video
play-sharp-fill
തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണം: ക്രമീകരണങ്ങള്‍ കേന്ദ്ര നിരീക്ഷകന്‍ വിലയിരുത്തി

തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണം: ക്രമീകരണങ്ങള്‍ കേന്ദ്ര നിരീക്ഷകന്‍ വിലയിരുത്തി

സ്വന്തംലേഖകൻ

കോട്ടയം : സ്ഥാനാര്‍ത്ഥികളുടെയും പാര്‍ട്ടികളുടെയും തിരഞ്ഞെടുപ്പ് ചെലവുകള്‍ നിരീക്ഷിക്കുന്നതിനായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച ഒബ്സര്‍വര്‍ കെ. വി ഗണേഷ് പ്രസാദ് കോട്ടയം മണ്ഡലത്തിലെ ക്രമീകരണങ്ങള്‍ വിലയിരുത്തി.  ഇന്നലെ രാവിലെ കളക്ട്രേറ്റിലെത്തിയ അദ്ദേഹം ജില്ലാ വരണാധികാരിയായ ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബുവമായി കൂടിക്കാഴ്ച്ച നടത്തി.
തുടര്‍ന്ന് നടന്ന അവലോകന യോഗത്തില്‍ ചെലവ് നിരീക്ഷണം, അക്കൗണ്ടിംഗ്, വീഡിയോ നീരീക്ഷണം എന്നിവയുടെ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്ക് പ്രവര്‍ത്തന മാര്‍ഗരേഖ സംബന്ധിച്ച നിര്‍ദേശങ്ങള്‍ നല്‍കി. തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ എം.വി. സുരേഷ്കുമാര്‍, എക്സ്പെന്‍ഡിച്ചര്‍ മോണിട്ടറിംഗ് നോഡല്‍ ഓഫീസര്‍ റേച്ചല്‍ ജോര്‍ജ്, നിയമസഭാ മണ്ഡലങ്ങളിലെ അസിസ്റ്റന്‍റ് എക്സ്പെന്‍ഡിച്ചര്‍ ഒബ്സര്‍വര്‍മാര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
എക്സ്പെന്‍ഡിച്ചര്‍ മോണിട്ടറിംഗ് സെല്ലിലും മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍റ്            മോണിട്ടറിംഗ് സെല്ലിലും കേന്ദ്ര നിരീക്ഷകന്‍ സന്ദര്‍ശനം നടത്തി.
തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്ന സാധനസാമഗ്രികളുടെ           അടിസ്ഥാന നിരക്കുകള്‍ നിശ്ചയിച്ചിട്ടുണ്ട്. ഇതിനെ ആധാരമാക്കിയാണ് തിരഞ്ഞെടുപ്പ് ചെലവുകള്‍ കണക്കാക്കുന്നത്. സ്ഥാനാര്‍ഥിയോ ഏജന്‍റുമാരോ എല്ലാ ദിവസവും ചെലവു വിവരം നിശ്ചിത മാതൃകയിലുള്ള രജിസ്റ്ററില്‍ രേഖപ്പെടുത്തണം. കേന്ദ്ര നിരീക്ഷകന്‍ പങ്കെടുക്കുന്ന യോഗങ്ങളില്‍ ഈ രജിസ്റ്ററും അനുബന്ധ ബില്ലുകളും വൗച്ചറുകളും ബാങ്ക് പാസ്ബുക്കും ഹാജരാക്കണം.
സ്ഥാനാര്‍ഥികള്‍ ഹാജരാക്കുന്ന കണക്കുകളും എക്സ്പെന്‍ഡിച്ചര്‍ മോണിട്ടറിംഗ് സെല്ലിന്‍റെ കൈവശമുള്ള കണക്കുകളും ഒത്തു നോക്കി തുടര്‍ നടപടികള്‍ സ്വീകരിക്കും.
തിരഞ്ഞെടുപ്പ് ചെലവ് സംബന്ധിച്ച് പൊതുജനങ്ങള്‍ക്കോ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കോ           പരാതികളുണ്ടെങ്കില്‍ നിരീക്ഷകനെ അറിയിക്കാം. ഫോണ്‍ നമ്പര്‍: 04812342530, 8304865833