
തിരഞ്ഞെടുപ്പ് കൊട്ടിക്കയറി കൊടിയിറങ്ങി: ചൊവ്വാഴ്ച കേരളം ബൂത്തിലേയ്ക്ക്; ഇരുപതിടത്തും വാശിയേറിയ പോരാട്ടം
സ്വന്തം ലേഖകൻ
കോട്ടയം: നാൽപ്പത് ദിവസത്തിലേറെ കൊട്ടിക്കയറിയ തിരഞ്ഞെടുപ്പ് ആവേശത്തിന് കലാശക്കൊട്ടോടെ കൊടിയിറക്കം.
തിങ്കളാഴ്ചത്തെ നിശ്ശബ്ദ പ്രചാരണം കഴിഞ്ഞ് ചൊവ്വാഴ്ച കേരളം ബൂത്തിലേക്ക് നീങ്ങും.
23ന് രാവിലെ ഏഴുമുതൽ വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്. 24,970 പോളിങ് സ്റ്റേഷനാണ് ക്രമീകരിക്കുന്നത്. വോട്ടിങ് മെഷീൻ അടക്കമുള്ള പോളിങ് സാമഗ്രികൾ തിങ്കളാഴ്ച വിതരണം ചെയ്യും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വോട്ടെടുപ്പിനുള്ള എല്ലാ സുരക്ഷാ ക്രമീകരണങ്ങളും പൂർത്തിയായി. 58,138 സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. പ്രശ്ന സാധ്യതയുള്ള 272 സ്ഥലങ്ങളിൽ അധിക സുരക്ഷയും ഒരുക്കും.
സംസ്ഥാന പൊലീസിന് പുറമെ സിആർപിഎഫ് ഉൾപ്പെടെയുള്ള കേന്ദ്ര സേനയെയും വിന്യസിക്കും.
മെഗാ റോഡ് ഷോയും ബൈക്ക് റാലികളും ഇടിമുഴക്കമായി ഉയർന്ന മുദ്രാവാക്യങ്ങളും ഒക്കെ ചേർന്ന് കലാശക്കൊട്ട് നാടിനെ ഇളക്കിമറിച്ചു. പതിനായിരക്കണക്കിന് പ്രവർത്തകരാണ് പരസ്യപ്രചാരണത്തിന് സമാപനംകുറിച്ച് നടന്ന റാലികളിലും മറ്റും അണിനിരന്നത്.
പ്രധാന കവലകളിൽ കൂറ്റൻ പതാകകളും സ്ഥാനാർഥികളുടെ പ്ലക്കാർഡുകളുമായി ഒത്തുകൂടിയവർ ആവേശപ്പൂരം തീർത്താണ് മടങ്ങിയത്. അങ്ങിങ്ങ് ഉന്തും തള്ളും വാക്കേറ്റവുമൊക്കെ ഉണ്ടായെങ്കിലും കാര്യമായ അനിഷ്ട സംഭവങ്ങളില്ല.
തിരുവനന്തപുരത്ത് വേളിയിൽ പ്രചാരണം സമാപിക്കുന്നതിന് തൊട്ടുമുമ്ബ് റോഡ് ഷോയ്ക്ക് മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണി എത്തിയത് വിവാദമായി.
എൽഡിഎഫ് റാലി നടക്കുന്നതിനിടെയാണ് ആന്റണിയുടെ വാഹന വ്യൂഹം കടന്നുവന്നത്. ഇതേത്തുടർന്ന് അതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. ഇതിൽ പ്രതിഷേധിച്ച് വാഹനത്തിൽനിന്ന് ഇറങ്ങിയ ആന്റണിയും കൂട്ടരും എൽഡിഎഫ് റോഡ് ഷോ തടഞ്ഞതായി ആരോപിച്ചു.
പത്തനംതിട്ട നിയോജക മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി കെ.സുരേന്ദ്രന്റെ റോഡ് ഷോ കാഞ്ഞിരപ്പള്ളിയിൽ എൽഡിഎഫ് പ്രവർത്തകർ തടഞ്ഞതായി ആരോപണം ഉയർന്നിരുന്നു. എന്നാൽ, മുതിർന്ന സിപിഎം നേതാക്കൾ ഇടപെട്ട് പ്രവർത്തകരെ മടക്കിയയച്ചു. പാലായിൽ എൽഡിഎഫിന്റെ റോഡ് ഷോയ്ക്കിടെ ആന ഇടഞ്ഞത് പരിഭ്രാന്തി പടർത്തി. ഒടുവിൽ ആനയെ തളയ്ക്കുകയായിരുന്നു.