കെ സുധാകരന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്
സ്വന്തംലേഖകൻ
കോട്ടയം : സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ പ്രചാരണം നടത്തിയ കണ്ണൂരിലെ യുഡിഎഫ് സ്ഥാനാർഥി കെ.സുധാകരന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ നിർദ്ദേശ പ്രകാരം ജില്ലാ കലക്ടറാണ് നോട്ടീസ് നൽകിയത്. പരസ്യം തയ്യാറാക്കിയപ്പോൾ തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചെന്നാണ് ആക്ഷേപം.ഓളെ പഠിപ്പിച്ച് ടീച്ചറാക്കിയത് വെറുതെയായെന്ന തലക്കെട്ടോടെ സുധാകരൻ ഫേസ്്ബുക്കിൽ നൽകിയ വീഡിയോ പരസ്യമാണ് വിവാദമായത്. പരസ്യം സ്ത്രീവിരുദ്ധമാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറും വനിതാ കമ്മീഷനും കണ്ടെത്തിയിരുന്നു. സംഭവത്തിൽ വനിതാ കമ്മീഷൻ സുധാകരനെതിരെ കേസെടുക്കുകയും ചെയ്തു. വീഡിയോയിലെ കഥാപാത്രങ്ങൾക്ക് പാർലമെൻറിൽ പ്രസംഗിച്ചവരോ ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി ബന്ധമില്ല എന്നുകൂടി എഴുതിച്ചേർത്താണ് സുധാകരൻ ഫേസ്ബുക്കിലൂടെ വീഡിയോ പ്രചരിപ്പിച്ചത്. ഈ വീഡിയോ എൽഡിഎഫ് സ്ഥാനാർത്ഥി പി കെ ശ്രീമതി ടീച്ചറെ ലക്ഷ്യംവെച്ചാണെന്ന ആരോപണവുമായി സിപിഐഎം രംഗത്തെത്തിയിരുന്നു. കോൺഗ്രസിലെ തന്നെ വനിതാ നേതാക്കളെയും പൊതുരംഗത്തുള്ള മറ്റ് വനിതകളേയും അപമാനിക്കുന്നതാണ് വീഡിയോ എന്നും വിമർശനം ഉയർന്നിരുന്നു.