
ദില്ലി: തെരഞ്ഞെടുപ്പ് കമ്മീഷൻ സർക്കുലറില്‍ ബിജെപി സീല്‍ പതിച്ചതിന്‍റെ വിവരങ്ങള്‍ സമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവച്ച മാധ്യമപ്രവർത്തകരുടെയും മാധ്യമ സ്ഥാപനങ്ങള്‍ക്കും പോസ്റ്റുകള്‍ കേരള പൊലീസിന്‍റെ നിർദേശ പ്രകാരം എക്സ് നീക്കി തുടങ്ങി.
ക്ലറിക്കല്‍ പിഴവെന്ന് ഇന്നലെ തെരഞ്ഞെടുപ്പ് കമ്മീഷൻ പരസ്യമായി സമ്മതിച്ച നടപടിയുടെ വിവരങ്ങള്‍ സമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ച മാധ്യമപ്രവർത്തകർക്കും മാധ്യമ സ്ഥാപനങ്ങള്‍ക്കും രാവിലെയാണ് എക്സിന്‍റെ ഇമെയില്‍ ലഭിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷൻ സമ്മതിച്ച പിഴവിന്‍റെ വിവരങ്ങള്‍ പങ്കുവച്ചതിനെതിരായ നടപടിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
യുപി അടക്കം വിവിധ സംസ്ഥാനങ്ങളിലുള്ള മാധ്യമപ്രവർത്തകർ, കോണ്‍ഗ്രസ് പ്രവർത്തകർ, സ്വതന്ത്ര മാധ്യമ പ്ലാറ്റ്ഫോമുകള്‍ എന്നിവയ്ക്കാണ് നോട്ടീസ് ലഭിച്ചത്. പോസ്റ്റ് തെരഞ്ഞെടുപ്പ് കമ്മീഷനെ അപകീർത്തിപ്പെടുത്തുന്നതാണെന്നും, പോസ്റ്റ് നീക്കം ചെയ്യണമെന്ന് കേരള പൊലീസ് ആവശ്യപ്പെടുന്നുണ്ടെന്നുമാണ് ഏക്സ് അറിയിച്ചത്. കേരള ഡിജിപിക്ക് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നല്‍കിയ കത്തിന്‍റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് വിവരം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അറിയിപ്പ് ലഭിച്ച ശേഷം നീക്കം ചെയ്യാത്തവരുടെ പോസ്റ്റുകള്‍ എക്സ് തന്നെ നീക്കി തുടങ്ങി. ഐടി നിയമത്തിലെ 79 മൂന്ന് ബി അനുസരിച്ചാണ് നടപടി. ചട്ടവിരുദ്ധമായ പോസ്റ്റുകള്‍ സർക്കാർ ഏജൻസികള്‍ ആവശ്യപ്പെട്ടാല്‍ നീക്കം ചെയ്യാൻ അനുശാസിക്കുന്ന വകുപ്പാണിത്. നടപടി അഭിപ്രായ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണെന്നാണ് വിമർശനം, തെരഞ്ഞെടുപ്പ് കമ്മീഷനെ പുകഴ്ത്തിയാല്‍ പ്രശ്നം തീരുമോയെന്നും പരിഹാസം ഉയരുന്നുണ്ട്.
അതേസമയം വിവരം ആദ്യം പങ്കുവച്ച കേരള സിപിഎം എക്സ് ഹാൻഡിലിന് മാത്രം നോട്ടീസ് ലഭിക്കാത്തത് വിചിത്രമാണെന്ന് കോണ്‍ഗ്രസ് പ്രവർത്തകർ ആരോപിച്ചു. നോട്ടീസ് ലഭിച്ചോയെന്ന് സിപിഎം വ്യക്തമാക്കിയിട്ടില്ല. നേരത്തെയും കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന പോസ്റ്റുകള്‍ സർക്കാർ ഏജൻസികള്‍ ഇടപെട്ട് ഇത്തരത്തില്‍ നീക്കിയിരുന്നു. സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകളിലെ വിമത സ്വരങ്ങള്‍ അടിച്ചമർത്താൻ കേന്ദ്രസർക്കാർ ഏജൻസികളെ ആയുധമാക്കുന്നുവെന്ന വിമർശനം ശക്തമാകുമ്പോഴാണ് യഥാർത്ഥ വിവരങ്ങള്‍ പങ്കുവച്ചവർക്കെതിരായ നടപടി.



