മുഖ്യമന്ത്രിയുടെ മകന് സമൻസ്; ഇഡി തുടർനടപടി എടുക്കാത്തത് സെറ്റിൽമെന്റിന്റെ ഭാഗമെന്ന് പ്രതിപക്ഷം;അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയതും ഡീലിൻറെ ഭാഗം

Spread the love

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ മകൻ വിവേക് കിരണിന് സമൻസ് അയച്ചിട്ടും ഇഡി തുടർനടപടി എടുക്കാത്തത് സെറ്റിൽമെന്റെന്ന് യുഡിഎഫ് ആക്ഷേപം. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി കേന്ദ്രമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയതും ഡീലിൻറെ ഭാഗമായെന്നാണ് പ്രതിപക്ഷം ഉയർത്തുന്ന ആരോപണം. സമൻസിൽ മുഖ്യമന്ത്രിയോ മകനോ ഇത് വരെ പ്രതികരിച്ചിട്ടില്ല.

വിവേക് കിരണിന് ഇഡി അയച്ച സമൻസ് മുഖ്യമന്ത്രിക്കെതിരെ തിരിക്കുകയാണ് പ്രതിപക്ഷം. സിപിഎം-ബിജെപി സെറ്റിൽമെൻറിൻറെ തെളിവായാണ് സമൻസിലെ തുടർനടപടി നിലച്ചത് എന്നാണ് പ്രതിപക്ഷം ഉയർത്തിക്കാട്ടുന്നത്. പൂരം കലക്കൽ, തൃശൂരിലെ ബിജെപി ജയം മുതൽ മുഖ്യമന്ത്രി അമിത് ഷാ കൂടിക്കാഴ്ച വരെ ഡീലിൻറെ ഭാഗമെന്നാണ് യുഡിഎഫ് ആക്ഷേപം.

സ്വർണ്ണക്കടത്ത്-ലൈഫ് മിഷൻ കേസുകൾ ഉന്നതരിലേക്കെത്താത്തത് ബിജെപിയുടെയും കൈ പൊള്ളിച്ചിരുന്നത്. സമൻസിലെ ഡീൽ ആരോപണത്തിൽ വീണ്ടും ബിജെപി പ്രതിരോധത്തിലായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സമൻസിലെ തുടർ നടപടി നിലച്ചതാണ് സിപിഎമ്മിൻറെയും പ്രതിരോധം. കഴമ്പുള്ള കേസെങ്കിൽ ഇഡി വെറുതെ ഇരിക്കുമായിരുന്നോ എന്നാണ് സിപിഎം ചോദ്യം. മുഖ്യമന്ത്രിയുടെ മകൾക്കെതിരായ മാസപ്പടി കേസിൽ സിപിഎം വലിയ പ്രതിരോധമാണ് തീർത്തിരുന്നത്.

സമാന രീതിയിൽ മകന് വേണ്ടിയും മന്ത്രിമാരടക്കം രംഗത്ത് വരുന്നു. സമൻസിൻറെ പകർപ്പ് ഇപ്പോൾ പുറത്ത് വന്നത് മുഖ്യമന്ത്രിയെ ലക്ഷ്യമിട്ടാണെന്ന് മന്ത്രി വി ശിവൻകുട്ടി വിമർശിക്കുന്നു. വിവാദം ചൂട് പിടിക്കുമ്പോൾ മുഖ്യമന്ത്രി മൗനത്തിലാണ്. വിവേക് കിരണും പ്രതികരിച്ചിട്ടില്ല.