ഫ്ളയിംഗ് സ്ക്വാഡ് പരിശോധന തുടങ്ങി.. രേഖകളില്ലാത്ത പണം പിടിച്ചെടുക്കും..

ഫ്ളയിംഗ് സ്ക്വാഡ് പരിശോധന തുടങ്ങി.. രേഖകളില്ലാത്ത പണം പിടിച്ചെടുക്കും..

സ്വന്തംലേഖകൻ

കോട്ടയം : ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി രൂപീകരിച്ച ഫ്ളയിംഗ് സ്ക്വാഡുകൾ പരിശോധന ആരംഭിച്ചു. ജില്ലയിലാകെ 27 ഫ്ളയിംഗ് സ്ക്വാഡുകളാണ് പരിശോധനയിൽ ഏർപ്പെട്ടിരിക്കുന്നത്.
ഓരോ നിയമസഭാ നിയോജക മണ്ഡലത്തിലും മൂന്ന് സ്ക്വാഡുകൾ വീതമാണുള്ളത്. വാഹന പരിശോധനയും സീ വിജിൽ ആപ്ലിക്കേഷിലൂടെ ലഭിക്കുന്ന പരാതികളുമായി ബന്ധപ്പെട്ട പരിശോധനകളുമാണ് പ്രധാനമായും നടത്തുക.
അനധികൃതമായി സൂക്ഷിച്ചിട്ടുള്ള മദ്യം, പണം എന്നിവ പിടികൂടുന്നതിനാണ് വാഹനപരിശോധന. മതിയായ രേഖകളില്ലാതെ വാഹനങ്ങളിൽ കണ്ടെത്തുന്ന അൻപതിനായിരം രൂപയ്ക്ക് മുകളിലുള്ള തുകയും അനുവദനീയമായ അളവിൽ കൂടുതലുള്ള മദ്യവും സ്ക്വാഡ് പിടിച്ചെടുക്കും. ഇവ കണ്ടെത്തുന്ന വാഹനങ്ങളിൽ സഞ്ചരിക്കുന്നവർക്കും വാഹന ഉടമകൾക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്യും.
ഭരണ നേട്ടങ്ങൾ പ്രചരിപ്പിക്കുന്ന ബോർഡുകളും പോസ്റ്ററുകളും ഉൾപ്പെടെയുള്ള തിരഞ്ഞെടുപ്പ് പരസ്യങ്ങളും സ്ക്വാഡുകൾ നീക്കം ചെയ്യും. ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും ഒരു സിവിൽ പോലീസ് ഉദ്യോഗസ്ഥനുമടങ്ങുന്ന സ്ക്വാഡ് രാത്രിയിലും പകലും പരിശോധന നടത്തുന്നുണ്ട്.