
മലപ്പുറം: തിരൂരില്‍ വിദേശ രാജ്യങ്ങളിലെ ഡ്രൈവിംഗ് ലൈസൻസുള്ള പ്രവാസികള്‍ക്ക് ആള്‍മാറാട്ടം നടത്തി ഇന്ത്യൻ ലൈസൻസ് നല്‍കിയതായി കണ്ടെത്തി.
മലപ്പുറം വിജിലൻസ് സി.ഐ ജ്യോതീന്ദ്രകുമാറിന്റെ നേതൃത്വത്തില്‍ തിരൂർ ജോയിന്റ് ആർടിഒ ഓഫീസില്‍ നടത്തിയ പരിശോധനയിലാണ് ക്രമക്കേട് പുറത്തായത്. വിജിലൻസ് അന്വേഷണത്തില്‍ തിരൂർ ജോയിന്റ് ആർടിഒയുടെ സഹായത്തോടെ നിരവധി പേർക്ക് ലൈസൻസ് അനുവദിച്ചിട്ടുണ്ടെന്നും ഇതിന് വേണ്ടി ആർടിഒ ഓഫീസ് കേന്ദ്രീകരിച്ച് പ്രത്യേക സംഘം പ്രവർത്തിച്ചുവെന്നുമാണ് കണ്ടെത്തിയത്.
തിരൂർ, കോട്ടക്കല്‍, വളാഞ്ചേരി മേഖലകളിലെ ചില ഏജന്റുമാരും, ഡ്രൈവിംഗ് പരിശീലന കേന്ദ്രങ്ങളുടെ ഉടമകളും ചേർന്നാണ് ആള്‍മാറാട്ടത്തിലൂടെ ലൈസൻസ് ലഭ്യമാക്കിയതെന്നാണ് കണ്ടെത്തല്‍. വിദേശ ഡ്രൈവിംഗ് ലൈസൻസ് ഉള്ളവർക്ക് ഇന്ത്യയില്‍ ലേണിങ് പരീക്ഷ എഴുതിയാല്‍ ഡ്രൈവിംഗ് ടെസ്റ്റ് ഇല്ലാതെ ലൈസൻസ് ലഭിക്കാനുള്ള വ്യവസ്ഥയുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാല്‍ അപേക്ഷകർ നേരിട്ട് ഹാജരായി പരീക്ഷ എഴുതണമെന്ന നിയമം നിലനില്‍ക്കേ, തിരൂരില്‍ വിദേശത്തുള്ളവർക്കായി മറ്റുള്ളവർ ആള്‍മാറാട്ടം നടത്തി പരീക്ഷ എഴുതിയാണ് ലൈസൻസുകള്‍ നേടിയത് എന്ന് കണ്ടെത്തിയിട്ടുണ്ട്.
ഇത്തരം അപേക്ഷകള്‍ പരിശോധിക്കുകയും ലൈസൻസ് അനുവദിക്കുകയും ചെയ്യുന്നത് ജോയിന്റ് ആർടിഒയാണ്. അനധികൃതമായി ലൈസൻസ് നല്‍കുന്നതിനായി ഏജന്റുമാർ അപേക്ഷകരില്‍ നിന്ന് ഒരാള്‍ക്ക് 50,000 രൂപ വരെ ഈടാക്കിയിരുന്നതായും, ഇതില്‍ വലിയൊരു പങ്ക് ഉദ്യോഗസ്ഥർക്ക് കൈമാറിയതായും അന്വേഷണത്തില്‍ കണ്ടെത്തി. പരിശോധന റിപ്പോർട്ട് വിജിലൻസ് ഡയറക്ടർക്ക് കൈമാറുമെന്നും, കൂടുതല്‍ നടപടികള്‍ ഉടൻ ഉണ്ടാകുമെന്നും അന്വേഷണ സംഘം അറിയിച്ചു.



