ഇന്നറിയാം, ജനവിധി; തദ്ദേശ വോട്ടെണ്ണൽ രാവിലെ 8 മുതൽ;ആദ്യഫലങ്ങള്‍ എട്ടരയോടെ; 244 കേന്ദ്രങ്ങളില്‍ വോട്ടെണ്ണല്‍; പതിനൊന്നോടെ ഗ്രാമപഞ്ചായത്തുകളിലെ ചിത്രം തെളിയും; പൂര്‍ണ്ണമായ ഫലം ഉച്ചയോടെ; ആകാംക്ഷയിൽ രാഷ്ട്രീയ കേരളം;ആധിപത്യം തുടരനാകുമെന്ന് എല്‍ഡിഎഫ് പ്രതീക്ഷ; തിരിച്ചുവരവിന് യുഡിഎഫ്; കരുത്ത് കാണിക്കാന്‍ ബിജെപിയും; ആഹ്ലാദ പ്രകടനങ്ങളില്‍ മിതത്വം പാലിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

Spread the love

തിരുവനന്തപുരം: ജനവിധി അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം.തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ രാവിലെ 8ന് ആരംഭിക്കും. ആദ്യഫലം രാവിലെ 8.30നും പൂർണഫലം ഉച്ചയോടെയും ലഭ്യമാകും. സംസ്ഥാനത്ത് ആകെ 244 വോട്ടെണ്ണൽ കേന്ദ്രങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളത്.

video
play-sharp-fill

ഗ്രാമപ്പഞ്ചായത്ത്, നഗരസഭ, കോർപറേഷൻ വാർഡുകളിലെ ഫലങ്ങളാണ് ആദ്യം പുറത്തുവരുന്നത്. ഒരു ബൂത്ത് എണ്ണിത്തീരാൻ പരമാവധി 15 മിനിറ്റ് മതിയാകും. അര മണിക്കൂർ കൊണ്ട് ഒരു വാർഡിലെ ഫലമറിയാം. തപാൽ വോട്ടുകൾ ആദ്യം എണ്ണും.

നഗരസഭ, കോർപറേഷൻ വാർഡുകളിലാണ് കൂടുതൽ തപാൽ വോട്ടുകൾ ഉള്ളതെന്ന് അധികൃതർ സൂചിപ്പിച്ചു. ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലെ വോട്ടെണ്ണൽ വൈകിട്ടോടെ പൂർത്തിയാകുമെന്നാണു കരുതുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിയമസഭാ തിരഞ്ഞെടുപ്പ് എത്തിനിൽക്കെ മുന്നണികൾക്ക് ഇന്ന് സെമിഫൈനൽ ഫല ദിനം. വിജയത്തിന്റെയും വീഴ്ചയുടെയും ഗ്രാഫ് നോക്കിയാവും ശേഷിക്കുന്ന ദിനങ്ങളിൽ അടവുകൾ പയറ്റുക.

ജില്ലാ പഞ്ചായത്ത്, മുനിസിപ്പൽ, കോർപ്പറേഷൻ ഫലങ്ങൾ നിലവിലെ രാഷ്ട്രീയ സ്വാധീനത്തിന്റെ പ്രതിഫലനമാവും. മൂന്നാം ഊഴം എന്ന അസുലഭ സ്വപ്നമാണ് ഇടതു മുന്നണിക്ക്.

ഇനിയും പ്രതിപക്ഷ ബെഞ്ചിൽ ഇരിക്കേണ്ടി വന്നാൽ, പിന്നൊരു തിരിച്ചുവരവ് ക്ളേശകരമെന്ന് യു.ഡി.എഫിനും അറിയാം. ലോക് സഭയിൽ ഒരു സീറ്റു നേടിയ ബി.ജെ.പിക്ക് നിയമസഭയിൽ ഒരു തലയെങ്കിലും ഇല്ലെങ്കിൽ അഭിമാനക്ഷതവുമാകും. ഈ തിരിച്ചറിവുകളിൽ നിന്നുകൊണ്ടാണ് തദ്ദേശ ഫലത്തെ മുന്നണികളും രാഷ്ട്രീയ നിരീക്ഷകരും കാണുന്നത്.

മുന്നണി വികസനം കുറേ നാളായി യു.ഡി.എഫ് പറയുന്നുണ്ട്. ഇടത്തോട്ടു ചേർന്നു നിൽക്കുന്ന ചില ചെറുകക്ഷികൾ യു.ഡി.എഫ് നേതൃത്വവുമായി അനൗദ്യോഗികമായി സംസാരങ്ങൾ നടത്തിയെന്നാണ് അറിയുന്നത്.

അതേസമയം, ഇക്കുറി ഭരണം കിട്ടിയില്ലെങ്കിൽ തങ്ങൾ തീർത്തും അപ്രസക്തരാവുമെന്ന ആശങ്കയാണ് യു.ഡി.എഫിലെ ചില കക്ഷികൾക്ക്. ഇടതു പക്ഷം വിളിച്ചാൽ അങ്ങോട്ട് അണയുന്നത് അവരുടെ മനസ്സിലുമുണ്ട്.

ആറ് കോർപ്പറേഷനുകൾ, 14 ജില്ലാ പഞ്ചായത്തുകൾ, 86 മുൻസിപ്പാലിറ്റികൾ, 152 ബ്ലോക്ക് പഞ്ചായത്തുകൾ, 941 പഞ്ചായത്തുകൾ. ജനം പെട്ടിയിലാക്കിയ വോട്ടുകൾ നാളെ എണ്ണിപ്പറക്കും. മുന്നണികൾ എല്ലാം വലിയ പ്രതീക്ഷയിലാണ്.

നിലവിലുള്ള അഞ്ചിൽ തൃശ്ശൂർ ഒഴികെ എല്ലാ കോർപ്പറേഷനുകളും നിലനിർത്താം എന്ന വിശ്വാസത്തിലാണ് എൽഡിഎഫ് . മലപ്പുറം വയനാട് എറണാകുളം ഒഴികെയുള്ള ജില്ലാ പഞ്ചായത്തുകൾ കൈപ്പിടിയിൽ ഒതുക്കാം എന്നും ഭരണപക്ഷം കരുതുന്നു.

എറണാകുളം തൃശൂർ കണ്ണൂർ കോർപ്പറേഷനുകൾ ഉറപ്പിക്കുന്ന യുഡിഎഫ്, എറണാകുളം പത്തനംതിട്ട, വയനാട്, മലപ്പുറം ഉൾപ്പെടെ 6 ജില്ലാ പഞ്ചായത്തുകളിൽ വിജയമുറപ്പിക്കുകയാണ്. 500 ൽ അധികം പഞ്ചായത്തുകളിൽ വിജയം പ്രതീക്ഷിക്കുന്നുണ്ട് യുഡിഎഫ് .

തിരുവനന്തപുരം , തൃശ്ശൂർ കോർപ്പറേഷനുകളിൽ ഏറ്റവും വലിയ ഒറ്റകക്ഷിയാകും എന്ന് കരുതുന്ന ബിജെപി, മുൻസിപ്പാലിറ്റികളുടെ എണ്ണം വർദ്ധിപ്പിക്കാം എന്നും പ്രതീക്ഷിക്കുന്നു. തദ്ദേശത്തിൽ പൊതുവേ ഉള്ള ആധിപത്യം നിലനിർത്താൻ ആയാൽ ശബരിമല സ്വർണ്ണക്കൊള്ള ഉൾപ്പെടെ ആരോപണങ്ങളെ മറികടക്കാൻ കഴിഞ്ഞു എന്നായിരിക്കും എൽഡിഎഫിന്റെ തുടർ പ്രചാരണം.

2010 ആവർത്തിക്കും എന്ന് കരുതുന്ന യുഡിഎഫ്, ഒപ്പത്തിനൊപ്പം എത്താൻ ആയാൽ തന്നെ ഭരണവിരുദ്ധ വികാരം അവകാശപ്പെടും. ഏതായാലും 2026ലേക്കുള്ള ചൂണ്ടുപലക തന്നെയാണ് ഈ സെമി ഫൈനൽ.