
കോട്ടയം: മൂന്ന് വർഷം മുമ്പുള്ള ഒരു ഗഡു ക്ഷാമബത്ത അനുവദിച്ച ഉത്തരവിൽ മുൻ കാലങ്ങളിൽ നിന്ന് വ്യത്യസ്തമായി മുൻകാല പ്രാബല്യത്തെക്കുറിച്ച് പരാമർശിക്കുന്നത് തിരഞ്ഞെടുപ്പ് കാലത്ത് മാത്രമുണ്ടായ പ്രതിഭാസമാണെന്ന് സെറ്റോ ചെയർമാൻ ചവറ ജയകുമാർ അഭിപ്രായപ്പെട്ടു.
ഇപ്പോൾ ക്ഷാമബത്ത അനുവദിച്ചുകൊണ്ടുള്ള ഉത്തരവിൽ മുൻകാലങ്ങളിൽ നിന്ന് വിഭിന്നമായി കുടിശ്ശികയെപ്പറ്റി പരാമർശിക്കുന്നു. ഇത് സംബന്ധിച്ച് പ്രത്യേക ഉത്തരവ് ഇറക്കുമെന്നാണ് പ്രതിപാദിച്ചിരിക്കുന്നത്.
ഏകാധിപത്യശൈലിയിൽ ആനുകൂല്യങ്ങൾ നിരന്തരമായി കവർന്നെടുത്തുകൊണ്ടിരുന്നവർ വോട്ടിന് വേണ്ടി മര്യാദരാമൻമാരായി മാറിയിരിക്കുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ക്ഷാമബത്ത ജീവനക്കാരുടെ അവകാശമല്ല ഔദാര്യമാണെന്ന് കോടതിയിൽ സത്യവാങ്മൂലം നൽകിയ ഇടത് സർക്കാരിൻ്റെ ഇരട്ടത്താപ്പാണ് ഈ ഉത്തരവിലൂടെ പുറത്തുവന്നിരിക്കുന്നത്.
ഇടതു സർക്കാർ അധികാരത്തിൽ വന്നതിനുശേഷം നാളിതുവരെ ഇറങ്ങിയിട്ടുള്ള ഉത്തരവുകളിൽ ഒന്നും ക്ഷാമബത്ത കുടിശ്ശികയെക്കുറിച്ച് പരാമർശം ഉണ്ടായിട്ടില്ല.
2021 മുതൽ ലഭിക്കേണ്ട ക്ഷാമബത്ത അനുവദിച്ചപ്പോൾ 190 മാസത്തെ കുടിശ്ശിക കവർന്നെടുത്തു. നഷ്ടപ്പെട്ട കുടിശ്ശികയെക്കുറിച്ച് ബഡ്ജറ്റിൽ യാതൊരു പരാമർശവും ഉണ്ടായിട്ടില്ല. ഈ സർക്കാരിൻ്റെ കാലത്ത് 5 ഗഡു അനുവദിച്ചതിൽ മുൻകാല പ്രാബല്യം നിഷേധിച്ചത് വഴി 5000 കോടി രൂപയാണ് സർക്കാർ അപഹരിച്ചത്.
2011-16 ൽ അധികാരത്തിലിരുന്ന ഉമ്മൻചാണ്ടി സർക്കാരിൻ്റെ കാലയളവിൽ 11 ഗഡു ക്ഷാമബത്ത അനുവദിച്ചു. കേന്ദ്രത്തിൽ ക്ഷാമബത്ത അനുവദിച്ച് ഉത്തരവിറങ്ങി മഷി ഉണങ്ങുന്നതിനു മുമ്പ് കേരളത്തിലും ക്ഷാമബത്ത അനുവദിച്ചിരുന്നു. എന്നാൽ ഇടതു സർക്കാർ അധികാരത്തിലെത്തി പത്ത് വർഷം പിന്നിടുമ്പോൾ ഇനിയും നാല് ഗഡു ക്ഷാമബത്ത കുടിശ്ശികയാണ്.
ഇത്തരത്തിൽ നിരന്തരമായി മുൻകാല പ്രാബല്യം നിഷേധിച്ച് ജീവനക്കാരുടെ ആനുകൂല്യം കവർന്നെടുക്കുന്ന ഇടത് സർക്കാരിൻ്റെ കാപട്യം അധ്യാപകരും ജീവനക്കാരും തിരിച്ചറിഞ്ഞു കഴിഞ്ഞു. ഇപ്പോഴുള്ള കുടിശ്ശികയും, ലഭിക്കാനുള്ള ക്ഷാമബത്തയും, ശമ്പള പരിഷ്കരണവുമെല്ലാം വരുന്ന സർക്കാരിൻ്റെ തലയിൽ വെച്ച് തടി ഊരാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും എന്നും തുടർന്ന് അദ്ദേഹം കുറ്റപ്പെടുത്തി.



