
എട്ടു പത്രികകള്‍ തള്ളി; കോട്ടയം മണ്ഡലത്തില്‍ ഏഴു സ്ഥാനാര്‍ത്ഥികള്‍
സ്വന്തംലേഖകൻ
കോട്ടയം : സൂക്ഷ്മ പരിശോധനയില്‍ എട്ടു പത്രികകള്‍ തള്ളിയതിനെത്തുടര്‍ന്ന് കോട്ടയം ലോക്സഭാ മണ്ഡലത്തില്‍ ശേഷിക്കുന്നത് ഏഴു സ്ഥാനാര്‍ഥികള്‍. ജില്ലാ വരണാധികാരിയായ ജില്ലാ കളക്ടര്‍ പി. കെ. സുധീര്‍ ബാബു നടത്തിയ സൂക്ഷ്മ പരിശോധനയിലാണ് സ്വതന്ത്ര സ്ഥാനാര്‍ഥികളായ ബോബി മാത്യു, ഐസക് ജോണ്‍, എം. കെ. രാജപ്പന്‍, ഓമന കൃഷ്ണദാസ്, ജോസ് മാത്യു, ജോമോന്‍ ജോസഫ്, വി. കെ കൃഷ്ണന്‍കുട്ടി എന്നിവരുടെയും സി.പി.ഐ-എം ഡമ്മി സ്ഥാനാര്‍ഥി ടി.ആര്‍. രഘുനാഥന്‍റെയും പത്രികകള്‍ നിരസിക്കപ്പെട്ടത്.
സി.പി.ഐ.എം സ്ഥാനാര്‍ഥി വി.എന്‍. വാസവന്‍റെ പത്രിക അംഗീകരിച്ച സാഹചര്യത്തിലാണ് ഡമ്മി സ്ഥാനാര്‍ഥിയുടെ പത്രിക തള്ളിയത്. നാമനിര്‍ദേശ പത്രികയിലും സത്യവാങ്മൂലത്തിലും വിവരങ്ങള്‍ രേഖപ്പെടുത്തിയതിലെ അപാകതകള്‍ മൂലമാണ് സ്വതന്ത്ര സ്ഥാനാര്‍ഥികളുടെ പത്രികകള്‍ ഒഴിവാക്കിയത്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ പൊതു നിരീക്ഷകന്‍ നിതിന്‍ കെ. പാട്ടീലിന്‍റെയും സ്ഥാനാര്‍ഥികളുടെയും പ്രതിനിധികളുടെയും സാന്നിധ്യത്തിലായിരുന്നു നടപടികള്‍.
സൂക്ഷ്മപരിശോധനയില്‍ പത്രിക അംഗീകരിക്കപ്പെട്ടതിനെത്തുടര്‍ന്ന് മത്സര രംഗത്തുളളവര്‍ – ജിജോ മോന്‍ ജോസഫ് (ബഹുജന്‍ സമാജ് പാര്‍ട്ടി), തോമസ് ചാഴികാടന്‍ (കേരളാ കോണ്‍ഗ്രസ്-എം), വി.എന്‍. വാസവന്‍ (സി.പി.ഐ-എം), പി.സി. തോമസ് (കേരള കോണ്‍ഗ്രസ്), ഇ. വി. പ്രകാശ് (എസ്.യു.സി.ഐ), ഇഗ്നേഷ്യസ് ഇല്ലിമൂട്ടില്‍ (സ്വതന്ത്രന്‍), തോമസ് ജെ. നിധീരി (സ്വതന്ത്രന്‍) എന്നിവരാണ് ഇനി മത്സരരംഗത്തുള്ളത്.
ഏപ്രില്‍ എട്ടിന് ഉച്ചകഴിഞ്ഞ് മൂന്നുവരെ പത്രികകള്‍ പിന്‍വലിക്കാം.