play-sharp-fill
പോളിംഗ് ഉദ്യോഗസ്ഥര്‍ ഇന്ന് (ഏപ്രില്‍ 22) ബൂത്തിലേക്ക്

പോളിംഗ് ഉദ്യോഗസ്ഥര്‍ ഇന്ന് (ഏപ്രില്‍ 22) ബൂത്തിലേക്ക്

സ്വന്തംലേഖകൻ

കോട്ടയം : നാളെ(ഏപ്രില്‍ 23) നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സാമഗ്രികള്‍ ഏറ്റുവാങ്ങി പോളിംഗ് ഉദ്യോഗസ്ഥര്‍ ഇന്ന്(ഏപ്രില്‍ 22) ബൂത്തുകളിലെത്തും. ഉദ്യോഗസ്ഥരുടെ ബൂത്ത്  നിര്‍ണയിക്കുന്നതിനുള്ള റാന്‍ഡമൈസേഷന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ പൊതു നിരീക്ഷകന്‍ നിതിന്‍ കെ. പാട്ടീലിന്‍റെ സാന്നിധ്യത്തില്‍ ഇന്നലെ(ഏപ്രില്‍ 21) കളക്ട്രേറ്റില്‍ നടന്നു.
ഇന്ന്(ഏപ്രില്‍ 22) രാവിലെ ഒന്‍പതു മുതല്‍ ഒന്‍പതു കേന്ദ്രങ്ങളിലായി ജില്ലയിലെ നിയമസഭാ നിയോജക മണ്ഡലാടിസ്ഥാനത്തില്‍ പോളിംഗ് സാമഗ്രികളുടെ വിതരണം നടക്കും. വിതരണ കേന്ദ്രങ്ങളില്‍ ഇംഗ്ലീഷ് അക്ഷരമാലാ ക്രമത്തില്‍ പോളിംഗ് ഉദ്യോഗസ്ഥരുടെ പേരുകളും അവരെ നിയോഗിച്ചിട്ടുള്ള ബൂത്തുകളുടെ വിവരവും പ്രദര്‍ശിപ്പിക്കും. ഈ പട്ടിക നോക്കി അതത് ബൂത്തുകളുടെ വിതരണ കൗണ്ടറിലെത്താം. അവിടെ സ്വന്തം ബൂത്തിലെ സഹപ്രവര്‍ത്തകരുമായി ചേര്‍ന്ന് പോളിംഗ് സാമഗ്രികള്‍ സ്വീകരിക്കാം.
മൊട്ടൂസൂചി മുതല്‍ വോട്ടിംഗ് യന്ത്രം വരെയുള്ള സാധന സാമഗ്രികളാണ് വിതരണ കേന്ദ്രങ്ങളില്‍ കൈമാറുന്നത്. ഇവ കൈപ്പറ്റി ഉച്ചയോടെ ഉദ്യോഗസ്ഥര്‍ക്ക് പോളിംഗ് ബൂത്തുകളിലേക്ക് പോകാനാകും. ഇതിനായി ക്രമീകരിച്ചിട്ടുള്ള വാഹനങ്ങളില്‍ ഡ്രൈവര്‍ക്കു പുറമെ ഒരു റൂട്ട് ഓഫീസറുമുണ്ടാകും.
വാഹനങ്ങള്‍ക്ക് പോലീസ് സംരക്ഷണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിതരണ കേന്ദ്രങ്ങളില്‍നിന്ന്  ഉദ്യോഗസ്ഥരെ പോളിംഗ് ബൂത്തുകളില്‍ എത്തിക്കുന്നതിന്‍റെ ഏകോപനച്ചുമതല അതത് തഹസില്‍ദാര്‍മാര്‍ക്കാണ്.

പോളിംഗ് സാമഗ്രികളുടെ വിതരണ കേന്ദ്രങ്ങള്‍

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍
നിയോജകമണ്ഡലങ്ങളിലെ പോളിംഗ് സാമഗ്രികള്‍ കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി എന്‍ജിനീയറിംഗ് കോളേജിലും ഏറ്റുമാനൂര്‍, കോട്ടയം മണ്ഡലങ്ങളിലേത് കോട്ടയം എം.ഡി.  സെമിനാരി ഹയര്‍ സെക്കന്‍ഡറി സ്കൂളിലുമാണ് വിതരണം ചെയ്യുക.
മറ്റു മണ്ഡലങ്ങളുടെ വിതരണ കേന്ദ്രങ്ങള്‍: കടുത്തുരുത്തി-സെന്‍റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പാലാ, പുതുപ്പള്ളി-ബസേലിയോസ് കോളേജ് കോട്ടയം, ചങ്ങനാശേരി-എസ്.ബി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ചങ്ങനാശേരി, വൈക്കം-ആശ്രാമം സ്കൂള്‍ വൈക്കം, പാലാ-കാര്‍മല്‍ പബ്ലിക് സ്കൂള്‍ പാലാ.