പത്താം ക്ലാസും  ഗുസ്തിയും വിദ്യാഭ്യാസ യോഗ്യതയായി ലോക്സഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികൾ

പത്താം ക്ലാസും ഗുസ്തിയും വിദ്യാഭ്യാസ യോഗ്യതയായി ലോക്സഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികൾ

സ്വന്തംലേഖകൻ

കൊച്ചി : ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ സ്ഥാനാര്‍ഥികളില്‍ ‘ഭൂരിപക്ഷം’ നിയമ ബിരുദ ധാരികള്‍ക്ക്. ഇരുപതു മണ്ഡലങ്ങളിലായുള്ള പ്രമുഖ മുന്നണി സ്ഥാനാര്‍ഥികളില്‍ പതിനാലു പേരാണ് നിയമ ബിരുദ ധാരികള്‍. ഇതില്‍ രണ്ടുപേര്‍ നിയമത്തില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.
കൊല്ലത്തെ മുന്നു സ്ഥാനാര്‍ഥികളും നിയമ ബിരുദ ധാരികളാണ്. എന്‍ഡിഎ സ്ഥാനാര്‍ഥി സാബു വര്‍ഗീസും യുഡിഎഫ് സ്ഥാനാര്‍ഥി എന്‍കെ പ്രേമചന്ദ്രനും എല്‍എല്‍ബിക്കാരാണ്, എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെഎന്‍ ബാലഗോപാല്‍ എല്‍എല്‍എമ്മുകാരനും. തൊട്ടടുത്ത മാവേലിക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ഥി കൊടിക്കുന്നില്‍ സുരേഷിനും ആറ്റിങ്ങളിലെ യുഡിഎഫ് സ്ഥാനാര്‍ഥി അടൂര്‍ പ്രകാശിനും എല്‍എല്‍ബി ഡിഗ്രിയുണ്ട്.
ബിഎസ്‌സിക്കു ശേഷം നിയമ ബിരുദമെടുത്തയാളാണ് ആലപ്പുഴയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എഎം ആരിഫ്. എതിരാളി യുഡിഎഫിലെ ഷാനിമോള്‍ ഉസ്മാന്‍ ആവട്ടെ എംഎ, എല്‍എല്‍ബിയാണ്. കോട്ടയത്തെ എന്‍ഡിഎ സ്ഥാനാര്‍ഥി പിസി തോമസും നിയമ ബിരുദ ധാരിയാണ്.
എംഎസ്ഡബ്ല്യൂവും എല്‍എല്‍ബിയും ഉള്ളയാളാണ് ഇടുക്കിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോയ്‌സ് ജോര്‍ജ്. എതിരാളി യുഡിഎഫിലെ ഡീന്‍ കുര്യാക്കോസ് എംഎ, എല്‍എല്‍ബിയാണ്. എറണാകുളത്തെ സ്ഥാനാര്‍ഥികളില്‍ രണ്ടുപേരാണ് നിയമ ബിരുദ ധാരികള്‍, എന്‍ഡിഎയിലെ അല്‍ഫോണ്‍സ് കണ്ണന്താനവും എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി രാജീവും.
പാലക്കാട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എംബി രാജേഷ് നിയമ ബിരുദധാരിയാണ്. എന്‍ഡിഎയുടെ വടകരയിലെ സ്ഥാനാര്‍ഥി വികെ സജീവന് നിയമത്തില്‍ ബിരുദവും കോഴിക്കോട്ടെ സ്ഥാനാര്‍ഥി കെപി പ്രകാശ് ബാബുവിന് നിയമത്തില്‍ ബിരുദാനന്തര ബിരുദവുമുണ്ട്.
ബിരുദാനന്തര ബിരുദവും എംഫിലുമാണ് വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ ഗാന്ധിയുടെ വിദ്യാഭ്യാസ യോഗ്യത. തിരുവനന്തപുരത്തെ സ്ഥാനാര്‍ഥി ശശി തരൂരിന് പിഎച്ച്ഡിയുണ്ട്. ആറ്റിങ്ങളിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എ സമ്പത്ത്, ആലപ്പുഴയിലെ എന്‍ഡിഎ സ്ഥാനാര്‍ഥി കെഎസ് രാധാകൃഷ്ണന്‍, ആലത്തൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പികെ ബിജു എന്നിവരാണ് സ്ഥാനാര്‍ഥി പട്ടികയിലുള്ള മറ്റു പിഎച്ച്ഡിക്കാര്‍.
ചാലക്കുടിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഇന്നസെന്റിന് എട്ടാംക്ലാസ് വിദ്യാഭ്യാസമേ ഉള്ളൂ. എന്‍ഡിഎയുടെ വയനാട്ടിലെ സ്ഥാനാര്‍ഥി തുഷാര്‍ വെള്ളാപ്പള്ളി, മാവേലിക്കരയിലെ തഴവ സഹദേവന്‍, ആലത്തൂരിലെ ടിവി ബാബു, കണ്ണൂരിലെ സികെ പദ്മനാഭന്‍, കാസര്‍ക്കോട്ടെ രവീശ തന്ത്രി, ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യാ ഹരിദാസ്, മാവേലിക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ചിറ്റയം ഗോപകുമാര്‍, പൊന്നാനിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഇടി മുഹമ്മദ് ബഷീര്‍ എന്നിവരും എസ്എസ്എല്‍സിക്കാരാണ്.