വിദ്യാഭ്യാസം നൽകുന്നത് അന്തസ്സിനെ പറ്റിയുള്ള ബോധ്യം : കാൻറർബെറി ആർച്ച് ബിഷപ്പ്

വിദ്യാഭ്യാസം നൽകുന്നത് അന്തസ്സിനെ പറ്റിയുള്ള ബോധ്യം : കാൻറർബെറി ആർച്ച് ബിഷപ്പ്

സ്വന്തം ലേഖകൻ

കോട്ടയം: വിദ്യാഭ്യാസം നമുക്ക് നൽകുന്നത് അന്തസ്സിനെ പറ്റിയുള്ള ബോധ്യം ആണെന്നും പഴയകാലത്തെ പഠിപ്പിക്കലുകളിൽ കൂടുതലും നാളെയെ പറ്റിയായിരുന്നു എന്നും, പുറകിലേക്ക് നോക്കേണ്ടത്
മുന്നിലേക്ക് പോകാൻ വേണ്ടി മാത്രമായിരിക്കണമെന്നും ആംഗ്ളിക്കൻ സഭാ പരമാദ്ധ്യക്ഷൻ കാൻറർബെറി ആർച്ച് ബിഷപ്പ് ജസ്റ്റിൻ വെൽബി. കോട്ടയം സിഎംഎസ് കോളേജ് ദ്വിശതാബ്ദി ആഘോഷത്തിന് പ്രൗഡഗംഭീരമായ സമാപനം കുറിച്ചുകൊണ്ട് നടന്ന സമ്മേളനത്തിൽ അനുഗ്രഹപ്രഭാഷണം നടത്തുകയായിരുന്നു ആർച്ച് ബിഷപ്പ്. വിദ്യാഭ്യാസം എന്നുള്ളത് സഭയുടെ അവിഭാജ്യ ഘടകമാണ്, ക്രിസ്ത്യാനി എന്ന നിലയിൽ എല്ലാവരും നല്ല ഗുരുക്കന്മാരായി മാറണം ദഹിക്കുന്ന സത്യങ്ങൾ അല്ല ദഹിക്കാത്ത സത്യങ്ങൾ ആയിരുന്നു ക്രിസ്തു പഠിപ്പിച്ചത്. അനീതി കണ്ട് മിണ്ടാതിരിക്കരുത്, സ്നേഹത്തിലും സമാധാനത്തിലും സഭകൾ നിലനിൽക്കണം. ആർച്ച് ബിഷപ്പ് പറഞ്ഞു. സിഎസ്ഐ മോഡറേറ്റർ ബിഷപ് തോമസ് കെ. ഉമ്മൻ അധ്യക്ഷത വഹിച്ചു മന്ത്രി തോമസ് ഐസക് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു ഉന്നതവും വ്യത്യസ്തവുമായ വിദ്യാഭ്യാസത്തിന് ശക്തമായ നേതൃത്വം നൽകിയ സഭയാണ് സിഎസ്ഐ സഭ, സാമൂഹിക പദ്ധതികൾ ഏറ്റെടുത്തു നടത്തുന്നതിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കണം മന്ത്രി പറഞ്ഞു. സിഎംഎസ് എസ് കോളേജ് കോളേജ് മൈതാനത്ത് നടന്ന സമ്മേളനത്തിൽ ദ്വിശതാബ്ദി സുവനീർ പത്മഭൂഷൺ ജസ്റ്റിസ് കെ ടി തോമസ് മഹാത്മാഗാന്ധി സർവ്വകലാശാല പ്രോ വൈസ് ചാൻസലർ ഡോ.സി.ടി അരവിന്ദ കുമാറിന് നല്കി പ്രകാശനം നിർവഹിച്ചു. സിഎംഎസിൻറെ 200 വർഷത്തെ ചരിത്രം വെളിപ്പെടുത്തുന്ന ഡോക്യുമെൻററി സംവിധായകൻ ജോഷി മാത്യു നഗരസഭ ചെയർപേഴ്സൺ ഡോ. പി.ആർ സോനക്ക് കൈമാറി പ്രകാശനം നിർവഹിച്ചു എൻഎസ്എസ് യൂണിറ്റ് നിർമിച്ചു നൽകുന്ന വീടിൻറെ താക്കോൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ കൈമാറി. കോളേജ് മുൻ പ്രിൻസിപ്പൽ ആയിരുന്നു റവ ഫിലിപ്പ് ലീക്ക് മഹാത്മാ ഗാന്ധി അയച്ച കത്ത് ആലേഖനം ചെയ്ത ഫലകം കോളേജ് ബർസാർ റവ.ജേക്കബ് ജോർജ്ജ് ആർച്ച് ബിഷപ്പിന് കൈമാറി.
തുടർന്ന് വിദ്യാർത്ഥികളുമായി ആർച്ച് ബിഷപ്പ് സംവാദിച്ചു. ജാതി വർണ്ണ വിവേചനത്തിന് പരിഹാരം ഉണ്ടോ എന്ന ചോദ്യത്തിന് ഒരു കാര്യം ഉണ്ട് എന്ന തിരിച്ചറിവാണ് ഇല്ല എന്ന മിഥ്യാ ധാരണയേക്കാൾ നല്ലത് എന്നും ദൈവത്തിന്റെ കാഴ്ചപ്പാടിൽ എല്ലാവരും തുല്യരാണ് എന്നും നിയമനിർമ്മാണത്തിലൂടെയും ഉൾക്കാഴ്ചയിലൂടെയും വിദ്യാഭ്യാസ ത്തിലൂടെയും ഇതിനെ മറികടക്കാമെന്നും ബിഷപ്പ് മറുപടി നല്കി.
സ്ത്രീകളോടുള്ള ലിംഗവിവേചനം പഴയത് പോലെ ഇന്നും നിലനിൽക്കുന്നു എന്നതിന്
പഴയത് ഒന്നും അപ്പാടെ പുതിയ തലമുറ സ്വീകരിക്കണമെന്നില്ല, പുതിയ തലമുറ യാഥാർത്ഥ്യങ്ങളോട് പൊരുത്തപ്പെട്ട് ജീവിക്കേണ്ടത് എന്നായിരുന്നു മറുപടി. കാവാലം നാരായണപ്പണിക്കർ രചിച്ച ദ്വിശതാബ്ദി ഗാനാലാപനവും ജോബ് കുര്യൻ അവതരിപ്പിച്ച കലാപരിപാടികളും നടന്നു. വൈസ് പ്രിൻസിപ്പൽ ഡോ.മിനി ചാക്കോ ദ്വിശതാബ്ദി റിപ്പോർട്ട് അവതരിപ്പിച്ചു. സിഎസ്ഐ മധ്യകേരള മഹായിടവക വൈദീക സെക്രട്ടറി റവ.ജോൺ ഐസക്, ആത്മായ സെക്രട്ടറി ഡോ സൈമൺ ജോൺ ട്രഷറാർ റവ. തോമസ് പായിക്കാട്, രജിസ്ട്രാർ ജേക്കബ് ഫിലിപ്പ്, സിഎംഎസ് കോളേജ് പ്രിൻസിപ്പാൾ ഡോ റോയ് സാം ഡാനിയേൽ, ആഘോഷകമ്മിറ്റി ചെയർമാൻ പ്രൊഫ.സി എ ഏബ്രഹാം എന്നിവർ പ്രസംഗിച്ചു.
രാവിലെ കോളേജ് കവാടത്തിൽ എത്തിയ ആർച്ച് ബിഷപ്പിന് ഗാഡ് ഓഫ് ഓണർ നൽകി ആദരിച്ചു .തുടർന്ന് ഘോഷയാത്രയിൽ കോളേജ് അധ്യാപകരും എൻഎസ്എസ് യൂണിറ്റ് അംഗങ്ങളും വിദ്യാർത്ഥികളും പങ്കെടുത്തു.വളരെ നേരത്തെ എത്തിയ മന്ത്രി തോമസ് ഐസക് ഇക്കണോമിക്സ് ക്ലാസിൽ അധ്യാപകരോടൊപ്പം കുട്ടികൾക്ക് ക്ളാസ്സുകൾ എടുത്തു. കോളേജ് ഗ്രേറ്റ് ഹാളിൽ സി.എസ്സ്.ഐ വൈദിക സഭാ ശുശ്രൂഷ ക സമ്മേളനവും നടന്നു. മഹായിടവക പാസ്റ്ററൽ ബോർഡ് സെക്രട്ടറി റവ.വിജു വർക്കി ജോർജ്ജ് നേതൃത്വം നല്കി. തന്റെ ആദ്യ കേരള സന്ദർശനത്തിനായി എത്തിയ ആർച്ച് ബിഷപ്പ് ജറുസലേം പള്ളിയിൽ മാർത്തോമ്മാ മെത്രാപ്പൊലീത്തയോടും ഭാരവാഹികളുമായി അൽപസമയം ചെലവഴിച്ചശേഷം
കേരള സമൂഹത്തോട് ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചശേഷം സി.എസ്സ്.ഐ മോഡറേറ്റർ ബിഷപ്പ് തോമസ് കെ.ഉമ്മനൊപ്പം ബാംഗ്ലൂരിലേക്ക് പോയി.