
കോഴിക്കോട് : ഹെൽമറ്റ് കൊണ്ട് അടിയേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. എരഞ്ഞിപ്പാലം രാരിച്ചൻ റോഡിൽ ചെറുകാണ്ടി വീട്ടിൽ ദേവദാസനാണ് (85) മരിച്ചത്.
സംഭവത്തിൽ അയൽവാസിയായ എരഞ്ഞിപ്പാലം ചേനാംവയൽ വീട്ടിൽ അജയ്ക്കെതിരെ നടക്കാവ് പൊലീസ് കൊലപാതകക്കുറ്റത്തിന് കേസെടുത്തു.
എരഞ്ഞിപ്പാലം സഹകരണ ആശുപത്രിക്ക് സമീപത്തെ ഇടവഴിയിൽ വെച്ചാണ് ദേവദാസനും അജയും തമ്മിൽ വാക്കുതർക്കമുണ്ടായത്. ഇതിനിടെ, അജയ് ഹെൽമറ്റ് കൊണ്ട് ദേവദാസിനെ അടിച്ചുപരിക്കേൽപ്പിക്കുകയായിരുന്നു. തുടർന്ന്, ദേവദാസനെ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ആശുപത്രി അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് നടക്കാവ് പൊലീസ് ആശുപത്രിയിലെത്തി മകൻ ബേബി കിഷോറിൻ്റെ മൊഴി രേഖപ്പെടുത്തി അജയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്‌തിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ അജയ്ക്ക് കോടതി ജാമ്യമനുവദിച്ചു. ഇതിനിടെയാണ് ചികിത്സയിലായിരുന്ന ദേവദാസൻ ശനിയാഴ്‌ച രാവിലെ മരിച്ചത്.തുടർന്ന്, അജയ്ക്കെതിരെ കൊലപാതകക്കുറ്റം കൂടി ചുമത്തി കേസെടുത്തു.
പുതിയ റിപ്പോർട്ട് തിങ്കളാഴ്ച കോടതിയിൽ സമർപ്പിക്കുമെന്നും കോടതി നിർദേശാനുസരണം അറസ്റ്റ് രേഖപ്പെടുത്തുമെന്നും നടക്കാവ് ഇൻസ്പെക്ടർ എൻ. പ്രജീഷ് അറിയിച്ചു.
ആനന്ദവല്ലിയാണ് ദേവദാസന്റെ ഭാര്യ. മക്കൾ: ബേബി കിഷോർ, രഞ്ജിത് ലാൽ, ബിന്ദു, ഷാജു. മരുമക്കൾ: സമീന, ഷിജിന, ഷിഖ, സുമൻ ലാൽ