
കോട്ടയം: നഗരസഭ തിരഞ്ഞെടുപ്പിൽ ചിങ്ങവനം പ്രദേശത്തെ കോൺഗ്രസിൽ പൊട്ടിത്തെറി. നഗരസഭയിലെ പാലമ്മൂട് വാർഡിലെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് മണ്ഡലം കമ്മിറ്റി വൈസ് പ്രസിഡന്റ് രാജി വച്ചു.
ചിങ്ങവനം മണ്ഡലം വൈസ് പ്രസിഡന്റ് ബെന്നി മാത്യുവാണ് രാജി വച്ചത്. നഗരസഭ തിരഞ്ഞെടുപ്പിൽ പാലമ്മൂട് വാർഡിൽ യുഡിഎഫിന് വേണ്ടി കോൺഗ്രസിലെ കെ.കെ പ്രസാദാണ് സ്ഥാനാർത്ഥി. എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നത് കേരള കോൺഗ്രസ് എമ്മിലെ ജോസ് പള്ളിക്കുന്നേലാണ്.
മത്സരം ശക്തമായി പുരോഗമിക്കുന്നതിനിടെയാണ് ഇപ്പോൾ യുഡിഎഫ് കേന്ദ്രങ്ങളെ ഞെട്ടിച്ച് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് രാജി വച്ചത്. നഗരസഭ മുപ്പതാം വാർഡിൽ സ്ഥാനാർത്ഥികളായി നാലു പേരുടെ പേരുകളാണ് കോൺഗ്രസ് പാർട്ടി മുന്നോട്ട് വച്ചതെന്ന് ബെന്നി പറയുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാൽ, ഈ പേരുകൾ നിർദേശിച്ചെങ്കിലും വാർഡ് കമ്മിറ്റിയോ മണ്ഡലം കമ്മിറ്റിയോ ഏകപക്ഷീയമായ രീതിയിൽ സ്ഥാനാർത്ഥി നിർണ്ണയം നടത്തുകയായിരുന്നുവെന്നാണ് പരാതി.
ഈ നടപടിയിൽ പ്രതിഷേധിച്ചാണ് ഇപ്പോൾ താൻ രാജി വച്ചതെന്നാണ് ബെന്നി പറയുന്നത്. രാജികത്ത് ചിങ്ങവനം മണ്ഡലം പ്രസിഡന്റിന് കൈമാറിയതായും അദ്ദേഹം പറഞ്ഞു.




