
ആലപ്പുഴ: ആലപ്പുഴ എടത്വ കോഴിമുക്ക് ഗവ. എൽപി സ്കൂളിലെ കുട്ടികൾ പെരുവഴിയിൽ. എൽപി സ്കൂളിലെ പഴയ കെട്ടിടത്തിന്റെ ഫിറ്റ്‌നസ് റദ്ദാക്കിയതോടെയാണ് കുട്ടികളുടെ പഠനം പെരുവഴിയിലായത്. പഴയ കെട്ടിടത്തിന്റെ അപകടവസ്ഥ ചൂണ്ടി കാണിച്ച് രക്ഷിതാവ് ഇന്നലെ പ്രതിഷേധിച്ചിരുന്നു. സംഭവം വാർത്തയായതോടെ എടത്വ പഞ്ചായത്ത് അധികൃതർ ഇന്ന് സ്കൂളിലെത്തി ഫിറ്റ്‌നസ് റദ്ദാക്കുകയായിരുന്നു. സ്കൂളിലെ പുതിയ കെട്ടിടത്തിന് ഇതുവരെ ഫിറ്റ്‌നസ് നൽകിയിട്ടില്ല. ഇതോടെ കുട്ടികളുടെ പെരുവഴിയിലായി. മുപ്പത് കുട്ടികളാണ് സ്കൂളിൽ പഠിക്കുന്നത്.
ആലപ്പുഴ എടത്വയിലെ കോഴിമുക്ക് ഗവ. എൽപി സ്കൂളിൽ അര നൂറ്റാണ്ടിലേറെ പഴക്കമുള്ള കെട്ടിടത്തിലാണ് കുട്ടികൾ പഠിക്കുന്നത്. കെട്ടിടത്തിൻ്റെ പട്ടിക ജീർണ്ണിച്ച അവസ്ഥയിലാണ്. കെട്ടിടത്തിന്‍റെ ഓടുകൾ മാറ്റിയിട്ട് വർഷങ്ങളായി. കുട്ടികൾക്ക് എന്ത് സുരക്ഷയാണ് ഉള്ളതെന്ന് ചോദിച്ചാണ് സ്കൂളിലെ പിടി എ വൈസ് പ്രസിഡന്റ് കൂടിയായ രക്ഷിതാവ് ഇന്നലെ പ്രതിഷേധം നടത്തിയത്. പുതിയതായി നിർമ്മിച്ച കെട്ടിടത്തിന് ഫിറ്റ്നസ് ഉറപ്പാക്കി കുട്ടികൾക്ക് സുരക്ഷ ഉറപ്പാക്കണമെന്നായിരുന്നു ആവശ്യം ഉയര്‍ന്നത്. പഴയ കെട്ടിടത്തിന് കൃത്യമായ പരിശോധന നടത്താതെയാണ് പഞ്ചായത്ത് ഈ വർഷം ഫിറ്റ്നസ് അനുവദിച്ചതെന്നും ആരോപണം ഉയര്‍ന്നിരുന്നു.
2022 ൽ 60 ലക്ഷം രൂപ മുടക്കി പുതിയതായി നിർമ്മിച്ച കെട്ടിടത്തിലേക്ക് ഇതുവരെ കുട്ടികളെ മാറ്റിയിട്ടില്ല. ഫിറ്റ്നസ് ലഭിക്കാത്തതാണ് കാരണം. കെട്ടിടത്തിൽ കൈവരികൾ സ്ഥാപിക്കുന്നത് ഉൾപ്പടെയുള്ള പ്രവർത്തികൾ ബാക്കി ഉള്ളതിനാലാണ് പഞ്ചായത്ത് ഫിറ്റ്നസ് നൽകാത്തത്. സ്കൂൾ അധികൃതർ നിരന്തരം ആവശ്യപ്പെട്ടതോടെ പിഡബ്ല്യുഡി 2.80 ലക്ഷം രൂപ കൂടി നിർമ്മാണ പ്രവർത്തികൾക്കായി അനുവദിച്ചിട്ടുണ്ട്. രണ്ട് മാസത്തിനുള്ളിൽ പുതിയ കെട്ടിടത്തിലേക്ക് കുട്ടികളെ മാറ്റാനാകുമെന്നാണ് സ്കൂൾ അധികൃതർ അറിയിച്ചത്. അതുവരെ കുട്ടികൾ അപകടവസ്ഥയിൽ തുടരുന്ന കെട്ടിടത്തിൽ പഠനം തുടരേണ്ടി വരുമെന്ന ആശങ്കയിലായിരുന്നു പ്രതിഷേധം. സംഭവം വാർത്തയായതോടെ പഴയ കെട്ടിടത്തിന്റെ ഫിറ്റ്നസ് കൂടി റദ്ദാക്കുകയായിരുന്നു പഞ്ചായത്ത് ചെയ്തത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group