തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നീട്ടില്ല ; പ്രോട്ടോകോൾ പാലിച്ച് പ്രചാരണ പരിപാടികളടക്കം നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണർ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പു വൈകിക്കില്ലെന്ന് സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷണർ വി. ഭാസ്‌കരൻ അറിയിച്ചു. കൊവിഡിന്റെ പശ്ചാത്തലത്തിൽ എല്ലാ വശങ്ങളും പരിശോധിച്ചു ചർച്ചകൾക്കുശേഷം തെരഞ്ഞെടുപ്പ് എപ്പോൾ നടത്തുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷണർ പറഞ്ഞു.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആരോഗ്യ വിദഗ്ധരുമായി കമ്മീഷൻ കഴിഞ്ഞ ദിവസം നടത്തിയ യോഗത്തിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ച് തെരഞ്ഞെടുപ്പു നടത്തുന്നതിനു തടസമില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചതായും സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷണർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മട്ടന്നൂർ നഗരസഭ ഒഴികെയുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കാണ് ഈ വർഷം പൊതുതെരഞ്ഞെടുപ്പു നടത്തേണ്ടത്. ഒക്ടോബർ അവസാനമോ നവംബർ ആദ്യമോ തെരഞ്ഞെടുപ്പു നടത്തുന്നതിനുള്ള ഒരുക്കങ്ങളാണ് പുരോഗമിക്കുന്നത്.
വോട്ടർ പട്ടികയുമായി ബന്ധപ്പെട്ടു പരാതികളൊന്നുമില്ല. ഉദ്യോഗസ്ഥർക്കുള്ള പരിശീലനം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഈ മാസം തന്നെ ആരംഭിക്കും.
മാസ്റ്റർ ട്രെയ്‌നർമാർക്ക് ഓൺലൈൻ പരിശീലനമാണു നടത്തുന്നത്. മറ്റ് ഉദ്യോഗസ്ഥർക്കു പരിശീലനം ബ്ലോക്ക് തലത്തിൽ 30 പേരടങ്ങുന്ന ബാച്ചുകളായി നേരിട്ടു നൽകുമെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പു പ്രചാരണ പരിപാടികൾക്കു പ്രോട്ടോകോൾ നിർബന്ധമാക്കും. മൂന്നു പേരിൽ കൂടുതൽ വീടുകളിൽ പ്രചാരണത്തിനായി പോകരുതെന്നു നിർദേശിക്കും. തെരഞ്ഞെടുപ്പിന്റെ വിവിധ പ്രവർത്തനങ്ങൾ നടത്തുന്നതിനുളള കോവിഡ് പ്രോട്ടോക്കോൾ ആരോഗ്യവകുപ്പിൽ നിന്നും ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർക്കായുള്ള പ്രതിരോധ സംവിധാനങ്ങൾ ആരോഗ്യ വകുപ്പുമായി ചേർന്നായിരിക്കും നടപ്പിലാക്കുകയെന്നും തെരഞ്ഞെടുപ്പു കമ്മീഷണർ പറഞ്ഞു.