
ദില്ലി: വോട്ടർപട്ടിക ക്രമക്കേടിനെക്കുറിച്ചുള്ള ആരോപണങ്ങൾക്ക് മറുപടി നൽകാൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാർത്താ സമ്മേളനം ഇന്ന്. ഉച്ചതിരിഞ്ഞ് മൂന്ന് മണിക്കാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറും അംഗങ്ങളും വാർത്താസമ്മേളനം വിളിച്ചിരിക്കുന്നത്. വോട്ടർ പട്ടിക സുതാര്യമാക്കാനുള്ള എല്ലാ നിർദ്ദേശവും സ്വാഗതം ചെയ്യുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്നലെ പ്രസ്താവന ഇറക്കിയിരുന്നു. കരടു വോട്ടർപട്ടിക എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും നല്കിയ ശേഷമാണ് അന്തിമരൂപം നൽകുന്നതെന്നാണ് കമ്മീഷന്റെ വിശദീകരണം.
രാഹുൽ ഗാന്ധി ബീഹാറിൽ യാത്ര തുടങ്ങുന്ന ഇന്നുതന്നെ കമ്മീഷൻ വാർത്താസമ്മേളനം വിളിച്ചതാണ് നിർണായകം. നേരത്തെ വോട്ടർപട്ടികയിൽ അഞ്ചു ക്രമക്കേടുകൾ ചൂണ്ടിക്കാട്ടിയാണ് രാഹുൽ ഗാന്ധി വാർത്താസമ്മേളനം നടത്തിയത്. ഡിജിറ്റലായും കരടു വോട്ടർ പട്ടിക രാഷ്ട്രീയപാർട്ടികൾക്ക് നല്കിയിരുന്നു. ചില രാഷ്ട്രീയ പാർട്ടികൾ സമയത്ത് ഇത് പരിശോധിച്ചില്ലെന്നാണ് വ്യക്തമാകുന്നതെന്നും കമ്മീഷൻറെ വാർത്താക്കുറിപ്പിൽ പറയുന്നുണ്ട്.