‘ആര് ജയിക്കും?’ ജയരാജ പോരില്‍ തീരുമാനത്തിന് സാധ്യത; സിപിഎം സംസ്ഥാന സമിതി യോഗം ഇന്നും നാളെയും
സ്വന്തം ലേഖകൻ
തിരുവനന്തപുരം:സിപിഎം സംസ്ഥാന സമിതി യോഗം ഇന്നും നാളെയുമായി നടക്കും. ഇപി ജയരാജനെതിരായ അനധികൃത സ്വത്ത് സമ്പാദന ആരോപണത്തിന് ശേഷമുള്ള ആദ്യ സിപിഎം സംസ്ഥാന സമിതിയോഗമാണ് ഇന്ന് തിരുവനന്തപുരത്ത് നടക്കുന്നത്.ഇപിക്കെതിരെ ഗുരുതര ആരോപണമുന്നയിച്ച പി ജയരാജന്‍ പരാതി എഴുതി നല്‍കാത്ത സാഹചര്യത്തില്‍ പാര്‍ട്ടി എന്ത് നിലപാടെടുക്കുമെന്നത് ഇന്നറിയാം.
സംഘടനാ വിഷയങ്ങളാണ് പ്രധാന അജണ്ട.തൃക്കാക്കര തെരഞ്ഞെടുപ്പ് തോല്‍വി,ലഹരി കടത്ത്, പാലക്കാട്, ആലപ്പുഴ ജില്ലകളില്‍ പാര്‍ട്ടി സമ്മേളനങ്ങളിലെ വിഭാഗീയത എന്നിവ അന്വേഷിച്ച കമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍ സംസ്ഥാന സമിതി ചര്‍ച്ച ചെയ്യും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം പി.ജയരാജന്‍ ഇപി ജയരാജനെതിരെ ഉന്നയിച്ച അതീവഗുരുതര സ്വഭാവമുള്ള ആരോപണങ്ങള്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ ഇപി നിഷേധിച്ചിരുന്നു.
കണ്ണൂരിലെ ആയുര്‍വേദ റിസോര്‍ട്ടുമായി തനിക്ക് ബന്ധമില്ലെന്നും മകനും ഭാര്യക്കുമാണ് ബന്ധമെന്നും,എല്ലാ കാര്യങ്ങളും പാര്‍ട്ടിയെ അറിയിച്ചാണ് ചെയ്തിരുന്നതെന്നും ഇപി വിശദീകരിച്ചിരുന്നു.സംസ്ഥാന സമിതിയില്‍ തന്‍റെ നിലപാട് അറിയിക്കാനാണ് സെക്രട്ടേറിയറ്റ് യോഗം അന്ന് നിര്‍ദ്ദേശിച്ചത്. പക്ഷേ പി ജയരാജന്‍ വിഷയത്തില്‍ നിന്ന് പിന്നോട്ട് പോയി. രേഖാമൂലം പരാതി തന്നാല്‍ ചര്‍ച്ച ചെയ്യാമെന്ന് സംസ്ഥാന സെക്രട്ടറി അറിയിച്ചിട്ടും പി ജയരാജന്‍ പരാതി എഴുതി കൊടുത്തിട്ടില്ല.
ആരോപണത്തില്‍ നിന്ന് പിന്മാറണമെന്ന് മുഖ്യമന്ത്രിയടക്കം നേതാക്കള്‍ ആവശ്യപ്പെട്ടതനുസരിച്ച് പി.ജയരാജന്‍ മൗനം പാലിക്കുന്നുവെന്നാണ് വിവരം.ഈ വിഷയം സംസ്ഥാന സമിതിയുടെ പരിഗണനക്ക് വരുമോ, നേരത്തേ പാര്‍ട്ടി തീരുമാനിച്ചതനുസരിച്ച് ഇ പി ജയരാജന്‍ സംസ്ഥാനസമിതിയില്‍ വിശദീകരിക്കുമോ എന്നെല്ലാം ഇന്നും നാളെയുമായി അറിയാം.
ഇന്ധനസെസ് വിഷയവും പ്രതിപക്ഷ സമരവും സംസ്ഥാന സമിതി ചര്‍ച്ച ചെയ്യും. കേന്ദ്രസര്‍ക്കാരിന്‍റെ കേരളവിരുദ്ധ നിലപാടാണ് സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കിയതെന്ന് പ്രചരണം ശക്തമാക്കാനായിരിക്കും പാര്‍ട്ടി തീരുമാനം. സംസ്ഥാന സെക്രട്ടറിയുടെ നേതൃത്വത്തില്‍ നടത്താനിരിക്കുന്ന പ്രചരണ ജാഥയില്‍ ഇത് പ്രധാന വിഷയമായി ഉയര്‍ത്തിക്കാട്ടാനും സിപിഎം സംസ്ഥാന സമിതി തീരുമാനിച്ചേക്കും.