
ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ കേന്ദ്ര ഏജന്‍സിയായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടേറേറ്റിന്റെ (ഇഡി) അന്വേഷണം മന്ദഗതിയിലാണെന്ന് ആരോപിച്ച് യുഡിഎഫ്. റെയ്ഡ് നടത്തി 66 ദിവസമായിട്ടും തുടർ നടപടികൾ സ്വീകരിക്കുന്നില്ലെന്നും ആക്ഷേപമുയർന്നു. 2026 ജനുവരി 20ന് കേരളം, തമിഴ്‌നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലായി 21 കേന്ദ്രങ്ങളില്‍ ഇഡി പരിശോധന നടത്തിയിരുന്നു. എന്നിട്ടും കേസില്‍ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. ഫെബ്രുവരി 17ന് നടന്‍ ജയറാമിനെ ഇഡി ചോദ്യം ചെയ്തതും വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍, ഇത് കഴിഞ്ഞ് 40 ദിവസം പിന്നിട്ടിട്ടും അന്വേഷണത്തില്‍ കാര്യമായ മുന്നേറ്റമില്ലെന്നും യുഡിഎഫ് കുറ്റപ്പെടുത്തുന്നു.
കേസില്‍ തുടക്കത്തില്‍ ശക്തമായി രംഗത്ത് വന്ന ഇഡി പിന്നീട് എന്തുകൊണ്ട് നിശ്ശബ്ദമായെന്നാണ് കോണ്‍ഗ്രസ് മുന്നോട്ട് വക്കുന്ന പ്രധാനപ്പെട്ട ചോദ്യം. റെയ്ഡുകളും ചോദ്യം ചെയ്യലുകളും നടത്തിയ ശേഷം എന്തുകൊണ്ട് തുടര്‍നടപടികള്‍ ഉണ്ടായില്ലെന്നും ആരെ സഹായിക്കാനാണ് കേസ് നടപടി വൈകുന്നതെന്നും അവര്‍ ചോദിക്കുന്നു. ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ സത്യാവസ്ഥ പുറത്തുകൊണ്ടുവരാന്‍ അന്വേഷണം ശക്തമാക്കണമെന്നാണ് യുഡിഎഫ് ആവശ്യപ്പെടുന്നത്.


