
തിരഞ്ഞെടുപ്പു പോരാട്ടത്തിനിടെ ചാലക്കുടിയിലെ സ്ഥാനാർത്ഥി വീണു: ചൂടും ടെൻഷനും വില്ലനായി; ബെന്നി ബെഹന്നാൻ ആശുപത്രിയിൽ
സ്വന്തം ലേഖകൻ
ചാലക്കുടി: തിരഞ്ഞെടുപ്പു പോരാട്ടത്തിന്റെ ടെൻഷനൊപ്പം അന്തരീക്ഷത്തിലെ ചൂട് സ്ഥാനാർത്ഥികളെ എത്രത്തോളം ബാധിക്കുന്നുണ്ടെന്നു വ്യക്തമാക്കി ചാലക്കുടിയിലെ യുഡിഎഫ് സ്ഥാനാർത്ഥിയുടെ വീഴ്ച. ചാലക്കുടിയിലെ യുഡിഎഫ് സ്ഥനാർത്ഥി ബെന്നി ബെഹന്നാനാണ് ഹൃദയാഘാതത്തെ തുടർന്ന് വീണു പോയത്. വിശ്രമമില്ലാതെയുള്ള തിരഞ്ഞെടുപ്പ് പ്രചാരണവും ചൂടുമാണ് സ്ഥാനാർത്ഥിയെ ചതിച്ചത്.
വെള്ളിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് ബെന്നി ബെഹന്നാന് ഹൃദയാഘാതമുണ്ടായത്. ഉടൻ കൊച്ചിയിലെ സൺറൈസേഴ്സ് ആശുപത്രിയിൽ എത്തിച്ചു. ലോ പ്രഷറാണ് ബെന്നിക്ക് വിനയായത്. ഇപ്പോൾ അപകടനില തരണം ചെയ്തു. ചാലക്കുടിയിലെ സ്ഥാനാർത്ഥിയുടെ പ്രചരണ പരിപാടികൾ എല്ലാം മാറ്റി വച്ചിട്ടുണ്ട്. ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ് ബെന്നി ഇപ്പോൾ. രണ്ട് ദിവസത്തിനകം ആരോഗ്യം വീണ്ടെടുക്കാനാകുമെന്നാണ് പ്രതീക്ഷ. എങ്കിലും വിശ്രമം വേണ്ടി വരും. ചാലക്കുടിയിൽ അിതശക്തമായ മത്സരമാണ് നടക്കുന്നത്. സിറ്റിങ് എംപിയായ ഇന്നസെന്റാണ് ഇവിടെ സ്ഥാനാർത്ഥി.
സൺറൈസേഴ്സ് ആശുപത്രിയിൽ എത്തിയപ്പോൾ തന്നെ ബെന്നിക്ക് ആൻജിയോ പ്ലാസ്റ്റി സർജറി നടത്തിയതായാണ് സൂചന. പൂർണ്ണ വിജയമായിരുന്നു ശസ്ത്ര ക്രിയ. ഹൃദയത്തിലെ ബ്ലോക്കുകൾ മാറ്റുകയും ചെയ്തു. ഇതോടെയാണ് ബെന്നി അപകട നില തരണം ചെയ്തത്. ചാലക്കുടി എംഎൽഎ റോജി ജോൺ അടക്കമുള്ളവർ ബെന്നിയ്ക്കൊപ്പം ആശുപത്രിയിൽ ഉണ്ട്. ആരോഗ്യം പൂർണ്ണമായും വീണ്ടെടുത്ത ശേഷം പ്രചരണത്തിൽ സജീവമാകും. അതുവരെ പാർട്ടിയാകും പ്രചരണത്തിൽ ഇനി സജീവമാകുകയെന്നാണ് സൂചന.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊച്ചിയിലെ കോൺഗ്രസിലെ പ്രധാന നേതാവാണ് ബെന്നി. കൊച്ചിയിലേയും ഇടുക്കിയിലേയും കോട്ടയത്തേയും കോൺഗ്രസിന്റെ പ്രചരണത്തിലും ബെന്നി ഇടപെടലുകൾ നടത്താറുണ്ടായിരുന്നു. മികവുറ്റ സംഘാടകനെന്ന നിലയിലെ ബെന്നിയുടെ കഴിവുകൾ എല്ലാ സ്ഥാനാർത്ഥികളും ഉപയോഗിക്കുന്നുണ്ടായിരുന്നു. ഇന്നലത്തെ പ്രചരണം കഴിഞ്ഞ ശേഷം ബെന്നി വീട്ടിലേക്കാണ് പോയത്. ഇവിടെ വച്ചാണ് നെഞ്ചു വേദന അനുഭവപ്പെട്ടത്. രക്തസമ്മർദ്ദം കുറഞ്ഞതാണ് പ്രശ്ന കാരണമായത്. ഉടനെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. അടിയന്തരമായി ആൻഡിയോ പ്ലാസ്റ്റിയും ചെയ്തു. ഇതിന് ശേഷം കോൺഗ്രസ് നേതാക്കളുമായി ബെന്നി ഫോണിൽ സംസാരിച്ചിട്ടുണ്ട്.
വെള്ളിയാഴ്ച രാവിലെ അങ്കമാലിയിലാണ് ബെന്നിയുടെ പ്രചരണത്തിന് തുടക്കം കുറിക്കേണ്ടിയിരുന്നത്. രാവിലെ ഏഴ് മണിക്ക് അതിനുള്ള ഒരുക്കങ്ങളും പൂർത്തിയായിരുന്നു. ഇതിനിടെയാണ് അസുഖമെത്തുന്നത്. ഇനി കോൺഗ്രസ് നേതാക്കൾ കൂടിയാലോചിച്ച് ബെന്നിയുടെ പ്രചരണത്തിൽ തീരുമാനം എടുക്കും. ബെന്നിയുടെ പ്രചരണത്തിന്റെ ചുമതല ഉമ്മൻ ചാണ്ടി ഏറ്റെടുക്കാനും സാധ്യതയുണ്ട്. അത്രയേറെ പ്രധാനപ്പെട്ടതാണ് ചാലക്കുടിയിലെ കോൺഗ്രസിന്റെ മത്സരം. കോൺഗ്രസിന്റെ ശക്തമായ കേന്ദ്രത്തിൽ കഴിഞ്ഞ തവണ സിപിഎം ജയിക്കുകയായിരുന്നു. ഇന്നസെന്റ് പിടിച്ചടെുത്ത മണ്ഡലം തിരിച്ചു പിടിക്കുകയെന്ന ദൗത്യമാണ് ബെന്നിയെ കോൺഗ്രസ് നേതൃത്വം ഏൽപ്പിച്ചിരുന്നതും.
കെപിസിസിയിലുണ്ടായ അഴിച്ചു പണിക്ക് പിന്നാലെ യുഡിഎഫ് നേതൃത്വത്തിലും മാറ്റം ഉണ്ടായിരുന്നു. ഇതിന്റെ ഭാഗമായാണ് യുഡിഎഫ് കൺവീനറായി പി.പി.തങ്കച്ചന് പകരം ബെന്നി ബെഹന്നാനെ നിയമിച്ചത്. കെപിസിസി നേതൃത്വത്തിലുണ്ടായ അഴിച്ചു പണിയിൽ എ ഗ്രൂപ്പിനുണ്ടായ അതൃപ്തി പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനായ ബെന്നി ബെഹന്നാനെ യുഡിഎഫിന്റെ കൺവീനറായി നിയമിച്ചത്. അതിന് ശേഷം തീർത്തും അപ്രതീക്ഷിതമായാണ് ചാലക്കുടിയിൽ ബെന്നിയുടെ പേര് ഉയർന്നത്. ഏറ്റവും വിജയ സാധ്യതയുള്ള സ്ഥാനാർത്ഥി എന്ന നിലയിലാണ് ഉമ്മൻ ചാണ്ടി ബെന്നിയുടെ പേര് ഉയർത്തിക്കാട്ടിയത്.
നേരത്തെ തൃക്കാക്കരയുടെ എംഎൽഎയായിരുന്നു ബെന്നി. എന്നാൽ ഈ സീറ്റിൽ കഴിഞ്ഞ തവണ മത്സരിച്ചതും എംഎൽഎയായതും പിടി തോമസായിരുന്നു. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് ബെന്നിക്ക് ലോക്സഭയിൽ മത്സരിക്കാൻ അവസരം ഒരുക്കിയത്.