വിധിയെഴുതാനൊരുങ്ങി വടക്കൻ കേരളം; നാളെ വോട്ടെടുപ്പ്;ആകെ 12391 വാര്‍ഡുകള്‍; തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ളത് 2055 പ്രശ്നബാധിത ബൂത്തുകൾ

Spread the love

കോഴിക്കോട്: സംസ്ഥാനത്തെ തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ണമായി. നാളെ രാവിലെ ഏഴുമുതല്‍ വൈകീട്ട് ആറുവരെയാണ് വോട്ടെടുപ്പ്.തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ 604 തദ്ദേശ സ്ഥാപനങ്ങളിലെ (ഗ്രാമപഞ്ചായത്ത് – 470, ബ്ലോക്ക് പഞ്ചായത്ത് – 77, ജില്ലാ പഞ്ചായത്ത് – 7, മുനിസിപ്പാലിറ്റി – 47, കോര്‍പ്പറേഷന്‍ – 3) 12391 വാര്‍ഡുകളിലേയ്ക്കാണ് (ഗ്രാമ പഞ്ചായത്ത് വാര്‍ഡ് – 9015, ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡ് – 1177, ജില്ലാ പഞ്ചായത്ത് വാര്‍ഡ് – 182, മുനിസിപ്പാലിറ്റി വാര്‍ഡ് – 1829, കോര്‍പ്പറേഷന്‍ വാര്‍ഡ് – 188) വോട്ടെടുപ്പ് നടക്കുന്നത്.

video
play-sharp-fill

ആകെ 15337176 വോട്ടര്‍മാരാണ് പട്ടികയിലുള്ളത് (പുരുഷന്‍മാര്‍ – 7246269, സ്ത്രീകള്‍ – 8090746, ട്രാന്‍സ്ജെന്‍ഡര്‍ – 161). 3293 പ്രവാസി വോട്ടര്‍മാരും പട്ടികയിലുണ്ട്.

ആകെ 38994 സ്ഥാനാര്‍ഥികളാണ് (18974 പുരുഷന്മാരും 20020 സ്ത്രീകളും) മത്സരിക്കുന്നത്. ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലേക്ക് 28274-ഉം, ബ്ലോക്ക് പഞ്ചായത്തിലേയ്ക്ക് 3742-ഉം, ജില്ലാ പഞ്ചായത്തിലേയ്ക്ക് 681-ഉം, മുനിസിപ്പാലിറ്റികളിലേയ്ക്ക് 5546-ഉം, കോര്‍പ്പറേഷനുകളിലേയ്ക്ക് 751-ഉം സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ടാംഘട്ടത്തില്‍ ആകെ 18274 പോളിങ് സ്റ്റേഷനുകളാണുളളത്. ഇതില്‍ 2055 എണ്ണം പ്രശ്നബാധിത ബൂത്തുകളായി (തൃശൂര്‍- 81, പാലക്കാട്- 180, മലപ്പുറം- 295, കോഴിക്കോട്- 166, വയനാട് 189, കണ്ണൂര്‍- 1025 , കാസര്‍ഗോഡ്- 119) റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളതാണ്.

കാന്‍ഡിഡേറ്റ് സെറ്റിങ് കഴിഞ്ഞ 18274 കണ്‍ട്രോള്‍ യൂണിറ്റും 49019 ബാലറ്റ് യൂണിറ്റും പോളിങ്ങിനായി തയ്യാറായി കഴിഞ്ഞു. 2631 കണ്‍ട്രോള്‍ യൂണിറ്റും 6943 ബാലറ്റ് യൂണിറ്റും റിസര്‍വ്വായി കരുതിയിട്ടുണ്ട്.

വോട്ടെടുപ്പ് രാവിലെ ഏഴുമണി മുതൽ വൈകുന്നേരം ആറുവരെ

വ്യാഴാഴ്ച രാവിലെ ആറു മണിയോടെ പോളിങ് പ്രക്രിയകള്‍ക്ക് തുടക്കമാകും. ആറു മണിക്ക് ഹാജരുള്ള സ്ഥാനാര്‍ഥികളുടെയോ ഏജന്റുമാരുടെയോ സാന്നിധ്യത്തില്‍ മോക് പോള്‍ നടത്തും. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ്.

വൈകീട്ട് ആറു മണിവരെ പോളിങ് സ്റ്റേഷനില്‍ വോട്ടുചെയ്യാന്‍ എത്തിയ മുഴുവന്‍ പേര്‍ക്കും വോട്ട് ചെയ്യാന്‍ അവസരം നല്‍കും. ആറുമണിക്ക് ശേഷം ക്യൂവില്‍ നില്‍ക്കുന്നവര്‍ക്കെല്ലാം പ്രിസൈഡിങ് ഓഫീസര്‍ ഒപ്പിട്ട സ്ലിപ്പ് നല്‍കും.

ഏറ്റവും അവസാനത്തെയാള്‍ക്ക് ഒന്ന് എന്ന ക്രമത്തിലാണ് സ്ലിപ്പ് നല്‍കുക. വരിയിലുള്ള എല്ലാവരും വോട്ട് ചെയ്തു കഴിയുന്നത് വരെ വേട്ടെടുപ്പ് തുടരും.

ത്രിതല പഞ്ചായത്തുകളിലേക്ക് ഒരു കണ്‍ട്രോള്‍ യൂണിറ്റും മൂന്ന് ബാലറ്റ് യൂണിറ്റുകളുമാണ് ഉണ്ടാവുക. ഗ്രാമപഞ്ചായത്തിലേക്കുള്ള ബാലറ്റ് ലേബലുകള്‍ വെള്ള നിറത്തിലും ബ്ലോക്ക് പഞ്ചായത്തിന്‍റേത് പിങ്ക് നിറത്തിലും ജില്ലാ പഞ്ചായത്തിന്‍റേത് ആകാശനീല നിറത്തിലുമായിരിക്കും. നഗരസഭകളില്‍ ഒരു ബാലറ്റ് യൂണിറ്റ് മാത്രമാണുണ്ടാവുക.

കേന്ദ്ര തിരഞ്ഞെടുപ്പ് കമീഷന്‍ നല്‍കിയ തിരിച്ചറിയല്‍ കാര്‍ഡ്, സംസ്ഥാന തിരഞ്ഞെടുപ്പ് കമീഷന്‍ നല്‍കിയ വോട്ടേഴ്സ് സ്ലിപ്പ് (തിരിച്ചറിയല്‍ രേഖ), കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ നല്‍കുന്ന ഓഫീസ് തിരിച്ചറിയല്‍ കാര്‍ഡ്,

പാസ്‌പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ്, പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഫോട്ടോ പതിച്ച എസ്.എസ്.എല്‍.സി ബുക്ക്, തെരഞ്ഞെടുപ്പ് തീയതിക്ക് കുറഞ്ഞത് ആറു മാസം മുമ്പ് നല്‍കിയ ഏതെങ്കിലും ദേശസാല്‍കൃത ബാങ്കിന്റെ ഫോട്ടോ പതിച്ച പാസ്ബുക്ക് എന്നീ രേഖകള്‍ വോട്ട് ചെയ്യാന്‍ ഉപയോഗപ്പെടുത്താം.

വോട്ടിങ്ങിന് അര്‍ഹതയുള്ള സമ്മതിദായകര്‍, പോളിങ് ഓഫീസര്‍മാര്‍, സ്ഥാനാര്‍ഥി, സ്ഥാനാര്‍ഥിയുടെ തിരഞ്ഞെടുപ്പ് ഏജന്റ്, സ്ഥാനാര്‍ഥിയുടെ ഒന്ന് വീതം പോളിങ് ഏജന്റ്, തിരഞ്ഞെടുപ്പ് കമീഷന്‍ അധികാരപ്പെടുത്തിയിട്ടുള്ളവര്‍,

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍, കമീഷന്‍ നിയോഗിച്ച നിരീക്ഷകര്‍, സമ്മതിദായകന്റെ ഒപ്പമുള്ള കൈക്കുഞ്ഞ്,

പരസഹായം കൂടാതെ സഞ്ചരിക്കാന്‍ കഴിയാത്ത അന്ധതയോ അവശതയോ ഉള്ള സമ്മതിദായകനോടൊപ്പം അനുവദിക്കപ്പെടുന്ന പ്രായപൂര്‍ത്തിയായ വ്യക്തി,

സമ്മതിദായകരെ തിരിച്ചറിയുന്നതിനോ വോട്ടെടുപ്പ് നടത്തുന്നതിന് മറ്റു വിധത്തില്‍ സഹായിക്കുന്നതിനോ പ്രിസൈഡിങ് ഓഫീസര്‍ പ്രവേശിപ്പിക്കുന്നവര്‍ എന്നിവര്‍ക്ക് മാത്രമേ പോളിങ് സ്റ്റേഷനില്‍ പ്രവേശനമുള്ളൂ.