
കോട്ടയം: ജില്ലയിൽ തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിൽ പോളിങ് ജോലിക്കുള്ള ഉദ്യോഗസ്ഥരുടെ ആദ്യഘട്ട റാൻഡമൈസേഷൻ പൂർത്തിയായി.
ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടർ ചേതൻകുമാർ മീണയാണ് ഓൺലൈൻ റാൻഡമൈസേഷനിലൂടെ 10812 ഉദ്യോഗസ്ഥരെ തെരഞ്ഞെടുത്തത്.
ഇതിൽ 2703 വീതം പ്രിസൈഡിംഗ് ഓഫീസർമാരും ഫസ്റ്റ് പോളിംഗ് ഓഫീസർമാരും 5406 പോളിംഗ് ഓഫീസർമാരും ഉൾപ്പെടുന്നു. ഇവരിൽ 6843 പേർ സ്ത്രീകളും 3969 പേർ പുരുഷൻമാരുമാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ആവശ്യമുള്ളതിനേക്കാൾ 40 ശതമാനം പേരെ കൂടുതലായി ഉൾപ്പെടുത്തിയതാണ് ആദ്യഘട്ട ലിസ്റ്റ്. രണ്ടാം ഘട്ടത്തിൽ ഇതിൽ 20 ശതമാനം പേരെ ഒഴിവാക്കും. ഇ ഡ്രോപ്പ് സോഫ്റ്റ് വെയറിലൂടെ വിവരങ്ങൾ ശേഖരിച്ചാണ് ഉദ്യോഗസ്ഥരെ തെരഞ്ഞെടുത്തത്.
ആദ്യ ഘട്ടത്തിൽ തെരഞ്ഞെടുക്കപ്പെട്ട പ്രിസൈഡിംഗ് ഓഫീസർമാർക്കും ഫസ്റ്റ് പോളിംഗ് ഓഫീസർമാർക്കും നവംബർ 25 മുതൽ 28 വരെ ബ്ലോക്ക് പഞ്ചായത്ത്, നഗരസഭാ തലങ്ങളിൽ പരിശീലനം നൽകും.
ജോലിക്ക് നിയോഗിച്ചുകൊണ്ടുള്ള ഉത്തരവ് ഓഫീസ് മേധാവികൾ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്റെ https://www.edrop.sec.kerala.gov.in എന്ന സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്ത് ജീവനക്കാർക്കു കൈമാറണമെന്ന് ജില്ലാകളക്ടർ അറിയിച്ചു.
കളക്ട്രേറ്റിൽ നടന്ന ആദ്യഘട്ട റാൻഡമൈസേഷനിൽ അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് എസ്. ശ്രീജിത്ത്, ഡെപ്യൂട്ടി കളക്ടർ(ഇലക്ഷൻ) ഷീബ മാത്യു, ജില്ലാ ഇൻഫർമാറ്റിക്‌സ് ഓഫീസർ കെ.ആർ. ധനേഷ് എന്നിവർ പങ്കെടുത്തു.




