
തിരുവനന്തപുരം: ഭാര്യ തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെതിരെ അജിത്കുമാർ ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിന് പിന്നാലെ ദുരൂഹ സാഹചര്യത്തിൽ മരിച്ച വെമ്പായം സ്വദേശി അജിത്കുമാറിന്റെ മരണത്തിൽ സംസ്ഥാന സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കുന്നു.
ഭാര്യ തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെതിരെ അജിത്കുമാർ ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിന് പിന്നാലെയായിരുന്നു മരണം സംഭവിച്ചത്. നിലവിലെ വട്ടപ്പാറ പൊലീസിന്റെ അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും കേസ് മാറ്റണമെന്നും ആവശ്യപ്പെട്ട് അജിത്തിന്റെ മാതാപിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. മന്ത്രി ജി.ആർ. അനില്‍ ഈ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രിക്ക് കത്തുനല്‍കിയിരുന്നു.
ഒക്ടോബർ 19-ന് അജിത്തിനെ സ്വന്തം ഓഫീസില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കുടുംബപ്രശ്നങ്ങള്‍ കാരണം അജിത് ജീവനൊടുക്കിയെന്നായിരുന്നു മകൻ വിനായകിന്റെ ആദ്യ മൊഴി. എന്നാല്‍ 60 ദിവസത്തിന് ശേഷം പുറത്തുവന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് മരണത്തില്‍ വലിയ വഴിത്തിരിവുണ്ടാക്കി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തലയ്ക്കേറ്റ ശക്തമായ പരിക്കാണ് മരണത്തിന് കാരണമായതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. മരണദിവസം അച്ഛനുമായി വാക്കേറ്റമുണ്ടായെന്നും വടികൊണ്ട് അടിച്ചെന്നും പിന്നീട് വിനായക് പൊലീസിനോട് സമ്മതിച്ചു. വാഹനത്തിന്റെ താക്കോലിനെച്ചൊല്ലി അച്ഛനും മകനും തമ്മില്‍ സംഘർഷമുണ്ടായെന്നും മകൻ ചെമ്ബരത്തി കമ്ബുകൊണ്ട് അടിച്ചെന്നുമാണ് ഭാര്യ ബീന നല്‍കിയ മൊഴി. കോണ്‍ഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ച ബീന ആ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിരുന്നു.
കേസ് കൈകാര്യം ചെയ്യുന്നതില്‍ വട്ടപ്പാറ പൊലീസിന് വലിയ വീഴ്ചകള്‍ സംഭവിച്ചതായി ബന്ധുക്കള്‍ ആരോപിക്കുന്നു. ശരീരത്തില്‍ പരിക്കുകള്‍ ഉണ്ടായിട്ടും മരണം കൊലപാതകമാകാനുള്ള സാധ്യത പൊലീസ് ഗൗരവമായി എടുത്തില്ല.
മരണശേഷം മുറിയിലെ രക്തക്കറയടക്കം നീക്കം ചെയ്ത് പെയിന്റടിച്ചിട്ടും പൊലീസ് അത് പരിശോധിച്ചില്ല. മുറി സീല്‍ ചെയ്യുന്നതിലും വീഴ്ച പറ്റി. അജിത്തിന്റെ വിവാദമായ ഫേസ്ബുക്ക് പോസ്റ്റ് മരണശേഷം മകൻ നീക്കം ചെയ്തിരുന്നു. ഇതിനെക്കുറിച്ച് അന്വേഷണം നടന്നില്ല.
ആത്മഹത്യയെക്കുറിച്ച് അജിത് എവിടെയും സൂചിപ്പിച്ചിട്ടില്ലെന്നിരിക്കെ, മകൻ നല്‍കിയ വ്യാജമൊഴി പൊലീസ് കണ്ണടച്ച് വിശ്വസിച്ചു. മന്ത്രി ജി.ആർ. അനില്‍, സിപിഎം ജില്ലാ സെക്രട്ടറി വി. ജോയി എന്നിവർ അജിത്തിന്റെ മാതാപിതാക്കളെ സന്ദർശിച്ച് നീതി ഉറപ്പാക്കുമെന്ന് അറിയിച്ചിട്ടുണ്ട്.



