
പത്തനംതിട്ട: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് പര്യടനത്തിന് ഇന്ന് അടൂരിൽ തുടക്കമാകും.
ഹെലികോപ്റ്റർ മാർഗം അടൂർ പൊലീസ് ക്യാമ്പ് മൈതാനത്ത് എത്തുന്ന രാഹുൽ ഗാന്ധി ഉച്ചയ്ക്ക് 12.15ന് അടൂർ കെ.എസ്.ആർ.ടി.സി കോർണറിൽ അടൂർ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി സി.വി ശാന്തകുമാറിന്റെ പ്രചരണാർത്ഥം സംഘടിപ്പിക്കുന്ന പൊതുസമ്മേളനത്തിൽ സംസാരിക്കും.
അടൂരിലെ സമ്മേളനത്തിനുശേഷം റോഡുമാർഗം പത്തനംതിട്ടയിലെത്തുന്ന രാഹുൽ , ഉച്ചയ്ക്ക് ഒരു മണിക്ക് പത്തനംതിട്ട പഴയ ബസ് സ്റ്റാന്റിൽ സംഘടിപ്പിക്കുന്ന പൊതു യോഗത്തിൽ സംസാരിക്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ആറൻന്മുള, റാന്നി, കോന്നി, തിരുവല്ല നിയോജക മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളുടെ പ്രചരണത്തിനാണ് രാഹുൽ പത്തനംതിട്ടയിലെ പൊതുയോഗത്തിൽ സംസാരിക്കുന്നത്.
തുടർന്ന് പ്രമാടം ഇൻഡോർ സ്‌റ്റേഡിയത്തിൽ നിന്ന് ഹെലികോപ്ടറിൽ കോട്ടയത്തേക്ക് പോകും. യു.ഡി.എഫ് കഞ്ഞിക്കുഴി മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന പൊതുയോഗത്തിൽ പങ്കെടുത്ത ശേഷം പുതുപ്പള്ളി, ഏറ്റുമാനൂർ എന്നിവിടങ്ങളിലേക്ക് പോകും.
വാർത്താസമ്മേളനത്തിൽ എ.ഐ.സി.സി സെക്രട്ടറിമാരായ രുദ്രരാജു, സരിത, ആന്റോ ആന്റണി.എം.പി, കെ.പി.സി.സി ജനറൽ സെക്രട്ടറി പി.മോഹൻരാജ്, ഡി.സി.സി വൈസ് പ്രസിഡന്റുമാരായ അഡ്വ.എ.സുരേഷ് കുമാർ, അഡ്വ.വെട്ടൂർ ജ്യോതിപ്രസാദ്, അഡ്വ.അനിൽ തോമസ്, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചൂഡൻ എന്നിവർ പങ്കെടുത്തു.
രാഹുല്‍ഗാന്ധിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് അടൂരിലും പത്തനംതിട്ടയിലും ഇന്ന് ഗതാഗത നിയന്ത്രണം ഉണ്ടാകുമെന്ന് പോലീസ് അറിയിച്ചു. അടൂരിലെ രാവിലെ പത്തു മുതല്‍ നിയന്ത്രണങ്ങളുണ്ടാകും.
കായംകുളത്ത് നിന്ന് പുനലൂര്‍ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ബൈപാസ് വഴി വടക്കടത്തുകാവ്, പറക്കോട് ഭാഗത്തേക്കും പോകേണ്ടതും കൊട്ടാരക്കരയ്ക്ക് പോകേണ്ട വാഹനങ്ങള്‍ ബൈപാസ് വഴി പോകേണ്ടതുമാണ്.
കായംകുളത്തു നിന്ന് പത്തനംതിട്ടയ്ക്ക് പോകേണ്ട വാഹനങ്ങള്‍ ഹോളിക്രോസ് ഹോസ്പിറ്റല്‍ ജംഗ്ഷന് വഴി മാമ്മൂട് വഴി ആനനപ്പള്ളി വഴി പോകണം.
പത്തനാപുരം ഭാഗത്തു നിന്നു വരുന്ന വലിയ വാഹനങ്ങള്‍ ഏഴംകുളത്തു നിന്ന് തിരിഞ്ഞ് ഏനാത്ത് വഴി പോകണം. പത്തനാപുരം ഭാഗത്ത് നിന്ന് വരുന്ന ചെറുവാഹനങ്ങള്‍ പറക്കോട് നിന്നും തിരിഞ്ഞ് ചിരണിക്കല്‍ വഴി ആനന്ദപ്പള്ളി വഴി പോകണം.
അടൂരിലെ യുഡിഎഫ് പൊതുയോഗത്തില്‍ എത്തിച്ചേരുന്നവരുടെ വാഹനങ്ങള്‍ കണ്ണംങ്കോട് സെന്റ് തോമസ് പാരീഷ് ഹാൾ, തിരുഹൃദയ പള്ളി ഗ്രൗണ്ട്, ഐഡിബിഐ ബാങ്കിനു സമീപം, പാര്‍ഥസാരഥി ക്ഷേത്രം ഗ്രൗണ്ട് എന്നിവിടങ്ങളില്‍ പാര്‍ക്ക് ചെയ്യണം
പത്തനംതിട്ട നഗരത്തില്‍ ഉച്ചമുതല്‍ ഗതാഗത നിയന്ത്രണം ഉണ്ടാകും. അടൂര്‍ – പത്തനംതിട്ട റൂട്ടില്‍ രാവിലെ 11 ഓടെ നിയന്ത്രണം നിലവില്‍ വരും. അടൂര്‍ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ തോലുഴം ജംഗ്ഷനില്‍ നിന്നും തിരിഞ്ഞ് പോകണം
മൈലപ്ര, കുമ്പഴ, സെന്റ് പീറ്റേഴ്സ് ജംഗ്ഷന് എന്നീ ഭാഗങ്ങളില്‍ നിന്ന് ടൗണിലേക്ക് പ്രവേശനം നിരോധിക്കും. പ്രമാടം, പൂങ്കാവ്, മല്ലശേരി എന്നീ ഭാഗങ്ങളില്‍ നിന്ന് വിവിഐപി റൂട്ടിലേക്ക് പ്രവേശിക്കാനാകില്ല.
തിരുവല്ല, കടമ്മനിട്ട ഭാഗങ്ങളില്‍ നിന്നു വരുന്ന വാഹനങ്ങളും സെന്റ് പീറ്റേഴ്സ് ജംഗ്ഷനില്‍ നിന്നു തിരിഞ്ഞ് ജില്ലാ പോലീസ് ഓഫീസ് വഴി പോകണമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.



