
ഉറക്കത്തിനിടെയുള്ള കൂർക്കംവലി മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുക മാത്രമല്ല, ഉറക്ക വൈകല്യമായ സ്ലീപ് അപ്നിയയോട് കൂർക്കംവലിക്ക് നേരിട്ട് ബന്ധവുമുണ്ട്. കൂർക്കംവലി അധികമാകുന്നത് സ്ലീപ് അപ്നിയയ്ക്കുള്ള സാധ്യത വർധിപ്പിക്കുമെന്നാണ് വിദഗ്ധര് പറയുന്നത്. ഉറക്കത്തിനിടെ ശ്വാസോച്ഛാസം ആവർത്തിച്ചു നിൽക്കുകയും ആരംഭിക്കുകയും ചെയ്യുന്ന ഉറക്ക തകരാറാണ് സ്ലീപ് അപ്നിയ.
എന്നാൽ ഈ കൂർക്കവലി കുറയ്ക്കാൻ നിങ്ങളുടെ അടുക്കളയിൽ തന്നെ പരിഹാരമുണ്ട്. ചീസ് കഴിക്കുന്നത് കൂർക്കംവലി കുറയ്ക്കാൻ സഹായിക്കുമെന്ന് സ്ലീപ് മെഡിസിൻ ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ വ്യക്തമാക്കുന്നു. യുകെയിൽ 400,000 ആളുകളുടെ ഡയറ്റിനെ അടിസ്ഥാനപ്പെടുത്തിയാണ് പഠനം നടത്തിയത്. ഇതിൽ ചീസ് പതിവായി കഴിക്കുന്നവരിൽ കൂർക്കംവലി മൂന്നിലൊന്ന് ശതമാനമായി കുറഞ്ഞതായി ഗവേഷകർ പറയുന്നു. ഇതിൽ സ്ലീപ് അപ്നിയയുടെ സാധ്യത 28 ശതമാനം വരെ കുറഞ്ഞതായും പഠനത്തിൽ വ്യക്തമാക്കുന്നു.
പ്രോട്ടീൻ, കാൽസ്യം, വിറ്റാമിൻ ബി12, ആരോഗ്യകരമായ കൊഴുപ്പ് എന്നിവ അടങ്ങിയ ചീസ് പക്ഷെ അമിതമായി കഴിക്കുന്നത് ശരീരത്തിൽ കലോറി കൂട്ടാനും സോഡിയന്റെ അളവു വർധിപ്പിക്കാനും കാരണമായേക്കും. അതിനാൽ മിതമായ അളവിൽ ചീസ് ദിവസവും കഴിക്കാമെന്നും പഠനം പറയുന്നു. അഡ്വാൻസസ് ഇൻ ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച മറ്റൊരു പഠനത്തിൽ ചീസ് സ്ട്രോക്ക് സാധ്യതയും സിവിഡി മരണനിരക്കും കുറയ്ക്കുമെന്ന് പറയുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്താണ് സ്ലീപ് അപ്നിയ
ഉറക്കത്തിനിടെ പെട്ടെന്ന് ശ്വാസോച്ഛാസം ആവർത്തിച്ചു നിൽക്കുകയും ആരംഭിക്കുകയും ചെയ്യുന്ന ഉറക്ക തകരാറാണ് സ്ലീപ് അപ്നിയ. രണ്ട് തരത്തിൽ സ്ലീപ് അപ്നിയ കാണാപ്പെടാറുണ്ട്. സ്ലീപ് അപ്നിയയുടെ ഏറ്റവും സാധാരണമായ രൂപമാണ് ഒബ്‌സ്ട്രക്റ്റീവ് സ്ലീപ് അപ്നിയ (ഒഎസ്എ). തൊണ്ടയിലെ പേശികൾ വിശ്രമിക്കുകയും ശ്വാസകോശത്തിലേക്കുള്ള വായു പ്രവാഹം തടസപ്പെടുകയും ചെയ്യുന്ന അവസ്ഥയാണ് ഒഎസ്എ. ഒബ്‌സ്ട്രക്റ്റീവ് സ്ലീപ് അപ്നിയ (OSA) ഹൃദ്രോഗ സാധ്യത കൂട്ടുന്നു. തലച്ചോറിൽ നിന്ന് കൃത്യമായ സിഗ്നൽ അയക്കാത്തതാണ് സെൻട്രൽ സ്ലീപ് അപ്നിയ എന്ന അവസ്ഥയ്ക്ക് പിന്നിൽ.
കൂർക്കംവലി, ഉറക്കത്തിൽ ശ്വാസം മുട്ടൽ, വരണ്ട വായ, രാവിലെ തലവേദന, ഉറങ്ങാൻ ബുദ്ധിമുട്ട്, അമിതമായ പകൽ ഉറക്കം, ഉണർന്നിരിക്കുമ്പോൾ ശ്രദ്ധിക്കാൻ ബുദ്ധിമുട്ട്, മാനസിക അസ്വസ്ഥത എന്നിവയെല്ലാം സ്ലീപ് അപ്നിയയുടെ ലക്ഷണമാകാം.
നേരത്തെ കൂർക്കംവലിയുള്ളവർ ചീസ് ഉൾപ്പെടെയുള്ള പാലുൽപ്പന്നങ്ങൾ ഒഴിവാക്കണമെന്ന് നിർദേശിച്ചിരുന്നു. ഇത് മ്യൂക്കസ് ഉൽപാദനം വർധിപ്പിക്കുകയും ശ്വാസനാളത്തെ തടസ്സപ്പെടുത്തുകയും ചെയ്യുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാൽ ചീസിന് ടെസ്റ്റോസ്റ്റിറോൺ അളവ് വർധിപ്പിക്കാനും രക്തസമ്മർദം കുറയ്ക്കാനും സഹായിക്കും. ഇത് കൂർക്കംവലി ലഘൂകരിക്കുമെന്നും ചൈനയിലെ ചെങ്‌ഡു സർവകലാശാലയിലെ വിദഗ്ധർ അഭിപ്രായപ്പെടുന്നു.



