ഇടപ്പള്ളി മുതല്‍ അരൂര്‍ വരെ ആകാശപ്പാത..? ദേശീയപാതയില്‍ ഇടപ്പള്ളിക്കും അരൂരിനും ഇടയില്‍ ആകാശപാത നിര്‍മ്മിക്കുന്നത് ദേശീയപാത അതോറിറ്റിയുടെ പരിഗണനയില്‍; പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ തെക്കന്‍ ജില്ലകളിലേക്ക് പോകുന്നവര്‍ക്ക് ബ്ലോക്ക് ഒഴിവാക്കാം

Spread the love

സ്വന്തം ലേഖകന്‍

കൊച്ചി: ദേശീയപാതയില്‍ ഇടപ്പള്ളിക്കും അരൂരിനും ഇടയില്‍ ആകാശപാത നിര്‍മ്മിക്കുന്നത് ദേശീയപാത അതോറിറ്റിയുടെ പരിഗണനയില്‍. മൂന്ന് ഫ്‌ലൈ ഓവറുകള്‍ പണിതിട്ടും ആലപ്പുഴ റൂട്ടിലെ ഗതാഗതക്കുരുക്ക് കുറയാത്ത പശ്ചാത്തലത്തിലാണ് ആകാശപ്പാത നിര്‍മ്മിക്കാനുള്ള നീക്കവുമായി ദേശീയപാത അതോറിറ്റി മുന്നോട്ട് വന്നിരിക്കുന്നത്. ഇത് സംബന്ധിച്ച് ജനപ്രതിനിധികളുമായുള്ള പ്രാഥമിക ചര്‍ച്ച എന്‍എച്ച്എഐ പൂര്‍ത്തിയാക്കി.

ഇടപ്പള്ളി മുതല്‍ അരൂര്‍ വരെ 18 കിലോമീറ്റര്‍ ദൂരമാണുള്ളത്. 35 മിനിറ്റില്‍ താഴെ താണ്ടിയെത്താവുന്ന ഈ ദൂരം വാഹനങ്ങളുടെ എണ്ണം ഇരട്ടിച്ചതോടെ മൂന്ന് മണിക്കൂര്‍ വരെ നീളുന്ന സ്ഥിതിയായി. ഇടപ്പള്ളി കൂടാതെ പാലാരിവട്ടത്തും വൈറ്റിലയിലും കുണ്ടന്നൂരും ഫ്‌ളൈഓവര്‍ പണിതിട്ടും തിരക്കിന് ശമനമില്ലായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ സാഹചര്യത്തിലാണ് ദേശീയപാത 66ന്റെ വികസനത്തിന്റെ ഭാഗമായി ഈ പാതയില്‍ 18 കിലോമീറ്റര്‍ ആകാശപാത പണിയാനുള്ള ആലോചനകള്‍ സജീവമാകുന്നത്. കൂടുതല്‍ സ്ഥലം ഏറ്റെടുക്കേണ്ട ആവശ്യമില്ലാത്തതിനാല്‍ സംസ്ഥാന സര്‍ക്കാരിനും തലവേദനയാകില്ല.

ആകാശപാത യാഥാര്‍ത്ഥ്യമായാല്‍ ഇടപ്പള്ളി കടന്ന് തെക്കന്‍ ജില്ലകളിലേക്ക് പോകുന്നവര്‍ക്ക് ബ്ലോക്കില്‍ നിന്ന് രക്ഷനേടാം. മെട്രോ റെയിലും, നാല് മേല്‍പ്പാലങ്ങളുമുള്ള ഈ പാതയില്‍ ആകാശപാതയ്ക്ക് കൃത്യമായ രൂപരേഖ തയ്യാറാക്കി വരികയാണ്.