
കോട്ടയം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനു മുന്നോടിയായി ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ സൂക്ഷ്മപരിശോധനയുടെ ഭാഗമായി മോക്‌പോൾ നടത്തി.
തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ചിട്ടുള്ള ഏറ്റുമാനൂർ സത്രം കോമ്പൗണ്ടിൽ മൂന്നു ദിവസങ്ങളിലായാണ് പരിശോധന.
3430 കൺട്രോളിങ് യൂണിറ്റുകളും ഓരോന്നിനും മൂന്നുവീതം ബാലറ്റിങ് യൂണിറ്റുകളും (ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്തുകളിലേക്ക് വോട്ടു രേഖപ്പെടുത്തുന്നതിന്) ആണ് ആകെയുള്ളത്.
ഇതിൽ 343 യന്ത്രങ്ങളിലാണ് മോക് പോൾ നടത്തുന്നത്.
ഒൻപത് യന്ത്രങ്ങളിൽ 2000 വോട്ടുവീതവും ബാക്കിയുള്ളവയിൽ 60 വോട്ടുകൾ വീതവും ചെയ്ത് യന്ത്രങ്ങൾ കൃത്യമായി പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കുകയാണ് ചെയ്യുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ കൂടി സാന്നിധ്യത്തിലാണ് പരിശോധന. വെള്ളി, ശനി ദിവസങ്ങളിലും തുടരും.
വെള്ളിയാഴ്ച രാവിലെ 11ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ ചേതൻകുമാർ മീണ യന്ത്രങ്ങളുടെ സൂക്ഷ്മപരിശോധന വിലയിരുത്തി.
ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ ഷീബ മാത്യു, ചാർജ് ഓഫീസർ നിജു കുര്യൻ എന്നിവർ നേതൃത്വം നൽകി.