
കൊച്ചി: എടയാർ വ്യവസായ മേഖലയില്‍ പാതാളം റെഗുലേറ്റർ കം ബ്രിഡ്ജിന് സമീപം തീപിടിത്തമുണ്ടായ സ്ഥാപനമായ സി.ജി ലൂബ്രിക്കന്റ്‌സ് അടച്ചുപൂട്ടാൻ നിർദേശം.
സുരക്ഷാവീഴ്‌ച കണ്ടെത്തിയതിനെത്തുടർന്ന് ഫാക്‌ടറീസ് ആന്റ് ബോയിലേഴ്‌സ് വകുപ്പാണ് നിർദേശം നല്‍കിയത്. സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കുംവരെ കമ്പനി തുറക്കരുതെന്നാണ് നിർദേശം. ഡിസംബറില്‍ നടത്തേണ്ട കോയില്‍ ടെസ്റ്റിംഗ് കമ്പനി നടത്തിയിട്ടില്ലെന്നും കണ്ടെത്തിയിരുന്നു.
സംഭവത്തില്‍ ഓയില്‍ കമ്പനിയുടെ ഭാഗത്ത് വീഴ്ച സംഭവിച്ചുവെന്ന് ജില്ലാ കളക്ടർ ജി. പ്രിയങ്ക കഴിഞ്ഞദിവസം ചൂണ്ടിക്കാട്ടിയിരുന്നു. അപകടത്തെക്കുറിച്ചുള്ള പ്രാഥമികാന്വേഷണത്തില്‍ ഇക്കാര്യം വ്യക്തമായെന്നും കൂടുതല്‍ അന്വേഷണത്തിന് പൊലീസിന് നിർദ്ദേശം നല്‍കിയിട്ടുണ്ടെന്നും അവർ അറിയിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തീപിടിത്തത്തില്‍ മരിച്ച ബീഹാർ സ്വദേശിയുടെ കുടുംബത്തിന് 15 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും തീരുമാനമായി. അസിസ്റ്റന്റ് ജില്ലാ കളക്‌ടർ പാർവതി ഗോപകുമാറിന്റെ സാന്നിദ്ധ്യത്തില്‍ നടന്ന ചർച്ചയിലാണ് തീരുമാനമായത്. ബീഹാർ ദർബംഗ സ്വദേശി ശത്രുഘ്നൻ മുഖ്യ (43) ആണ് അപകടത്തില്‍ മരിച്ചത്. ആറ് തൊഴിലാളികള്‍ക്കും പൊള്ളലേറ്റിരുന്നു.
വ്യാഴാഴ്ച രാവിലെ 9.40ഓടെയായിരുന്നു അപകടമുണ്ടായത്. കരി ഓയില്‍ ശുദ്ധീകരിച്ച് വാഹന ഓയില്‍ നിർമ്മിക്കുന്ന സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്. ആലുവ സ്വദേശി ആന്റോയാണ് ഉടമ. ബോയിലറിന് സമീപത്തുണ്ടായിരുന്ന പ്ളാസ്റ്റിക്ക് ബാരലുകള്‍ ചൂടേറ്റ് കത്തിയതിനെ തുടർന്നുണ്ടായ അഗ്നിബാധയാണ് പൊട്ടിത്തെറിക്ക് കാരണമെന്നാണ് നിഗമനം.
മൂന്ന് ഷിഫ്റ്റുകളിലായി നൂറോളം തൊഴിലാളികള്‍ ജോലി ചെയ്യുന്ന ഇവിടെ അപകടസമയം പത്തിലേറെ മലയാളികള്‍ ഉള്‍പ്പെടെ 33 പേരുണ്ടായിരുന്നു. ശബ്ദം കേട്ട് ഭൂരിഭാഗം തൊഴിലാളികളും ഓടിമാറിയതിനാല്‍ രക്ഷപ്പെട്ടു. പിന്നാലെ തീ ആളിപ്പടർന്നു. പ്ളാസ്റ്റിക്ക് ബാരലുകള്‍ക്ക് ആദ്യം തീപിടിച്ചപ്പോള്‍ ശത്രുഘ്നൻ അണയ്‌ക്കാൻ ശ്രമിച്ചപ്പോഴാണ് പൊള്ളലേറ്റതെന്നാണ് വിവരം.



