
ഡീഫേസ്‌മെന്റ് സ്‌ക്വാഡുകള്‍ മായ്ച്ചത് 43539 ചുവരെഴുത്തുകള്‍..
സ്വന്തംലേഖകൻ
കോട്ടയം : തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം രൂപീകരിച്ച ഡീഫേസ്‌മെന്റ് സ്‌ക്വാഡുകള്‍ കോട്ടയം ജില്ലയില്‍ ഇതുവരെ മായ്ച്ചത് 43539 ചുവരെഴുത്തുകള്‍.തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പൊതു സ്ഥാപനങ്ങളുടെ മതിലുകളില്‍ അനുവാദമില്ലാതെ എഴുതിയവയാണ് തിരിച്ചറിയാനാവാത്തവിധം കരി ഓയില്‍ ഉപയോഗിച്ചാണ് മായ്ക്കുന്നത്.
അനുവാദം ചോദിക്കാതെ എഴുതിയെന്ന പരാതികള്‍ പരിഗണിച്ച് സ്വകാര്യ വ്യക്തികളുടെ ചുവരുകളിലെ എഴുത്തുകളും നീക്കം ചെയ്യുന്നുണ്ട്. 2836 പോസ്റ്ററുകളും 35 ബാനറുകളും ഇതുവരെ നീക്കംചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

നീക്കം ചെയ്യുന്ന പരസ്യ സാമഗ്രികളുടെ വിശദാംശങ്ങള്‍ ഡീഫേസ്‌മെന്റ് സ്‌ക്വാഡ് അതത് ദിവസംതന്നെ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ക്ക് നല്‍കുന്നുണ്ട്. എ.ഡി.എം അജിത കുമാറിന്റെ നേതൃത്വത്തില്‍ ഒന്‍പത് സ്‌ക്വാഡുകളാണ് നിയോജകമണ്ഡലാടിസ്ഥാനത്തില്‍ ഡീഫേസ്‌മെന്റ് പ്രവര്‍ത്തനം നടത്തുന്നത്.
ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ റെജി ജോക്കബ്, സൈമണ്‍ ഐസക്, ടി.കെ.സുഭാഷ് കുമാര്‍, എസ്. പ്രഭുല്ലകുമാര്‍, അബ്ദുള്‍ റസാഖ്, സിബി ജേക്കബ്, എം. രവി, ബി. മഞ്ജിത്ത്, പി. ഐ നൗഷാദ് എന്നിവരാണ് സ്‌ക്വാഡ് ലീഡര്‍മാര്‍. സിവില്‍ പോലീസ് ഓഫീസര്‍മാര്‍ ഉള്‍പ്പെടെയുള്ള ജിവനക്കാരും സ്‌ക്വാഡുകളുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നുണ്ട്.