
കണ്ണൂർ: തിരഞ്ഞെടുപ്പ് പ്രചാരകർക്കായി വേനല്‍ക്കാല ജാഗ്രതാനിർദേശം പുറപ്പെടുവിച്ചു.
കടുത്ത വേനല്‍ ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുന്ന പ്രവർത്തകർക്കായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി വേനല്‍ക്കാല മാർഗ നിർദ്ദേശങ്ങള്‍ പുറപ്പെടുവിച്ചത്.
1. നിർജലീകരണം തടയാം
പ്രചാരണത്തിന് ഇറങ്ങുമ്പോള്‍ എപ്പോഴും കൈയില്‍ ഒരു കുപ്പി കുടിവെള്ളം കരുതുക. ദാഹം തോന്നിയില്ലെങ്കിലും കൃത്യമായ ഇടവേളകളില്‍ വെള്ളം കുടിക്കുന്നത് ശീലമാക്കുക.
അമിതമായ ചായ, കാപ്പി, കാർബണേറ്റഡ് പാനീയങ്ങള്‍, മദ്യം എന്നിവ ഒഴിവാക്കുക. ഇവ ശരീരത്തെ കൂടുതല്‍ നിർജ്ജലീകരണത്തിലേക്ക് നയിക്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
2. സമയക്രമവും വസ്ത്രധാരണവും
നേരിട്ടുള്ള വെയില്‍ ഏല്‍ക്കുന്ന രാവിലെ 11 മുതല്‍ വൈകിട്ട് മൂന്ന് വരെയുള്ള സമയം വീടുകള്‍ കയറിയുള്ള പ്രചാരണം പരമാവധി ഒഴിവാക്കുക. ഈ സമയം യോഗങ്ങള്‍ക്കോ ഇൻഡോർ പ്രവർത്തനങ്ങള്‍ക്കോ ഉപയോഗിക്കാം.
കട്ടി കുറഞ്ഞതും ഇളം നിറത്തിലുള്ളതുമായ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക. ഇത് വായുസഞ്ചാരത്തിന് സഹായിക്കും. വെയിലത്തിറങ്ങുമ്പോള്‍ കുട, വീതിയുള്ള തൊപ്പി, സണ്‍ഗ്ലാസ് എന്നിവ ഉപയോഗിക്കുക.
3. ഭക്ഷണരീതി
എളുപ്പത്തില്‍ ദഹിക്കുന്ന ഭക്ഷണങ്ങള്‍ കഴിക്കുക. പഴകിയ ഭക്ഷണം ഒഴിവാക്കുക. വെള്ളരിക്ക, തണ്ണിമത്തൻ തുടങ്ങിയ ജലാംശം കൂടുതലുള്ള പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.
4. പ്രഥമശുശ്രൂഷയും മുൻകരുതലും
അമിതമായ ക്ഷീണം, തലകറക്കം, തലവേദന, പേശിവലിവ്, ശരീരം ചുവന്നു തടിക്കല്‍ എന്നിവ കണ്ടാല്‍ ഉടൻ തണലുള്ള സ്ഥലത്തേക്ക് മാറി വിശ്രമിക്കുക.
ഗ്രൂപ്പുകളായി പ്രചാരണം നടത്താൻ ശ്രദ്ധിക്കുക. ആർക്കെങ്കിലും ശാരീരിക അസ്വസ്ഥത ഉണ്ടായാല്‍ പരസ്പരം സഹായിക്കാൻ ഇത് ഉപകരിക്കും.
അടിയന്തര സാഹചര്യങ്ങളില്‍ ബന്ധപ്പെടാം
ആംബുലൻസ് 108,
ഡിസാസ്റ്റർ മനേജ്മെന്റ് ഹെല്‍പ്പ്ലൈൻ 1077
ദിശ (ആരോഗ്യ വകുപ്പ്): 1056



