250 വോട്ട് കിട്ടി ജയിക്കുമെന്ന കണക്കുകൂട്ടലിലാണ് നിന്നത്; ഫലം വന്നപ്പോൾ ഞെട്ടി;ഒരേ ഒരു വോട്ട് മാത്രം; എന്നാലും ആരാടാ അത്, തനിക്ക് വോട്ട് ചെയ്ത ഏക വോട്ടറെ തേടി ഒരു സ്ഥാനാർത്ഥി

Spread the love

പത്തനംതിട്ട:തദ്ദേശ തിരഞ്ഞെടുപ്പില്‍ വിജയ പ്രതീക്ഷയില്‍ സ്വതന്ത്രനായി നിന്നു. വാർഡില്‍ തനിക്കോ കുടുംബത്തിനോ വോട്ടില്ലെങ്കിലും അറിയാവുന്നവരും ബന്ധുക്കളുമായി 350ഓളം പേരുണ്ട്‌.

video
play-sharp-fill

അവരുടെ വോട്ട് കിട്ടുമെന്നായിരുന്നു വിശ്വാസം. ഒടുവില്‍ ഫലം വന്നപ്പോള്‍ സ്ഥാനാർത്ഥിക്ക് കിട്ടിയതാകട്ടെ ഒരു വോട്ട്. പരിചയക്കാരും ബന്ധുക്കളും കൈവിട്ടപ്പോള്‍ തനിക്ക് താങ്ങായി ഒരു വോട്ട് ചെയ്തതാരെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് സ്ഥാനാർത്ഥി.

പത്തനംതിട്ട നഗരസഭയിലെ ചുരുളിക്കോട് 24-ാംവാർഡില്‍ നിന്ന് മത്സരിച്ച എബ്രഹാം പി എസ് എന്ന സോണിയാണ് തന്റെ ഏക വോട്ടറെ തേടി അലയുന്നത്. പത്തനംതിട്ട നഗരത്തോട് ചേർന്ന് ഒരു മൊബൈല്‍ ഷോപ്പ് നടത്തുകയാണ് സോണി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തനിക്കോ കുടുംബത്തിനോ ഈ വാർഡില്‍ വോട്ടില്ലെങ്കിലും 350ഓളം വരുന്ന പരിചയക്കാരെയും ബന്ധുക്കളെയും വിശ്വസിച്ചാണ് എബ്രഹാം, മൊബൈല്‍ ഫോണ്‍‌ ചിഹ്നത്തില്‍ പോരിനിറങ്ങിയത്. ഇതില്‍ 100 പേരെ ഒഴിവാക്കിയാലും 250 വോട്ട് നേടി വിജയിക്കാനാകുമെന്ന് അദ്ദേഹം ഉറച്ചുവിശ്വസിച്ചു.

എന്നാല്‍ ഫലം വന്നപ്പോള്‍ ഒരു വോട്ട് മാത്രമാണ് കിട്ടിയത്. ആരാണ് തനിക്ക് വോട്ട് ചെയ്തതെന്ന ആകാംക്ഷയിലും കൗതുകത്തിലും വോട്ടറെ തപ്പി നടക്കുകയാണ് ഇപ്പോള്‍ സ്ഥാനാർത്ഥി.

‌’വോട്ട് ചെയ്ത വ്യക്തിയെ കാണണമെന്ന് ആഗ്രഹമുണ്ട്. എന്തുകൊണ്ടാണ് എനിക്ക് വോട്ട് ചെയ്തതെന്ന് അറിഞ്ഞാല്‍ ഭാവിയില്‍ ഗുണം ചെയ്യും. ജനങ്ങളുടെ സംസാരവും ആവേശവും കണ്ടപ്പോള്‍ അനുകൂലമായ തരംഗം ഉണ്ടെന്നാണ് ആദ്യം കരുതിയത്.

അവസാന നിമിഷവും എന്റെ പേര് പലരും പറഞ്ഞുകേള്‍ക്കുന്നുണ്ടല്ലോ എന്ന് വീടിന് അടുത്തുള്ളവര്‍ പറഞ്ഞതോടെ വളരെ ആകാംക്ഷയായി. 250 വോട്ട് കിട്ടി ജയിക്കുമെന്ന കണക്കുകൂട്ടലിലാണ് നിന്നത്. ഒരു വോട്ട് മാത്രം കിട്ടിയപ്പോള്‍ രാഹുല്‍ ഗാന്ധി ആരോപിക്കുന്ന വോട്ട് ചോരിപോലെ യന്ത്രത്തില്‍ എന്തെങ്കിലും കൃത്രിമം നടത്തിയെന്നാണ് കരുതിയത്.

തിരഞ്ഞെടുപ്പില്‍ മത്സരിക്കുമ്ബോള്‍ ചില തന്ത്രങ്ങളുണ്ടെന്നും ചിരിച്ചുകാണിക്കുന്നവർ എല്ലാവരും വോട്ട് ചെയ്യില്ലെന്നതടക്കം കുറേ കാര്യങ്ങള്‍ മനസ്സിലാക്കാൻ കഴിഞ്ഞു.

ഒരുവോട്ട് പോലും കിട്ടിയില്ലെങ്കില്‍ ചിലപ്പോള്‍ എനിക്ക് എഴുന്നേറ്റ് നില്‍ക്കാൻ പോലും പറ്റില്ലായിരുന്നു. ഉരുണ്ടുവീണുപോകുമായിരുന്നു. ഈ ഘട്ടത്തില്‍ കൈത്താങ്ങായി നിന്ന മനുഷ്യനെ ഒന്നു കാണണമെന്ന അതിയായ ആഗ്രഹമുണ്ട്’- എബ്രഹാം പറയുന്നു.