play-sharp-fill
പൊലീസ് സമ്മർദം ശക്തമായി: സമര വാർത്ത അറിഞ്ഞത് നാട്ടിൽ മടങ്ങിയെത്തിയപ്പോൾ; മാനസിക സമ്മർദവും നാണക്കേടും താങ്ങാനായില്ല; ഒരു മുഴം കയറിൽ ജീവൻ ഒടുക്കി കൊലക്കേസ് പ്രതിയായ ഡിവൈഎസ്പി; ഡിജിപിയെയും മുൾ മുനയിൽ നിർത്തി ഹരികുമാറിന്റെ ആത്മഹത്യ

പൊലീസ് സമ്മർദം ശക്തമായി: സമര വാർത്ത അറിഞ്ഞത് നാട്ടിൽ മടങ്ങിയെത്തിയപ്പോൾ; മാനസിക സമ്മർദവും നാണക്കേടും താങ്ങാനായില്ല; ഒരു മുഴം കയറിൽ ജീവൻ ഒടുക്കി കൊലക്കേസ് പ്രതിയായ ഡിവൈഎസ്പി; ഡിജിപിയെയും മുൾ മുനയിൽ നിർത്തി ഹരികുമാറിന്റെ ആത്മഹത്യ

തേർഡ് ബ്യൂറോ

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ യുവാവിനെ റോഡിലേയ്ക്ക് എറിഞ്ഞു കൊലപ്പെടുത്തിയ കേസിൽ ഡിവൈഎസ്പി ആത്മഹത്യ ചെയ്തത് കടുത്ത മാനസിക സമ്മർദത്തെ തുടർന്നെന്ന് സൂചന. കൊലക്കേസിൽ പ്രതിചേർക്കപ്പെട്ട ഡിവൈഎസ്പി ഒൻപത് ദിവസത്തിനു ശേഷം ആത്മഹത്യ ചെയ്തതോടെ പൊലീസും പ്രതിരോധത്തിലായിട്ടുണ്ട്. ഹരികുമാറിനെ ഇതുവരെ സംരക്ഷിച്ചിരുന്നത് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബഹ്റയാണെന്ന് ആരോപണവുമായി കൊല്ലപ്പെട്ട സനലിന്റെ ബന്ധുക്കളും, ആക്ഷൻ കൗൺസിലും രംഗത്ത് എത്തിയിട്ടുണ്ട്. ഇത് സേനയെ കൂടുതൽ പ്രതിരോധത്തിലാക്കുന്നു.
ഒൻപത് ദിവസം മുൻപാണ് നെയ്യാറ്റിൻകര സ്വദേശി സനൽകുമാറിനെ റോഡിലേയ്ക്ക് തള്ളിയിട്ട് ഡിവൈഎസ്പി ഹരികുമാർ കൊലപ്പെടുത്തിയത്. സംഭവത്തിനു ശേഷം കല്ലമ്പലത്തെ വീട്ടിലെത്തിയ ഡിവൈഎസ്പി സംഭവത്തെപ്പറ്റി ഭാര്യയോടെ വ്യക്തമാക്കിയ ശേഷമാണ് ഒളിവിൽ പോയത്. ഇതിനിടെ റൂറൽ എസ്.പിയെ വിളിച്ചു സംഭവം വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ഹരികുമാർ ഒളിവിൽ പോകുന്ന വിവരം പൊലീസ് കൃത്യമായി അറിഞ്ഞു എന്നത് പൊലീസ് സേനയെ പ്രതിരോധത്തിലാക്കുന്നുണ്ട്. റൂറൽ എസ്പി അടക്കമുള്ളവർ അറിഞ്ഞാണ് ഹരികുമാർ ഒളിവിൽ പോയതെന്നാണ് ഇത് നൽകുന്ന സൂചന. പൊലീസിലെ ഉന്നതർ അടക്കമുള്ളവർക്ക് ഹരികുമാറുമായി ബന്ധമുള്ളതാണ് ഇപ്പോൾ അറസ്റ്റ് വൈകിപ്പിച്ചതെന്നാണ് സൂചന.
സംഭവത്തിനു ശേഷം ഒളിവിൽ പോയ ഹരികുമാർ നിരവധി തവണ ഫോൺ നമ്പരുകൾ മാറിയിരുന്നു. പൊലീസ് ബുദ്ധിയിൽ തന്നെയാണ് ഇദ്ദേഹം ഒളിവ് ജീവിതം നയിച്ചിരുന്നതും. തമിഴ്നാട്ടിൽ ഹരികുമാർ ഒളിവിൽ കഴിയുന്നതായി പ്രചാരണം നടന്നപ്പോൾ, ഹരികുമാർ കേരള കർണ്ണാടക അതിർത്തിയിലാണ് കഴിഞ്ഞിരുന്നത്. കൃത്യമായ നിർദേശങ്ങൾ ഉന്നതങ്ങളിൽ നിന്ന് ലഭിച്ചതുകൊണ്ടു തന്നെയാണ് സംഭവം നടന്ന് ഒൻപത് ദിവസത്തോളം പൊലീസിന്റെയും അന്വേഷണ സംഘത്തിന്റെയും കണ്ണു വെട്ടിച്ച് ഹരികുമാറിനു കഴിയാൻ സാധിച്ചത്.
നിയമോപദേശത്തിനും, ഒളിവിൽ കഴിയുമ്പോഴുള്ള ആവശ്യങ്ങൾക്കും വേണ്ടി മാത്രമാണ് ഹരികുമാർ മൊബൈൽ ഫോൺ ഓൺ ചെയ്തിരുന്നത്. ഈ മൊബൈൽ ഫോണിൽ നിന്നു നിരവധി ആളുകളെ ഹരികുമാർ ബന്ധപ്പെടുകയും ചെയ്തിരുന്നു. ഒളിവിലാണെങ്കിലും പൊലീസിന്റെ നിരീക്ഷണത്തിലാണ് ഹരികുമാറെന്നായിരുന്നു ഉന്നത പൊലീസ് വൃത്തങ്ങൾ അവകാശപ്പെട്ടിരുന്നത്. ഒളിവിൽ കഴിഞ്ഞിരുന്ന സമയത്ത് കേരളത്തിൽ നടക്കുന്ന വാർത്തകളും മറ്റും ഹരികുമാർ അറിഞ്ഞിരുന്നില്ലന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചനകൾ.
ഞായറാഴ്ച രാത്രിയിൽ കല്ലമ്പലത്തെ വീട്ടിലെത്തിയപ്പോഴാണ് ഹരികുമാർ നാട്ടിൽ നടക്കുന്ന പ്രതിഷേധങ്ങളുടെ അടക്കം വിവരമറിഞ്ഞതെന്നാണ് സൂചന. കേസിലെ അന്വേഷണ സംഘത്തിന്റെ പൂർണ നിരീക്ഷണത്തിലായിരുന്നു കല്ലമ്പലത്തെ ഹരികുമാറിന്റെ വീട്. ഇതടക്കം ഹരികുമാർ പോകാൻ സാധ്യതയുള്ള എല്ലാ വീടുകളും പൊലീസ് നീരക്ഷണത്തിലാണെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ അവകാശവാദം. എന്നാൽ, ഇതെല്ലാം പൊളിയുന്നതാണ് ഹരികുമാറിന്റെ ആത്മഹത്യയോടെ കാണുന്നത്. പൊലീസ് വളഞ്ഞ വീടിനുള്ളിൽ കൊലക്കേസ് പ്രതിയായ ഡിവൈഎസ്പി കയറിയത് പൊലീസിനെയും അന്വേഷണ സംഘത്തെയും സംസ്ഥാന പൊലീസ് മേധാവിയെയും ഒരു പോലെ പ്രതിരോധത്തിലാക്കി.