ഫോണുകള്‍ സ്വിച്ച്‌ ഓഫ്; വീട്ടിലുമില്ല, ഓഫീസിലുമില്ല; എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ ഒളിവില്‍ എന്ന് സൂചന ; എംഎല്‍എയെ സഹായിച്ചെന്ന് ആരോപണമുയര്‍ന്ന കോവളം എസ്‌എച്ച്‌ഒയെ സ്ഥലംമാറ്റി

Spread the love

 

തിരുവനന്തപുരം: അദ്ധ്യാപികയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചെന്ന കേസില്‍ ആരോപണ വിധേയനായ പെരുമ്ബാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളി ഒളിവിലെന്ന് സൂചന. എംഎല്‍എയുടെ ഫോണുകള്‍ സ്വിച്ച്‌ ഓഫാണ്.ഒപ്പം വിട്ടിലോ ഓഫീസിലോ എംഎല്‍എ ഇല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി ശനിയാഴ്ച വാദം കേള്‍ക്കും. ജില്ലാ കോടതിയിലാണ് മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ ഫയല്‍ ചെയ്തത്.

ഹര്‍ജി അഡി.സെഷന്‍സ് കോടതിക്ക് വാദം കേള്‍ക്കാന്‍ കൈമാറി. തന്നെ ശാരീരികമായി ഉപദ്രവിച്ചെന്നു കാട്ടി പേട്ട നിവാസിയായ അദ്ധ്യാപികയാണ് കോവളം പൊലീസിനു പരാതി നല്‍കിയത്. തുടര്‍ന്ന് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.ഇതിന് പിന്നാലെയാണ് എംഎല്‍എ ഒളിവില്‍ പോയതെന്നാണ് സൂചനകള്‍.

സമൂഹ മാധ്യമങ്ങളിലെ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്ന പിആര്‍ ജോലി നോക്കുന്ന ഉദ്യോഗസ്ഥയായാണ് യുവതി തന്നെ പരിചയപ്പെട്ടതെന്നു മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ എല്‍ദോസ് കുന്നപ്പിള്ളി പറയുന്നു. പിന്നീട് പരസ്പരം സൗഹൃദത്തിലായി. വീട്ടിലും ഓഫിസിലും കണ്ടുമുട്ടാറുണ്ടായിരുന്നു. ഒരു ദിവസം ഓഫിസില്‍ എത്തിയ യുവതി മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചു. ഇതിനുശേഷം പണം ആവശ്യപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിരസിച്ചപ്പോള്‍ പീഡന പരാതിയുമായി പൊലീസിനെ സമീപിക്കുകയാണ് ചെയ്തതെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നു.അതേസമയം എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയ്‌ക്കെതിരായ പരാതി പിന്‍വലിപ്പിക്കാന്‍ ഇടനില നിന്നെന്ന് പരാതിക്കാരി ആരോപണമുന്നയിച്ച കോവളം സ്റ്റേഷന്‍ ഹൗസ് ഓഫിസറെ സ്ഥലം മാറ്റി. കോവളം എസ്‌എച്ച്‌ഒ ജി.പ്രൈജുവിനെ ആലപ്പുഴ പട്ടണക്കാട് പൊലീസ് സ്റ്റേഷനിലേക്കാണ് സ്ഥലംമാറ്റിയത്. നെയ്യാര്‍ ഡാം പൊലീസ് സ്റ്റേഷന്‍ എസ്‌എച്ച്‌ഒ എസ്.ബിജോയിക്കാണ് പകരം നിയമനം. മറ്റു നാലു പേര്‍ക്കും സ്ഥലംമാറ്റമുണ്ടെങ്കിലും യുവതിയുടെ പരാതിയാണ് പ്രൈജുവിനെതിരെ പെട്ടെന്നുള്ള നടപടിക്കു കാരണമെന്നാണു സൂചന.

എംഎല്‍എയ്‌ക്കെതിരെ യുവതി സിറ്റി പൊലീസ് കമ്മിഷണര്‍ക്കു നല്‍കിയ പരാതി അദ്ദേഹം കോവളം എസ്‌എച്ച്‌ഒയ്ക്കു കൈമാറിയിരുന്നു. പരാതി പിന്‍വലിക്കാന്‍ എല്‍ദോസ് കുന്നപ്പിള്ളി 30 ലക്ഷം രൂപ വാഗ്ദാനം ചെയ്‌തെന്നും അതിന് ഇടനിലക്കാരനായി എസ്‌എച്ച്‌ഒ നിന്നുവെന്നും യുവതി ആരോപണമുന്നയിച്ചതിനു പിന്നാലെയാണ് സ്ഥലംമാറ്റം.

ഇതോടൊപ്പം ആലപ്പുഴ തൃക്കുന്നപ്പുഴ സ്റ്റേഷന്‍ എസ്‌എച്ച്‌ഒ എം.എം.മഞ്ജുദാസിനെ നെയ്യാര്‍ ഡാമിലേക്കും പട്ടണക്കാട് എസ്‌എച്ച്‌ഒ ആര്‍.എസ്.ബിജുവിനെ തൃക്കുന്നപ്പുഴയിലേക്കും സ്ഥലംമാറ്റി.എല്‍ദോസ് കുന്നപ്പിള്ളി ശാരീരികമായി ഉപദ്രവിച്ചെന്നു കാട്ടി കഴിഞ്ഞ മാസം 28നാണ് യുവതി സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയത്. കമ്മിഷണര്‍ കോവളം സിഐയ്ക്കു പരാതി കൈമാറി. ഇതിനിടെ യുവതിയെ കാണാനില്ലെന്നു കാട്ടി സുഹൃത്ത് വഞ്ചിയൂര്‍ സ്റ്റേഷനിലും പരാതി നല്‍കിയിരുന്നു.

പിന്നീട് യുവതി വഞ്ചിയൂര്‍ സ്റ്റേഷനില്‍ ഹാജരായി മാനസിക സമ്മര്‍ദത്തെ തുടര്‍ന്നാണ് നാടുവിട്ടതെന്ന് അറിയിച്ചു.യുവതിയുടെ മൊഴി രേഖപ്പെടുത്തിയ മജിസ്‌ട്രേറ്റ് കേസിന്റെ പുരോഗതി സംബന്ധിച്ച വിവരങ്ങള്‍ കോവളം പൊലീസിനോട് ആരാഞ്ഞു. ഇന്നലെ യുവതിയുെ മൊഴി രേഖപ്പെടുത്താന്‍ വിളിച്ചുവരുത്തിയെങ്കിലും പൂര്‍ണമായി മൊഴിയെടുക്കാനായില്ല. ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് യുവതി ആശുപത്രിയിലായി.

കേസ് പിന്നീട് ജില്ലാ ക്രൈംബ്രാഞ്ചിനു കൈമാറി. ക്രൈംബ്രാഞ്ച് ഇന്ന് യുവതിയുടെ മൊഴി രേഖപ്പെടുത്തി. കോടതിയില്‍ നല്‍കിയ മൊഴിയുടെ പകര്‍പ്പ് ലഭിച്ചശേഷം കൂടുതല്‍ വകുപ്പുകള്‍ ചേര്‍ക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. തന്നെ ശാരീരികമായി പീഡിപ്പിച്ചെന്നു യുവതി കോടതിയില്‍ മൊഴി നല്‍കിയെന്നാണ് ലഭിക്കുന്ന വിവരം. രഹസ്യമൊഴി രേഖപ്പെടുത്തുന്നതിന് അപേക്ഷ നല്‍കുന്ന കാര്യത്തില്‍ പീന്നീട് തീരുമാനമെടുക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു