
പരിസ്ഥിതി ആഘാത പഠനം: ഇനി പണമുള്ളവന് പശ്ചിമഘട്ടം തോന്നും പോലെ ഉപയോഗിക്കാം, ആരും ചോദിക്കാന്‍ വരില്ല, ആരുടെയും അനുമതിയും വേണ്ട, ഇനി ക്വാറിയും റിസോര്‍ട്ടും മണ്ണു മാഫിയും കേരളം തിന്നു മുടിക്കും!
സ്വന്തം ലേഖകൻ
കോട്ടയം : നൂറു കണക്കിന് കള്ളക്വാറികള്‍ കേരളത്തില്‍ പ്രവര്‍ത്തിച്ചിരുന്നത് നിയമത്തിന്റെ പിടി ഒരിക്കലെങ്കിലും വീഴുമെന്ന പേടിയിലായിരുന്നു. ഇനി പേടിക്കണ്ട. അനധികൃതക്വാറികളും റിസോര്‍ട്ട് മാഫിയും കെട്ടിടനിര്‍മ്മാണവും എന്തിന് മണ്ണുമാഫിയും ചേര്‍ന്നു പശ്ചിമഘട്ടം വൈകാതെ കുട്ടിച്ചോറാക്കും.
ഇതിനു വേണ്ടി പരിസ്ഥിതി ആഘാത പഠന റിപ്പോര്‍ട്ടില്‍ വരുത്താന്‍ പോകുന്നത് കാതലായ മാറ്റങ്ങള്‍. കാശുള്ളവന് ഇനി ഭൂമി തിന്നു ജീവിക്കാമെന്ന രൂപത്തില്‍ ഇഐഎ മാറ്റിയെഴുതുന്നു. ഇതിനു വേണ്ടി ജനങ്ങളുടെ അഭിപ്രായമറിയാന്‍ കേന്ദ്രസര്‍ക്കാര്‍ തുറന്നിട്ട അവസാന വാതിലും അടഞ്ഞു കഴിഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതു വെറുമൊരു പ്രഹസനം മാത്രമായിരുന്നുവെന്നും വികസനത്തിന്റെ മറവില്‍ പരിസ്ഥിതി ലോല പ്രദേശങ്ങള്‍ നക്കിത്തിന്നാന്‍ വെമ്പുന്ന കാട്ടുകള്ളന്മാരുടെ നിര അനുദിനം പെരുകുമെന്നും അവര്‍ കട്ടുമുടിച്ചതിന്റെ ബാക്കിപത്രമായി പ്രകൃതി ഉരുള്‍പൊട്ടലായും മണ്ണിടിച്ചിലായും സഹ്യന്റെ മക്കളെ കൊന്നൊടുക്കുമെന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു.
ഇപ്പോള്‍ തന്നെ കാര്‍മേഘം ഉരുണ്ടുകൂടുമ്പോള്‍ പ്രളയത്തിന്റെ മാറാപ്പ് ചുമക്കാന്‍ വിധിക്കപ്പെട്ട കേരളത്തില്‍ ഇനിയെന്തൊക്കെ സംഭവിക്കുമെന്നു കണ്ടറിയണം!
ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ എന്നു പാടി നടക്കാന്‍ ഇനിയൊരു പരിസ്ഥിതി പ്രവര്‍ത്തകന്റെയും നാവു പൊന്തില്ല. അനധികൃക കൊള്ളക്കാര്‍ക്ക് ഇനി ജിയോളജി ഓഫീസിനു മുന്നിലും വില്ലേജ് ഓഫീസിനു മുന്നിലും ഇനിയാരുടെയും അനുമതിക്കു വേണ്ടി കാത്തു നില്‍ക്കേണ്ടിയും വരില്ല.
ഈ നിയമം വന്നതിനു ശേഷമായിരുന്നുവെങ്കില്‍ മരടില്‍ ഫ്‌ലാറ്റുകള്‍ പൊളിക്കുക പോലും വേണ്ടിവരുമായിരുന്നില്ല. വരാന്‍ പോകുന്ന ഈ നിയമം ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് കേരളത്തെയായിരിക്കും. കേരളത്തിലെ അതീവദുര്‍ബല പ്രദേശത്ത് ഇപ്പോള്‍ തന്നെ ആയിരക്കണക്കിന് ക്വാറികള്‍ പ്രവര്‍ത്തിക്കുന്നു. ഇനി ഇവയടക്കം എന്തിനും പ്രവര്‍ത്തിക്കാന്‍ വെറുമൊരു അപേക്ഷ മാത്രം മതി. 15 ദിവസത്തിനുള്ളില്‍ അപേക്ഷ അനുവദിച്ചില്ലെങ്കില്‍ അത് അനുമതിയായി കണക്കാക്കാവുമെന്നു കരട് നിയമത്തില്‍ പറയുന്നു. അഴിമതിയുടെയും അനധികൃത നിര്‍മ്മാണത്തിന്റെയും കൂത്തരങ്ങായി നമ്മുടെ കൊച്ചു കേരളം മാറാന്‍ പോവുന്നു. ഞെട്ടിക്കുന്ന വിവരങ്ങള്‍ അടങ്ങിയ വീഡിയോ കാണുക-