ബിനീഷ് കോടിയേരി അറസ്റ്റിൽ ; കോടിയേരി പുത്രനെ എൻഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്തത് മൂന്ന് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷം ; രണ്ട് വിക്കറ്റുകൾ തെറിച്ചതോടെ ന്യായീകരണ കാപ്‌സ്യൂൾ തേടി സി.പി.എം
സ്വന്തം ലേഖകൻ
ബെംഗളൂരു: ഏറെ വിവാദങ്ങൾക്കിടയിൽ സ്വർണ്ണക്കടത്ത് കേസിൽ എം ശിവശങ്കരനെ എൻഫോഴസ്‌മെന്റ് അറസ്റ്റ് ചെയ്തതിന് പിന്നാലെ മയക്കുമരുന്ന് കേസിൽ ബിനീഷ് കോടിയേരിയേയും എൻഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്തു.
ലഹരിമരുന്നു കേസുമായി ബന്ധപ്പെട്ട് മൂന്ന് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് ചെയ്തത്. കേസുമായി ബന്ധപ്പെട്ട് ഇത് രണ്ടാം തവണയാണ് ബിനീഷിനെ ഇഡി ചോദ്യം ചെയ്തത്.
സിറ്റി സിവിൽ കോടതിയിലേക്കാണ് ബിനീഷിനെ കൊണ്ടു പോയിരിക്കുന്നത്.ഇവിടെ നിന്നും 4 ദിവസത്തേ കസ്റ്റഡിയാണ് എൻഫോഴ്സ്മെൻറ് ആവശ്യപ്പെട്ടിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ചോദ്യം ചെയ്യലിനായി പതിനൊന്നു മണിയോടെയാണ് ഇ.ഡി. സോണൽ ഓഫീസിൽ ബിനീഷ് കോടിയേരി എത്തിയത്. നേരത്തെ ഒക്ടോബർ ആറിനാണ് ബിനീഷ് കോടിയേരിയെ ഇ.ഡി. ആദ്യം ചോദ്യം ചെയ്യലിനായി വിളിപ്പിച്ചത്.
കേസിൽ ബിനീഷിനെ നേരത്തേ ചോദ്യം ചെയ്തതിന് ശേഷം ആ മൊഴികളുടെ അടിസ്ഥാനത്തിൽ ജയിലിൽ കഴിയുന്ന അനൂപ് മുഹമ്മദിനെ ഇ.ഡി. ചോദ്യം ചെയ്തിരുന്നു. അനൂപ് നൽകിയ മൊഴിയിൽ പൊരുത്തക്കേടുകൾ കണ്ടതിനെ തുടർന്നാണ് ഇ.ഡി.വീണ്ടും ബിനീഷിനെ ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തിയത്.
അനൂപിന് ഒപ്പമിരുത്തി ചോദ്യം ചെയ്യാൻ ബിനീഷിനെ വിളിച്ചിരുന്നു. എന്നാൽ ആരോഗ്യ കാരണങ്ങൾ ചൂണ്ടിക്കാണിച്ച് ബിനീഷ് എത്തിയില്ല. ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളാണ് ഇ.ഡി.അന്വേഷിക്കുന്നത്.
അനൂപ് മുഹമ്മദിന്റെ മൊഴികളെത്തുടർന്നാണ് ബെംഗളൂരു ലഹരിമരുന്ന് കേസിന്റെ അന്വേഷണം ബിനീഷ് കോടിയേരിയിലേക്കും എത്തിയത്. ബിനീഷ് കോടിയേരി തനിക്ക് സാമ്പത്തിക സഹായം നൽകിയിട്ടുണ്ടെന്ന് അനൂപ് നേരത്തെ തന്നെ മൊഴി നൽകിയിരുന്നു. അനൂപിന് പണം കടമായി നൽകിയിട്ടുണ്ടെന്ന് ബിനീഷും സമ്മതിച്ചിരുന്നു.