ട്രാഫിക് നിയമലംഘനത്തിന് പിഴ അടയ്ക്കാൻ വാട്സാപ്പ് സന്ദേശമെത്തും; ആര്‍ടിഒ ട്രാഫിക് ചെലാനെന്ന പേരില്‍ ആപ്ലിക്കേഷൻ; ക്ലിക്ക് ചെയ്യ്താൽ ഉടൻ അക്കൗണ്ട് കാലി; തൃശൂര്‍ സ്വദേശിക്ക് നഷ്ടമായത് 26,000 രൂപ; പരാതി നൽകിയവരിൽ ഒരു ലക്ഷത്തിലേറെ നഷ്ടമായവരും; മോട്ടോര്‍ വാഹന വകുപ്പിന്റെ മുന്നറിയിപ്പുണ്ടായിട്ടും ഇ-ചെല്ലാന്‍ തട്ടിപ്പിനിരയാകുന്നത് നിരവധി പേർ…!

Spread the love

കൊച്ചി: ട്രാഫിക് നിയമലംഘനം നടത്തിയതിനാല്‍ പിഴ അടയ്ക്കണമെന്ന് കാണിച്ച്‌ വ്യാജ സന്ദേശങ്ങള്‍ വാട്സാപ്പിലൂടെ പ്രചരിപ്പിച്ച്‌ നടത്തുന്ന തട്ടിപ്പ് സജീവമാകുന്നു.

മോട്ടോര്‍ വാഹന വകുപ്പില്‍ നിന്നാണെന്ന വ്യാജേനയാണ് സന്ദേശമെത്തുന്നുന്നത്. സന്ദേശത്തോടൊപ്പം ആർടിഒ ട്രാഫിക് ചെലാനെന്ന പേരില്‍ ആപ്ലിക്കേഷനും ഉണ്ടാകും.

പിഴയടയ്ക്കനായി സന്ദേശത്തിലെ ഈ ആപ്ലിക്കേഷനില്‍ ക്ലിക്ക് ചെയ്യുന്നവർക്ക് ബാങ്ക് അക്കൗണ്ടില്‍ നിന്നും കാശ് നഷ്ടമാകുന്നതായാണ് പരാതി. നിരവധി പേർ തട്ടിപ്പിനിരയായെന്നാണ് മോട്ടോർ വാഹന വകുപ്പും സ്ഥിരീകരിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതുമായി ബന്ധപ്പെട്ട് മോട്ടോർ വാഹന വകുപ്പ് നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. മോട്ടോർ വാഹന വകുപ്പോ, പോലീസോ വാട്ട്സ്‌അപ്പിലേക്ക് ചലാൻ വിവരങ്ങള്‍ അയക്കാറില്ലെന്ന് വ്യക്തമാക്കിയിരുന്നു.

മോട്ടോർ വാഹന വകുപ്പില്‍ നിന്നാണെന്ന വ്യാജേനെയെത്തിയ സന്ദേശത്തിലെ ആപ്ലിക്കേഷനില്‍ ക്ലിക്ക് ചെയ്ത തൃശൂർ പട്ടിക്കാട് സ്വദേശിക്ക് 26,000 രൂപയാണ് നഷ്ടമായത്. പരാതിയുമായി പോലീസ് സ്റ്റേഷനില്‍ എത്തിയപ്പോഴാണ് തന്നെ കൂടാതെ 4 പേരുടെ പരാതിയില്‍ കേസെടുത്തിട്ടുണ്ടെന്ന വിവരം പരാതിക്കാരൻ മനസ്സിലാക്കുന്നത്.

പരാതിക്കാരൻ പറയുന്നതിങ്ങനെ:

‘പരിവാഹന്റെ പേരിലാണ് വാട്സാപ്പില്‍ സന്ദേശമെത്തിയത്. വാഹനത്തിന്റെ നമ്ബറും വിവരങ്ങളും സന്ദേശത്തിലുണ്ടായിരുന്നു. താഴെയായി ഒരു ആപ്ലിക്കേഷന്റെ ഫയലുമുണ്ടായിരുന്നു. സമൻസ് ആണെന്ന് കരുതിയാണ് ഫയല്‍ ഓപ്പണ്‍ ആക്കിയത്. തുടർന്ന് ആപ്ലിക്കേഷൻ ഇൻസ്റ്റാള്‍ ചെയ്തു. അക്കൗണ്ടിലുണ്ടായിരുന്ന 26,595 നഷ്ടമായി. പരാതി കൊടുക്കാനായി സ്റ്റേഷനില്‍ എത്തിയപ്പോഴാണ് നാലോളം സമാനമായ കേസുകള്‍ ഉള്ളതായി മനസ്സിലായത്.’

‘Traffic Violation Notice’ എന്ന പേരില്‍ മലയാളത്തില്‍ വരുന്ന സന്ദേശത്തോടൊപ്പം ‘mParivahan’ എന്ന പേരിലുള്ള APK ഫയല്‍ അറ്റാച്ച്‌ ചെയ്യുന്നതായി പരാതികള്‍ ഉയരുന്നതായാണ് മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചിരുന്നു. ആദ്യം ഇംഗ്ലീഷിലായിരുന്നു ഇത്തരം തട്ടിപ്പുകള്‍, എന്നാല്‍ ഇപ്പോള്‍ മലയാളത്തിലും പ്രചരണം തുടങ്ങിയിരിക്കുകയാണ്. വ്യാജമായ ഈ ഫയല്‍ ഫോണ്‍ ഓപ്പണ്‍ ചെയ്താല്‍ ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, പാസ്‌വേഡുകള്‍ തുടങ്ങിയവ ഹാക്ക് ചെയ്യപ്പെടാനുള്ള സാധ്യതയുണ്ടെന്ന് വകുപ്പിന്റെ മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.