍പ്പറേഷനുമായുള്ള ധാരണയ്ക്ക് വിരുദ്ധമായി കെഎസ്‌ആര്‍ടിസി നടത്തുന്ന ഏകപക്ഷീയമായ നിലപാടുകള്‍ അംഗീകരിക്കാനാവില്ല. നഗരത്തിന് പുറത്തേക്ക് നല്‍കിയ ബസുകള്‍ ഉടന്‍ തിരിച്ചെത്തിക്കണമെന്നും മേയര്‍ രാജേഷ് ആവശ്യപ്പെട്ടു.
നഗരത്തിലെ ഗതാഗത സംവിധാനത്തെ ശക്തിപ്പെടുത്താനും ഹരിതനഗരം എന്ന ആശയം നടപ്പിലാക്കാനും വേണ്ടിയാണ് സിറ്റി സർക്കുലർ ഇ-ബസ് സംവിധാനം കൊണ്ടുവന്നത്. കേന്ദ്രസർക്കാറിന്റെ സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി കോർപ്പറേഷന്റെ സഹായത്തോടെ വാങ്ങിയ ഇ-ബസുകളാണ് കെഎസ്‌ആർടിസി ഇഷ്ടാനുസരണം പുറത്തേക്ക് നീട്ടിയത്. കരാർ മാറ്റാൻ ഒന്നോ രണ്ടോ വ്യക്തികള്‍ക്ക് അധികാരമില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇ- ബസുകള്‍ കേന്ദ്രം തിരുവനന്തപുരം കോർപ്പറേഷന് നല്‍കിയതാണ്. കോർപ്പറേഷന് കിട്ടിയത് കോർപ്പറേഷനിലുളളവർക്ക് ഉപകാരപ്പെടണം. കെഎസ്‌ആർടിസിയുമായുള്ള കരാർ രേഖകള്‍ പരിശോധിക്കുമെന്നും മേയർ വിവി രാജേഷ് പറഞ്ഞു.113 ഇലക്‌ട്രിക് ബസുകളാണ് സിറ്റി സർക്കുലറില്‍ ഉണ്ടായിരുന്നത്. പൊതുഗതാഗത സംവിധാനങ്ങള്‍ ഇല്ലാതിരുന്ന സ്ഥലങ്ങള്‍ കൂടി ഉള്‍പ്പെടുത്തി ഓഫീസുകള്‍, ആശുപത്രികള്‍, വിനോദസഞ്ചാരകേന്ദ്രങ്ങള്‍ തുടങ്ങിയവയെ ബന്ധിപ്പിച്ചായിരുന്നു സിറ്റി സർക്കുലർ ബസുകള്‍ ആരംഭിച്ചത്.
എന്നാല്‍ തലസ്ഥാനത്തേക്കുള്ള യാത്രക്കാരെ കൊണ്ടുവരാനാണ് പുറത്തേക്ക് സര്‍വീസ് നീട്ടിയതെന്നാണ് കെഎസ്‌ആര്‍ടിസി പറയുന്നത്. മേയറുടെ നിര്‍ദേശപ്രകാരം സര്‍വീസ് നടത്താനാകില്ല. കോര്‍പ്പറേഷന്‍ പറയുന്ന പോലെ നഗരസഭ പരിധിക്കുള്ളില്‍ സര്‍വീസ് അവസാനിപ്പിച്ചാല്‍, കോര്‍പ്പറേഷന്‍ പരിധിയുടെ അതിര്‍ത്തി വരുന്നയിടത്ത് ബസ് ചാര്‍ജ് ചെയ്യാനുള്ള സൗകര്യമില്ല എന്നും കെഎസ്‌ആര്‍ടിസി അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. നഷ്ടത്തില്‍ ഓടിക്കാനാകില്ലെന്നും കെഎസ്‌ആര്‍ടിസി വ്യക്തമാക്കുന്നുണ്ട്.




