
തിരുവനന്തപുരം: സംസ്ഥാനത്തെ അങ്കണവാടികളിലെത്തുന്ന കുഞ്ഞുങ്ങൾക്ക് പാലും മുട്ടയും വിതരണം ചെയ്യുന്ന ‘പോഷകബാല്യം’ പദ്ധതി കാര്യക്ഷമമായി നടപ്പിലാക്കാൻ നിർദ്ദേശം നൽകി മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.
തിരുവനന്തപുരം അർബൻ മൂന്നിന്‍റെ കീഴിൽ പ്രവർത്തിക്കുന്ന അങ്കണവാടികളിൽ കൃത്യമായ അളവിൽ പാലും മുട്ടയും വിതരണം ചെയ്യുന്നില്ലെന്ന പരാതിയിലാണ് നടപടി.
വനിതാ-ശിശു വികസന ഡയറക്ടറിൽ നിന്ന് കമ്മീഷൻ അന്വേഷണ റിപ്പോർട്ട് വാങ്ങി. ആഴ്ചയിൽ രണ്ട് ദിവസം മുട്ടയും രണ്ടു ദിവസം പാലും നൽകുന്ന പദ്ധതി 2022-23 ലാണ് ആരംഭിച്ചതെന്ന് ഡയറക്ടർ അറിയിച്ചു. 2022 മേയ് 20ന് വനിതാ-ശിശു വികസന ഡയറക്ടർ പുറത്തിറക്കിയ സർക്കുലറിൽ ഒരു കുട്ടിക്ക് 125 മില്ലിലിറ്റർ പാൽ നൽകണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സർക്കുലറിലെ നിർദ്ദേശാനുസരണമല്ല പരാതിയുയർന്ന അങ്കണവാടിയിൽ പാൽ വിതരണം നടന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. ചില അങ്കണവാടികളിൽ നാലിൽ കൂടുതൽ കുട്ടികൾ ഹാജരായ ദിവസങ്ങളിലും 500 മില്ലി ലിറ്റര്‍ പാൽ മാത്രമാണ് കുട്ടികൾക്ക് നൽകിയതെന്നും ഡയറക്ടർ അറിയിച്ചു.
സർക്കുലർ കൃത്യമായി പാലിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറഞ്ഞു. തിരുവനന്തപുരം അർബനിലെ അങ്കണവാടി വർക്കർമാരും ഹെൽപ്പർമാരും നൽകിയ പരാതിയിലാണ് നടപടി.



