
കേരള വിദ്യാഭ്യാസച്ചട്ടത്തില്‍ സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതി നടപ്പാക്കുന്നത് ഹൈക്കോടതി ഒരുമാസത്തേക്ക് തടഞ്ഞു. അധ്യാപകരുടെ സേവനം ഉറപ്പാക്കുന്നതിന് ഭേദഗതി തടസ്സമാകുമെന്ന് ഹർജിക്കാർ
സ്വന്തം ലേഖകൻ
കൊച്ചി: കേരള വിദ്യാഭ്യാസച്ചട്ടത്തില്‍ സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതി നടപ്പാക്കുന്നത് ഹൈക്കോടതി ഒരുമാസത്തേക്ക് തടഞ്ഞു. ഏപ്രിലിൽ സർക്കാർ കൊണ്ടുവന്ന ഭേദഗതി 2009ലെ കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമത്തിന്റെയും 1958 ലെ കേരള വിദ്യാഭ്യാസ നിയമത്തിന്റെയും ചട്ടത്തിന്റെയും ലംഘനമാണെന്ന ഹര്‍ജിക്കാരുടെ വാദത്തില്‍ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്ന് വിലയിരുത്തിക്കൊണ്ടാണ് ജസ്റ്റിസ് രാജ വിജയരാഘവന്‍ ഭേദഗതി നടപ്പാക്കുന്നത് തടഞ്ഞത്.
ഭേദഗതിയിലൂടെ കൊണ്ടുവന്ന വ്യവസ്ഥകള്‍ വിദ്യാഭ്യാസ അവകാശനിയമത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി പ്രൈവറ്റ് സ്‌കൂള്‍ (എയ്ഡഡ്) മാനേജേഴ്സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും കൊല്ലം ചെറിയ വെളിനല്ലൂര്‍ കെപിഎംഎച്ച്എസ്എസ് മാനേജരുമായ കെ മണി ഉള്‍പ്പെടെയുള്ളവരാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ഭേദഗതിയിലെ വ്യവസ്ഥകള്‍ കേന്ദ്രവിദ്യാഭ്യാസ അവകാശനിയമത്തിന് വിരുദ്ധമാണെങ്കില്‍ തിരുത്തുമെന്ന് അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ അശോക് എം ചെറിയാന്‍ വിശദീകരിച്ചു. മറുപടി സത്യവാങ്മൂലം ഫയല്‍ ചെയ്യാന്‍ സമയവും തേടി. തുടര്‍ന്ന് ഹര്‍ജി ജൂണ്‍ 10ന് വീണ്ടും പരിഗണിക്കാന്‍ മാറ്റി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അധിക ഡിവിഷന്‍/ തസ്തികകള്‍ നിലവില്‍ വരുന്നത് ഒക്ടോബര്‍ ഒന്നുമുതലാണെന്നും ഓരോ വര്‍ഷവും ജൂലൈ 15 മുതല്‍ മാത്രമേ സ്റ്റാഫ് ഫിക്‌സേഷന്‍ നിലവില്‍വരൂവെന്നുമാണ് സര്‍ക്കാർ കൊണ്ടുവന്ന ഭേദഗതി. ദീര്‍ഘനാളായി ക്ലാസില്‍ ഹാജരാകാത്ത വിദ്യാര്‍ഥികളുടെ കാര്യത്തില്‍ ഹെഡ്മാസ്റ്ററും വൈസ് പ്രിന്‍സിപ്പലും ചേര്‍ന്ന് ഉടന്‍ തുടര്‍നടപടി സ്വീകരിക്കണം. വിദ്യാര്‍ഥിയെ അറ്റന്‍ഡന്‍സ് ബുക്കില്‍നിന്ന് ഒഴിവാക്കണമെന്നും ഭേദഗതിയിൽ വ്യവസ്ഥ ചെയ്യുന്നു.
അധ്യാപകരുടെ സേവനം ഉറപ്പാക്കുന്നതിന് ഭേദഗതി തടസ്സമാകുമെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി. വിദ്യാര്‍ഥികളെ ഏതുവിധേനയും സ്‌കൂളില്‍ നിലനിര്‍ത്തണമെന്ന് വിദ്യാഭ്യാസ അവകാശ നിയമത്തില്‍ പറയുന്നു. ഇതിന്റെ ലംഘനമാണ് ഭേദഗതിയെന്നും നിശ്ചിതസമയം വിദ്യാര്‍ഥികള്‍ക്ക് ക്ലാസ് ഉറപ്പാക്കുന്നതിനും ഇത് തടസ്സമാണെന്നും ഹർജിക്കാർ വാദിച്ചു.
സര്‍ക്കാര്‍ നല്‍കിയ വിശദീകരണത്തില്‍നിന്ന് ഇത്തരം ശ്രമങ്ങള്‍ വ്യാജ പ്രവേശനത്തിലൂടെയും ഇല്ലാത്ത ഹാജരിന്റെയും പേരില്‍ അധിക ഡിവിഷന്‍ ഉണ്ടാക്കുന്നത് തടയുന്നതിനാണെന്നാണ് മനസിലാകുന്നത്. അതിനാലാണ് ഇക്കാര്യത്തില്‍ വിശദമായ പരിശോധന നടത്തുന്നതും ഓരോ വര്‍ഷവും ഒക്ടോബര്‍ ഒന്നുമുതല്‍ അനുമതി നല്‍കുന്നതും. എന്നാല്‍, ഒക്ടോബര്‍ ഒന്നുമുതല്‍ ഇക്കാര്യത്തില്‍ അനുമതി നല്‍കുന്നതിന്റെ പരിണിതഫലത്തെക്കുറിച്ച് സര്‍ക്കാര്‍ ചിന്തിച്ചതായി കരുതുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.