നായര്‍- ഈഴവ വോട്ടുകള്‍ ബിജെപിക്ക് ഗുണകരമായി; ക്രൈസ്തവ- മുസ്ലീം വിഭാഗങ്ങള്‍ക്കിടയില്‍ വിശ്വാസ്യത ആര്‍ജിക്കാന്‍ ഇടത് മുന്നണിക്ക് കഴിഞ്ഞു; യുഡിഎഫില്‍ നിന്നും പരമ്പരാഗത വോട്ടുകള്‍ അകന്നു; ബിജെപി മുന്നേറ്റം കുറച്ച് കാണാതെ സിപിഎം
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ മുന്നേറ്റമാണ് ഇടത് – വലത് കോട്ടകളിലെ പ്രധാന ചര്‍ച്ചാ വിഷയം. ബിജെപി എതിരാളിയേ അല്ല എന്ന് പ്രഖ്യാപിച്ചവര്‍ തന്നെ, നിയമസഭാ തെരഞ്ഞെടുപ്പിന് ബിജെപി മുന്നേറ്റം തടയാനുള്ള മുന്നൊരുക്കത്തിലാണ്. വോട്ടിംഗ് ശതമാനത്തില്‍ കാര്യമായ വര്‍ദ്ധനവില്ലെങ്കിലും ബിജെപിയുണ്ടാക്കിയ മുന്നേറ്റത്തെ ഗൗരവത്തോടെയാണ് സിപിഎം സംസ്ഥാന നേതൃത്വം കാണുന്നത്. ഹൈന്ദവ വോട്ട് ബാങ്കില്‍ നേരിയ തോതിലുണ്ടായ വിള്ളലാണ് സിപിഎം ഗൗരവത്തോടെ കാണുന്നത്. തെക്കന്‍ കേരളത്തില്‍ ബിജെപിയുണ്ടാക്കിയ മുന്നേറ്റവും പഞ്ചായത്തുകളില്‍ അക്കൗണ്ട് തുറന്നതും സിപിഎം നിസാരമാക്കുന്നില്ല.
നായര്‍ വോട്ടുകളും, ബിഡിജെഎസ് വഴി ഈഴവ സമുദായത്തിലെ വോട്ടുകളും ബിജെപിയുടെ വളര്‍ച്ചക്ക് ഗുണമായി എന്നാണ് സിപിഎം വിലയിരുത്തല്‍. എന്നാല്‍ ക്രൈസ്തവ- മുസ്ലീം വിഭാഗങ്ങള്‍ക്കിടയില്‍ വിശ്വാസ്യതയാര്‍ജിക്കാന്‍ ഇടതുമുന്നണിക്ക് കഴിഞ്ഞുവെന്നാണ് സംസ്ഥാന കമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
യുഡിഎഫില്‍ നിന്നും പരമ്പരാഗത വോട്ടുകള്‍ അകന്നതാണ് പ്രശ്‌നം. ക്രിസ്തീയ സഭകളും മുസ്ലീം വിഭാഗങ്ങളും ഇടത് മുന്നണിയുമായി അടുത്തത് മധ്യതിരുവിതാംകൂറിലും മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും തെരഞ്ഞെടുപ്പ് പ്രകടനം മെച്ചപ്പെടുത്തിയെന്നും സംസ്ഥാന കമ്മിറ്റിയില്‍ അവതരിപ്പിച്ച തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഇന്ന് സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെ ചര്‍ച്ചക്ക് ശേഷം റിപ്പോര്‍ട്ടിന് അംഗീകാരം നല്‍കും.