
പാലക്കാട്: ക്രിസ്മസ് കഴിഞ്ഞിട്ടും സംസ്ഥാനത്ത് കോഴിമുട്ട വില താഴുന്നില്ല.
ഒരാഴ്ചയിലേറെയായി 8 രൂപയാണ് മുട്ടയുടെ ചില്ലറവില. കഴിഞ്ഞ മാസം വരെ 6-6.50 രൂപ വരെയുണ്ടായിരുന്ന കോഴിമുട്ട വില എട്ടു രൂപയിലെത്തിയതോടെ ഇനിയും വില കൂടുമോയെന്ന ആശങ്കയിലാണ് വ്യാപാരികളും ഹോട്ടലുകളും തട്ടുകടക്കാരും.
രാജ്യത്തെ പ്രധാന മുട്ട ഉത്പാദന കേന്ദ്രമായ തമിഴ്നാട്ടിലെ നാമക്കലില്‍ കോഴിമുട്ടയുടെ മൊത്തവില 6.25 രൂപയാണ്. കേരളത്തില്‍ 7.20 രൂപയ്ക്കാണ് ചെറുകിട വ്യാപാരികള്‍ക്ക് മുട്ട ലഭിക്കുന്നത്. ഇത് ചില്ലറ വിപണിയിലെത്തുമ്പോള്‍ 8 രൂപയാകും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നാമക്കലില്‍ ചരിത്രത്തിലാദ്യമായി മുട്ടയ്ക്ക് 6 രൂപ കടന്നത് കഴിഞ്ഞ മാസമായിരുന്നു.
നവംബറില്‍ വില 6.10 രൂപയും ഈ മാസാദ്യം 6.15 രൂപയും 15 നു ശേഷം 10 പൈസ കൂടി 6.25 രൂപയുമായി. മുട്ടയ്ക്ക് വില കൂടിയതോടെ ഹോട്ടലുകളും തട്ടുകടക്കാരും പ്രതിസന്ധിയിലായിരിക്കുകയാണ്.
മുട്ടവില കൂടിയാലും ഓംലെറ്റിനും മറ്റ് മുട്ട വിഭവങ്ങള്‍ക്കും വില കൂട്ടാനാകാത്ത അവസ്ഥയാണ്. രണ്ട് മുട്ട ഉപയോഗിച്ചുള്ള ഓംലെറ്റിന് വർഷങ്ങളായി 30 രൂപയാണ് തട്ടുകടയിലെ വില. മുട്ടയ്‌ക്കൊപ്പം ചേർക്കുന്ന സവാള, വെളിച്ചെണ്ണ, പാചകത്തിനുപയോഗിക്കുന്ന ഗ്യാസ് തുടങ്ങി മറ്റു ചിലവുകള്‍ നോക്കിയാല്‍ ഇത് മുതലാകില്ലെന്ന് തട്ടുകടക്കാർ പറയുന്നു.




