തദ്ദേശ തെരഞ്ഞെടുപ്പ് ഹരിതചട്ടം പാലിച്ച്‌; പൊതുജനങ്ങൾക്കും നിർദേശം നൽകാം; ഒക്ടോബർ 10 വരെ അവസരം

Spread the love

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് സമ്പൂർണമായും ഹരിതചട്ടം പാലിച്ചും പരിസ്ഥിതിസൗഹൃദമായും നടത്താൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ വിളിച്ച തദ്ദേശവകുപ്പിലെ വിവിധ ഏജൻസികളുടെ യോഗം തീരുമാനിച്ചു. സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ എ ഷാജഹാൻ്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ഇതുസംബന്ധിച്ച പ്രവർത്തന പദ്ധതിക്ക് രൂപംനൽകി. ഒക്ടോബർ 10 വരെ പൊതുജനങ്ങൾക്ക് ഇതുമായി ബന്ധപ്പെട്ട നിർദേശങ്ങൾ നൽകുന്നതിന് അവസരമുണ്ടാകും.

തെരഞ്ഞെടുപ്പ് പ്രഖ്യാപനം മുതൽ ഫലപ്രഖ്യാപനം വരെ ഹരിതചട്ടം പാലിക്കുന്നുവെന്ന് തദ്ദേശവകുപ്പ്, ശുചിത്വ മിഷൻ, ക്ലീൻ കേരള കമ്പനി, കുടുംബശ്രീ, ഹരിതകർമസേന എന്നിവയുടെ പങ്കാളിത്തത്തോടെ ഉറപ്പാക്കും. ഇതിനായി തെരഞ്ഞെടുപ്പ് കമീഷൻ്റെ നേതൃത്വത്തിൽ സംസ്ഥാനതലത്തിലും കലക്ടർമാരുടെ നേതൃത്വത്തിൽ ജില്ലകളിലും നിരീക്ഷണസമിതികൾ രൂപീകരിക്കും.

പ്രചാരണത്തിനുള്ള അച്ചടിസാമഗ്രികളിൽ നിരോധിച്ച വസ്തുക്കൾ ഉപയോഗിച്ചിട്ടില്ല എന്ന് രാഷ്ട്രീയ പാർട്ടികളും സ്ഥാനാർത്ഥികളും ഉറപ്പാക്കണം. ഇത്തരം വസ്തുക്കൾ ഉപയോഗിച്ചതായി കണ്ടെത്തിയാൽ പിഴ ചുമത്തും. തെരഞ്ഞെടുപ്പ് പ്രചാരണസമയത്ത് പരിസ്ഥിതി മലിനീകരണവും ശബ്ദ മലിനീകരണവും നിയന്ത്രിക്കുന്നതിനുള്ള നിർദേശങ്ങൾ പൊതുജനങ്ങൾക്ക് ഒക്ടോബർ 10നകം സമർപ്പിക്കാം. നിർദേശങ്ങൾ [email protected] എന്ന ഇ-മെയിൽ വിലാസത്തിലോ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ, ജനഹിതം, വികാസ് ഭവൻ പി.ഒ, തിരുവനന്തപുരം എന്ന വിലാസത്തിലോ അയക്കാവുന്നതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group