
മസ്കറ്റ്: കുരിശുമരണത്തിന് ശേഷം മൂന്നാം നാളില്‍ ക്രിസ്തുവിന്റെ ഉയിർപ്പിനെ അനുസ്മരിച്ച് ഒമാനിലെ ക്രൈസ്തവ വിശ്വാസികള്‍ ഭക്തിനിർഭരമായി ഈസ്റ്റർ ആഘോഷിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ദേവാലയങ്ങളില്‍ നിരവധി വിശ്വാസികളെത്തി. ഈസ്റ്ററിനോടനുബന്ധിച്ച് മസ്കറ്റ്, ഗാലാ, സലാല, സുഹാർ എന്നിവിടങ്ങളിലെ ദേവാലയങ്ങളില്‍ ശനിയാഴ്ച രാത്രി മുതല്‍ ഞായറാഴ്ച പുലർച്ചെ വരെ പ്രത്യേക ആരാധനകളും ശുശ്രൂഷകളും നടന്നു. ഒമാന്റെ ഉള്‍പ്രദേശങ്ങളില്‍ നിന്നടക്കം നൂറുകണക്കിന് വിശ്വാസികളാണ് ഇത്തവണയും പ്രാർത്ഥനകളില്‍ പങ്കുചേർന്നത്.
വിവിധ ദേവാലയങ്ങളില്‍ നടന്ന ഈസ്റ്റർ ശുശ്രൂഷകള്‍ക്ക് മെത്രാപ്പോലീത്താമാരും വൈദികരും നേതൃത്വം നല്‍കി. മസ്കറ്റ് മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവകയില്‍ ഡോ. ജോസഫ് മാർ ദീവന്നാസ്യോസ്, സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ ഗീവർഗീസ് മാർ സ്തേഫാനോസ്, സുഹാർ സെന്റ് ജോർജ് ഓർത്തഡോക്സ് ഇടവകയില്‍ ഡോ. ഗബ്രിയേല്‍ മാർ ഗ്രീഗോറിയോസ്, സലാല സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയില്‍ വൈദികർ എന്നിവർ ശുശ്രൂഷകള്‍ക്ക് കാർമ്മികത്വം വഹിച്ചു.
അൻപത് ദിവസത്തെ കഠിനമായ വ്രതാനുഷ്ഠാനങ്ങള്‍ക്കൊടുവിലാണ് വിശ്വാസികള്‍ ഈസ്റ്റർ തിരുനാള്‍ ആചരിക്കുന്നത്. ത്യാഗത്തിന്റെയും പുനരുജ്ജീവനത്തിന്റെയും സന്ദേശം പകർന്നു നല്‍കുന്ന ഈ തിരുനാള്‍ വിശ്വാസികള്‍ക്ക് ആത്മീയ പുതുജീവനത്തിന്റെ പ്രതീകമായി മാറി. കുടുംബാംഗങ്ങളോടൊപ്പം പ്രാർത്ഥനകളിലും ആഘോഷങ്ങളിലും പങ്കുചേർന്ന വിശ്വാസികള്‍ പരസ്പരം ഈസ്റ്റർ ആശംസകള്‍ നേർന്ന് ദിനം ആഘോഷിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group


