
കള്ളവോട്ട് തെളിഞ്ഞാൽ വീണ്ടും പോളിംഗ് നടത്തും
സ്വന്തംലേഖകൻ
തിരുവനന്തപുരം: കാസർഗോഡ്, കണ്ണൂർ ജില്ലകളിൽ കള്ളവോട്ട് ചെയ്തെന്നു തെളിഞ്ഞാൽ ഈ ബൂത്തുകളിൽ റീ പോളിംഗ് വരും. കള്ളവോട്ട് ചെയ്തവർക്കും ഒത്താശ ചെയ്ത പോളിംഗ് ചുമതലയുള്ള ഉദ്യോഗസ്ഥർക്കും രാഷ്ട്രീയ പാർട്ടികളുടെ ബൂത്ത് ഏജന്റുമാർക്കുമെതിരേ ഇന്ത്യൻ ശിക്ഷാ നിയമത്തിന്റെയും ജനപ്രാതിനിധ്യ നിയമത്തിന്റെയും അടിസ്ഥാനത്തിൽ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യും. ആൾമാറാട്ടം, വ്യാജരേഖ ചമയ്ക്കൽ, കള്ളവോട്ട് ചെയ്തു തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമം തുടങ്ങിയ വകുപ്പുകൾ ചേർത്താണു കേസ് രജിസ്റ്റർ ചെയ്യുക. കുറ്റം തെളിഞ്ഞാൽ ഒരു വർഷം വരെ തടവും പിഴയും ലഭിക്കാം.ഉദ്യോഗസ്ഥർക്കെതിരേ സസ്പെൻഷൻ ഉൾപ്പെടെയുള്ള വകുപ്പുതല അച്ചടക്ക നടപടിയുണ്ടാകും. വരണാധികാരികളായ ജില്ലാ കളക്ടർമാരോടു സിസിടിവി ദൃശ്യങ്ങൾ സഹിതമുള്ള അടിയന്തര റിപ്പോർട്ട് നൽകാൻ സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ നിർദേശം നൽകി. റിപ്പോർട്ടും വീഡിയോ ദൃശ്യങ്ങളും പരിശോധിച്ച ശേഷം മുഖ്യ തെരഞ്ഞെടുപ്പു ഓഫീസറുടെ ശിപാർശയോടെ ഫയൽ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷനു കൈമാറും. തെരഞ്ഞെടുപ്പു കമ്മീഷൻ നിർദേശത്തിന്റെ അടിസ്ഥാനത്തിലാകും നടപടികൾ. ജനപ്രതിനിധികൾ കള്ളവോട്ടു ചെയ്തെന്നു തെളിഞ്ഞാൽ, ഇവരെ അയോഗ്യരാക്കാനും വ്യവസ്ഥയുണ്ട്. കണ്ണൂരിൽ വ്യാപക കള്ളവോട്ടിനു സാധ്യതയുണ്ടെന്ന റിപ്പോർട്ടുകളുടെയും പരാതികളുടെയും അടിസ്ഥാനത്തിലാണ് 1,800 സിസിടിവി കാമറകൾ സ്ഥാപിച്ചത്. കാസർഗോഡ് മണ്ഡലത്തിൽ ഉൾപ്പെടുന്ന കണ്ണൂർ ജില്ലയിലെ വിവിധ ബൂത്തുകളിലായി ആറു പേർ കള്ളവോട്ട് ചെയ്യുന്ന ദൃശ്യങ്ങളടങ്ങിയ പരാതിയാണ് യുഡിഎഫും കോണ്ഗ്രസും തെരഞ്ഞെടുപ്പു കമ്മീഷനു സമർപ്പിച്ചിട്ടുള്ളത്. കള്ളവോട്ട് നടന്ന കേന്ദ്രങ്ങളിൽ റീ- പോളിംഗ് വേണമെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടു.