
തിരുവനന്തപുരം: രാജ്യത്ത് ആദ്യമായി രൂപീകരിക്കപ്പെട്ട വയോജന കമ്മീഷനിലൂടെ കേരളം രാജ്യത്തിന് മാതൃകയാണെന്ന് സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു.
കമ്മീഷൻ പ്രവർത്തനം ആരംഭിക്കുന്നതിലൂടെ വയോജനങ്ങളെ സംരക്ഷിക്കുകയെന്ന സർക്കാരിന്റെയും സമൂഹത്തിന്റെയും ഉത്തരവാദിത്തം ഉറപ്പാകുകയാണ്. സംസ്ഥാന വയോജന കമ്മീഷൻ സ്ഥാനമേൽക്കൽ ചടങ്ങ് സെക്രട്ടറിയേറ്റിലെ ദർബാർ ഹാളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
സമൂഹത്തിൽ വയോജനങ്ങളുടെ എണ്ണം വേഗത്തിൽ ഉയരുന്ന സാഹചര്യത്തിൽ അവരുടെ ആവശ്യങ്ങൾ പ്രത്യേക പരിഗണനയ്ക്ക് വിധേയമാക്കണമെന്ന് മന്ത്രി പറഞ്ഞു. 2030 ഓടെ സംസ്ഥാനത്തെ മൊത്തം ജനസംഖ്യയുടെ ഏകദേശം നാലിലൊന്ന് മുതിർന്നവരായിരിക്കുമെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വയോജനങ്ങളുടെ ക്ഷേമവും അവകാശങ്ങളും ഉറപ്പാക്കുന്നതിനുള്ള മാർഗനിർദ്ദേശങ്ങൾ നൽകുന്നതിനും, അവരുടെ പുനരധിവാസത്തിന് ആവശ്യമായ സഹായങ്ങൾ എത്തിക്കുന്നതിനുമാണ് കമ്മീഷൻ രൂപീകരിച്ചതെന്ന് മന്ത്രി വ്യക്തമാക്കി. അവഗണന, ചൂഷണം, അനാഥത്വം തുടങ്ങിയ വെല്ലുവിളികൾ മറികടക്കാനും മുതിർന്നവരുടെ ജീവിതവുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കാനുമുള്ള ഇടപെടലുകൾക്കായി കമ്മീഷൻ പ്രവർത്തിക്കുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
കൂടാതെ വീടിന്റെ ചുമരുകൾക്കുള്ളിൽ ഒതുങ്ങിപ്പോകുന്ന വയോജനങ്ങളുടെ സങ്കടങ്ങൾ തിരിച്ചറിഞ്ഞ്, അവർക്ക് പരിഹാരം കാണാനും ശാക്തീകരണത്തിനായുള്ള പദ്ധതികൾ നിർദ്ദേശിക്കാനും അവരുടെ കഴിവുകൾ സമൂഹത്തിനായി ഉപയോഗിക്കാനും ഉത്തരവാദിത്വമുള്ള ഒരു സംവിധാനമായാണ് വയോജന കമ്മീഷനെ വിഭാവനം ചെയ്തിരിക്കുന്നത്. വയോജന കമ്മീഷൻ ചെയർപേഴ്‌സണും അംഗങ്ങളായ മറ്റ് വ്യക്തിത്വങ്ങളും സമാന മേഖലയിൽ മുൻപ് പ്രവർത്തിച്ച് മികച്ച അനുഭവസമ്പത്ത് ഉള്ളവരാണെന്ന് പറഞ്ഞ മന്ത്രി, ചുമതല ഏറ്റെടുത്ത കമ്മീഷനെ ആശംസിച്ചു.