video
play-sharp-fill
എലപ്പുളളിയിലെ ബ്രൂവറി പദ്ധതിയെ എതിർക്കണമെന്ന സിപിഐ സംസ്ഥാന എക്സിക്യൂട്ടിവ് തീരുമാനം സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അട്ടിമറിച്ചു: സി.പി.ഐ സമ്മേളനങ്ങളിൽ ഇത് പൊട്ടിത്തെറിയുണ്ടാക്കാൻ സാധ്യത: ബ്രൂവറി വിഷയത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ആവർത്തിച്ച്‌ പ്രഖ്യാപിച്ച ബിനോയ് വിശ്വത്തിന്റെ ഇപ്പോഴത്തെ നിലപാടിൽ അന്തം വിട്ടിരിക്കുകയാണ് പ്രവർത്തകർ.

എലപ്പുളളിയിലെ ബ്രൂവറി പദ്ധതിയെ എതിർക്കണമെന്ന സിപിഐ സംസ്ഥാന എക്സിക്യൂട്ടിവ് തീരുമാനം സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അട്ടിമറിച്ചു: സി.പി.ഐ സമ്മേളനങ്ങളിൽ ഇത് പൊട്ടിത്തെറിയുണ്ടാക്കാൻ സാധ്യത: ബ്രൂവറി വിഷയത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ആവർത്തിച്ച്‌ പ്രഖ്യാപിച്ച ബിനോയ് വിശ്വത്തിന്റെ ഇപ്പോഴത്തെ നിലപാടിൽ അന്തം വിട്ടിരിക്കുകയാണ് പ്രവർത്തകർ.

തിരുവനന്തപുരം: എലപ്പുളളിയിലെ ബ്രൂവറി പദ്ധതിയുമായി മുന്നോട്ട് പോകാനുളള എല്‍.ഡി.എഫ് തീരുമാനത്തെ തുടർന്ന് സി.പി.ഐയില്‍ വൻ പൊട്ടിത്തെറി.
മദ്യനിർമ്മാണശാലയ്ക്ക് നല്‍കിയ പ്രാരംഭാനുമതി പിൻവലിക്കണമെന്ന സംസ്ഥാന എക്സിക്യൂട്ടിവ് ചർച്ച ചെയ്തെടുത്ത തീരുമാനം സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അട്ടിമറിച്ചെന്നാണ് സി.പി.ഐക്കുളളില്‍ ഉയരുന്ന വികാരം.

പദ്ധതിയെ എതിർക്കുമെന്ന് പ്രഖ്യാപിച്ചശേഷം മുന്നണിയോഗത്തിൻെറ തീരുമാനം ശരിവെച്ച്‌ വന്നതോടെ പാർട്ടിയുടെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യപ്പെടുകയാണെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടി.

ബ്രൂവറിയുമായി മുന്നോട്ട് പോകാനുളള മുന്നണി തീരുമാനം സി.പി.ഐക്കുളളില്‍ ബിനോയ് വിശ്വത്തിന് എതിരായ നീക്കമായി മാറുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രഗത്ഭരമായ നേതാക്കളിരുന്ന സംസ്ഥാന സെക്രട്ടറിയുടെ കസേരയില്‍ ഇപ്പോഴിരിക്കുന്ന ബിനോയ് വിശ്വം സി.പി.എമ്മിൻെറയും മുഖ്യമന്ത്രിയുടെയും സമ്മർദ്ദത്തിന് മുന്നില്‍ വഴങ്ങി കൊടുത്തുവെന്നും നേതാക്കള്‍ വിമർശിക്കുന്നുണ്ട്.

പാർട്ടിയുടെ സ്വതന്ത്ര വ്യക്തിത്വവും വ്യതിരിക്തമായ രാഷ്ട്രീയ ശൈലിയും സി.പി.എമ്മിന് മുന്നില്‍ അടിയറ വെച്ചതിന് പിന്നില്‍ മറ്റെന്തെങ്കിലും കൂടിയുണ്ടോയെന്ന സംശയവും സി.പി.ഐ നേതാക്കള്‍ പങ്കുവെക്കുന്നുണ്ട്.

പാർട്ടി നിലപാട് ബലികഴിച്ചത് ആസ്ഥാന മന്ദിരമായ എം.എൻ.സ്മാരകത്തില്‍ വെച്ചായിരുന്നു എന്നത് പാർട്ടി നേതാക്കളെയും പ്രവർത്തകരെയും കൂടുതല്‍ വികാരം കൊളളിക്കുന്നുണ്ട്.

1964ല്‍ പാർട്ടി പിളർന്നപ്പോള്‍ ഈ ഓഫീസ് പിടിച്ചെടുക്കാൻ സി.പി.എം ആവുന്നത്ര ശ്രമിച്ചിരുന്നു. ഇപ്പോള്‍ കോഴിക്കോട് ദേശാഭിമാനി പ്രവർത്തിക്കുന്ന ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടവും ഇതോടൊപ്പം പിടിച്ചെടുക്കാൻ ശ്രമം നടത്തിയിരുന്നു.

കോഴിക്കോട്ടെ ദേശാഭിമാനി കെട്ടിടം കൈവിട്ട് പോയെങ്കിലും തിരുവനന്തപുരത്തെ ആസ്ഥാന മന്ദിരം കൈവിട്ട് പോകാതെ കാത്തത് എം.എൻ.ഗോവിന്ദൻ നായരുടെ ധീരമായ നേതൃത്വമായിരുന്നു.

കൊല്ലം,കൊട്ടാരക്കര, കിളിമാനൂർ താലൂക്കുകളില്‍ നിന്ന് വാളൻറിയർമാരെ കൊണ്ടുവന്ന് രണ്ട് വർഷം കാവല്‍ കിടത്തിയാണ് എം.എൻ.ഗോവിന്ദൻ നായർ പാർട്ടി ആസ്ഥാനം നഷ്ടപ്പെടാതെ കാത്തത്.

ആ നേതാവിൻെറ പേരിലുളള കെട്ടിടത്തില്‍ വെച്ച്‌ നടന്ന മുന്നണിയോഗത്തില്‍ സി.പി.എമ്മിന് മുന്നില്‍ അടിയറവ് പറഞ്ഞു എന്നതാണ് സിപിഐ നേതാക്കളെ വികാരം കൊളളിക്കുന്നത്.

പാർട്ടിയുടെ ചരിത്രം അറിയുന്ന ആളുകളുടെ മുഖത്ത് ഇനി എങ്ങനെ നോക്കുമെന്നാണ് നേതാക്കളുടെ ചോദ്യം.

ബ്രാഞ്ച് കഴിഞ്ഞ് ലോക്കല്‍ തലത്തിലേക്ക് കടക്കാൻ പോകുന്ന സിപിഐയുടെ സമ്മേളനങ്ങളെ ബ്രൂവറി വിഷയത്തിലെ കീഴടങ്ങല്‍ പ്രക്ഷുബ്ധമാക്കാനാണ് സാധ്യത.

കാനം രാജേന്ദ്രൻെറ നിര്യാണത്തെ തുടർന്ന് സംസ്ഥാന സെക്രട്ടറിപദത്തിലേക്ക് എത്തിയ ബിനോയ് വിശ്വത്തിന് പാർട്ടിയെ നയിക്കാൻ കെല്‍പ്പില്ലെന്ന വിമർശനം സമ്മേളനങ്ങളില്‍ അലയടിക്കും.

കാനം ജീവിച്ചിരുന്ന കാലത്ത് അദ്ദേഹം സെക്രട്ടറി ചുമതല നല്‍കാൻ ആഗ്രഹിച്ചിരുന്നു എന്ന ന്യായം പറഞ്ഞാണ് കെ.പ്രകാശ് ബാബുവിനെ പോലുളള പക്വമതികളായ മുതിർന്ന നേതാക്കളെ ഒഴിവാക്കി ചിത കത്തി തീരുന്നതിന് മുൻപ് ബിനോയ് വിശ്വത്തെ സെക്രട്ടറിയാക്കിയത്.

മുൻ സെക്രട്ടറിയുടെ ഒസ്യത്ത് പ്രകാരം സെക്രട്ടറിയായെന്ന് ഇപ്പോള്‍ തന്നെ പഴികേള്‍ക്കുന്ന ബിനോയ് വിശ്വത്തിന് സമ്മേളന കാലം എളുപ്പമാവില്ല.

എലപ്പുളളി ബ്രൂവറിക്ക് എതിരെ പാർട്ടിയുടെ പാലക്കാട് ജില്ലാഘടകം എതിർ നിലപാട് സ്വീകരിച്ചതിന് പിന്നാലെയാണ് സംസ്ഥാന നേതൃത്വവും പദ്ധതിയെ എതിർക്കാൻ തീരുമാനിച്ചത്.

ആലപ്പുഴയില്‍ ചേർന്ന സംസ്ഥാന എക്സിക്യൂട്ടിവ് യോഗമാണ് നിലപാട് സ്വീകരിച്ചത്.ജലചൂഷണം നടക്കും എന്നതായിരുന്നു പദ്ധതിയെ എതിർക്കാൻ ഉന്നയിച്ച കാരണം.

സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം തന്നെ അത് മാധ്യമങ്ങളോട് പറയുകയും ചെയ്തിരുന്നു.ഈമാസം 17ന് ചേർന്ന സംസ്ഥാന എക്സിക്യൂട്ടീവും ബ്രൂവറി അനുമതിക്ക് എതിരായ നിലപാടില്‍ ഉറച്ച്‌ നില്‍ക്കാൻ തീരുമാനിച്ചിരുന്നു.

ഈ യോഗത്തില്‍ ബ്രൂവറി വിഷയത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ആവർത്തിച്ച്‌ പ്രഖ്യാപിച്ചത് ബിനോയ് വിശ്വമായിരുന്നു. അതേയാള്‍ മുന്നണിയോഗത്തിലെ തീരുമാനം അംഗീകരിച്ച്‌ വന്നതിൻെറ സാംഗത്യം പിടികിട്ടാതെ അന്തം വിട്ടിരിക്കുകയാണ് സി.പി.ഐയിലെ മറ്റ് നേതാക്കള്‍.