എൽദോസ് ക്ഷീണം മറികടക്കാൻ സ്വപ്നയുടെ വെളിപ്പെടുത്തൽ ആയുധമാക്കാൻ കോൺഗ്രസ്;സി പി എം നേതാക്കൾക്കെതിരെയുള്ള വെളിപ്പെടുത്തലുകൾ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പരസ്യ പ്രക്ഷോഭത്തിലേക്ക്;സ്വപ്നയുടെ ആരോപണങ്ങളുടെ ആധികാരികതയിൽ സംശയിച്ച് ഒരു വിഭാഗം നേതാക്കൾ…
എൽദോസ് കുന്നപ്പിള്ളി എം.എൽ.എയ്ക്കെതിരായ ബലാത്സംഗക്കേസുണ്ടാക്കിയ ക്ഷീണത്തെ, സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തലുകളുപയോഗിച്ച് മറികടക്കാൻ കോൺഗ്രസ് നീക്കം. സ്വപ്ന രണ്ട് മുൻ മന്ത്രിമാർക്കും മുൻ സ്പീക്കർക്കുമെതിരെ നടത്തിയ ലൈംഗികാരോപണങ്ങൾ സി.പി.എമ്മിനെതിരായ രാഷ്ട്രീയായുധമാക്കി പ്രതിപക്ഷനേതാവ് വി.ഡി. സതീശനും കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനുമടക്കം രംഗത്തെത്തി. വെളിപ്പെടുത്തൽ സി.പി.എം നേതാക്കളെ സംശയമുനയിൽ നിറുത്തുമെന്ന് കോൺഗ്രസും യു.ഡി.എഫും കണക്കുകൂട്ടുന്നു.
രണ്ട് മുൻമന്ത്രിമാരിൽ ഒരാളിപ്പോഴും എം.എൽ.എയാണ്. മറ്റൊരാൾ സി.പി.എമ്മിന്റെ കേന്ദ്രകമ്മിറ്റിയംഗം. മുൻ സ്പീക്കർ നോർക്ക വൈസ് ചെയർമാനാണ്. അതിനാൽ ആരോപണത്തിന് ഗൗരവ സ്വഭാവമേറെയാണെന്ന് കോൺഗ്രസ് കരുതുന്നു.
കുന്നപ്പിള്ളിക്കെതിരായ പരാതിയും ഒളിവിൽ പോയതുമാണ് കോൺഗ്രസിനെ തുടക്കത്തിൽ പ്രതിരോധത്തിലാക്കിയത്. പാർട്ടിക്ക് വിശദീകരണം നൽകിയ എൽദോസ് താൻ നിരപരാധിയാണെന്ന് അവകാശപ്പെട്ടെങ്കിലും ഇന്നലെ അദ്ദേഹത്തെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കേസ് രാഷ്ട്രീയപ്രേരിതമായതിനാലാണ് ഒളിവിൽ പോയതെന്ന് എം.എൽ.എ വിശദീകരിക്കുകയും മുൻകൂർജാമ്യം ലഭിക്കുകയും ചെയ്തതിനാൽ നടപടിയെടുത്ത് സി.പി.എമ്മിന് ആയുധം നൽകണോയെന്ന് നേതാക്കളിൽ ചിലർ സംശയമുന്നയിച്ചെങ്കിലും സ്ത്രീകൾക്ക് മാന്യത നൽകുന്ന പാർട്ടിയെന്ന പ്രതിച്ഛായയുയർത്താൻ നടപടിയിലൂടെ സാധിക്കുമെന്ന് വിലയിരുത്തിയാണ് സസ്പെൻഡ് ചെയ്തത്. സി.പി.എമ്മിനെതിരായ കടന്നാക്രമണത്തിന് കൂടുതൽ വിശ്വാസ്യത കൈവരാൻ ഇത് ഉപകരിക്കുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. ഇന്നലെ കെ.പി.സി.സി പ്രസിഡന്റ് പ്രതിപക്ഷനേതാവടക്കമുള്ള മുൻനിര നേതാക്കളോട് കൂടിയാലോചിച്ചാണ് നടപടി തീരുമാനിച്ചത്.